കൊട്ടാരക്കര: പുഴുത്ത പച്ചരി വൃത്തിയാക്കി ചാക്കിലാക്കി വീണ്ടും റേഷന്‍ കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കൊട്ടാരക്കര അവണൂര്‍ സപ്ലൈക്കോ എന്‍എഫ്എസ്എ മൂന്നാം നമ്പര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പുഴുത്ത പച്ചരി അണുനശികരണം നടത്തി അരിപ്പ ഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും ചാക്കിലാക്കി റേഷന്‍ കടകളില്‍ എത്തിക്കാനായിരുന്നു ശ്രമം.
കഴിഞ്ഞ മാസം നെടുവത്തൂര്‍, തേവലപുറം ഭാഗങ്ങളില്‍ റേഷന്‍കടയില്‍ നിന്ന് ലഭിച്ച പച്ചരി പുഴുനിറഞ്ഞതും പഴകി ഉപയോഗിക്കാന്‍ പറ്റാത്തതുമായിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍കുമാര്‍ കൊട്ടാരക്കര എന്‍എഫ്എസ്എ ഗോഡൗണ്‍ പരിശോധിച്ച ശേഷം അരി വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരുന്നു. റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്ത് ഗോഡൗണില്‍ എത്തിക്കുകയും ചെയ്തു.
ഗോഡൗണില്‍ എത്തിച്ച പച്ചരി, അണുനശികരണം ചെയ്ത് അരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉപയോഗിച്ച് പുതിയ ചാക്കുകളിലാക്കുകയായിരുന്നു. പഴകിയ അരി വൃത്തിയാക്കുന്ന സംഭവം നാട്ടുകാര്‍ ബിജെപിപ്രവര്‍ത്തകരെ അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വരുന്നതറിഞ്ഞ് തൊഴിലാളികള്‍ ഗോഡൗണ്‍ പൂട്ടി രക്ഷപെട്ടു.
ബിജെപി പ്രവര്‍ത്തകര്‍ താലൂക്ക്, ജില്ലാ സപ്ലൈ ഓഫിസര്‍ മാരെ ബന്ധപെട്ടെങ്കിലും എല്ലാവരും ഒഴിഞ്ഞു മാറി. പിന്നീട് ഗോഡൗണ്‍ മാനേജരെ ബന്ധപ്പെട്ട് ഗോഡൗണ്‍ തുറപ്പിച്ചത്തോടെ പഴകിയ അരി അരിച്ചതിന്റെയും ചാക്കിലാക്കിയതിന്റെയും തെളിവുകള്‍ ലഭിച്ചു. ഇതോടെ, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഈ മാസം ഭക്ഷ്യവിഹിതം കുറഞ്ഞതിനാല്‍ റേഷന്‍ കടയില്‍ നിന്ന് പിടിച്ചെടുത്ത അരി വൃത്തിയാക്കി റേഷന്‍ കടയില്‍ വിതരണം ചെയ്യാനാണ് നീക്കമെന്ന് ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി വെളിപ്പെടുത്തി.
പാലമുക്കില്‍ അടഞ്ഞു കിടക്കുന്ന സ്വകാര്യ കടയിലേക്ക് ഇവിടെ നിന്ന് അരി മാറ്റിയതായി പരിസരവാസികള്‍ പറഞ്ഞു. നെടുവത്തൂര്‍ വില്ലേജ് ഓഫിസര്‍, പോലീസ്, സപ്ലൈഓഫിസര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ സീല്‍ ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചു.
എന്നാല്‍, അരമണിക്കൂറിനു ശേഷം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഒരുസംഘം വന്ന് സീല്‍ പൊട്ടിച്ച് ഷട്ടര്‍ തുറന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും എത്തി. പോലീസ് തടഞ്ഞതോടെ പോലീസും ബിജെപി പ്രവര്‍ത്തകരും ഉന്തും തള്ളും ഉണ്ടായി. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്താമെന്ന് ഉറപ്പു നല്‍കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതിഷേധ സമരം ബിജെപി സംസ്ഥാന സെല്‍ കൊടിനേറ്റര് അശോകന് കുളനട പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, അരുണ്‍ കാടംകുളം, പ്രസാദ് പള്ളിക്കല്‍, സുരേഷ്അമ്പലപ്പുറം, ഗിരീഷ് കുമാര്‍, ബിനേഷ് മൈലം, രാജശേഖരന്, രാധാമണി, ഷാജഹാന്, രോഹിത്, സന്ദീപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: