ന്യൂദല്‍ഹി : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. വ്യാഴാഴ്ച രാവിലെ പ്രഭാത സവാരിക്കിടെയാണ് നിതീഷ് കുമാറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച സംഭവിക്കുന്നത്. വസതിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ അദ്ദേഹത്തിന്റെ നേരെ ബൈക്ക് പാഞ്ഞെത്തുകയായിരുന്നു.
ഉടന്‍ തന്നെ അദ്ദേഹം ഫുട്പാത്തിലേക്ക് ചാടിക്കയറിയതിനാല്‍ അപകടത്തില്‍ നിന്നും ഒഴിവായി. മുഖ്യമന്ത്രിക്കുള്ള സുരക്ഷാ വലയം ഭേദിച്ചാണ് ബൈക്കുകള്‍ അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.
രണ്ട് ബൈക്കുകളില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് ഇതിനെ ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
നിരവധി തവണ മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴചകളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിനെത്തിയപ്പോള് സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയില്‍ കല്ലേറും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: