തിരുവനന്തപുരം : ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് സാമൂഹ്യ വിരുദ്ധ വ്യക്തിത്വം (ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍) ഉള്ളയാളാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എട്ടംഗ വിദഗ്ധ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് കൊട്ടാരക്കര കോടതിക്കും കൈമാറിയിട്ടുണ്ട്.
പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള പ്രവണതയുണ്ട്. നിരന്തരമായി മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതും ഇയാളുടെ മാനസിക നിലയെ സ്വാധീനിച്ചിട്ടുണ്ട്. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴോ ലഹരി കിട്ടാതെ വരുമ്പോഴോ ഉള്ള മാനസിക വിഭ്രാന്തിയും ഇയാള്‍ പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഡോ. വന്ദനയെ ആക്രമിക്കുന്ന സമയത്ത് സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നോയെന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. ആക്രമണം നടത്താനും കൊലപാതകത്തിലേക്കും നയിച്ച ഘടകങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല.
സന്ദീപിനെ പത്ത് ദിവസത്തോളം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നത്. സൈക്യാട്രി, ന്യൂറോ, ജനറല്‍ മെഡിസിന് മേധാവികളും സംഘത്തിലുണ്ടായിരുന്നു. മദ്യലഹരിയിലും അല്ലാതെയും സന്ദീപ് ബന്ധുക്കളേയും അയല്‍വാസികളേയും ഇയാള്‍ ആക്രമിച്ചിട്ടുണ്ട്. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ച് ഡോ.വന്ദനാദാസിനെ സന്ദീപ് ആക്രമിച്ച് കൊന്നത്. പോലീസ് പരിശോധനയ്ക്കായി എത്തിച്ചതായിരുന്നു സന്ദീപിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: