വിവാദത്തില്‍ മുങ്ങിയ ലോക കേരള സഭയുടെ മൂന്നാം മേഖലാ സമ്മേളനം പ്രതീക്ഷിച്ചതുപോലെ പരാജയത്തില്‍ കലാശിച്ചിരിക്കുന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്‍പുതന്നെ പൊട്ടിപ്പുറപ്പെട്ട വിവാദം അത് അവസാനിച്ചതിനുശേഷവും കെട്ടടങ്ങിയിട്ടില്ല. എടുത്തപറയത്തക്ക എന്തെങ്കിലും പ്രഖ്യാപനങ്ങളോ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്നതും കേരളത്തിന് ഗുണകരമാവുന്നതുമായ പ്രായോഗിക നിര്‍ദേശങ്ങളോ സമ്മേളനത്തില്‍ നിന്ന് ഉണ്ടായില്ല. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ പ്രധാന അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുണ്ടായി. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കണമെങ്കില്‍ 82 ലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശം ജനാധിപത്യ കേരളത്തെ നാണംകെടുത്തിയിരുന്നു. എന്തിന് ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നു എന്നതിന് തൃപ്തികരമായ ഒരു മറുപടിയും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പണക്കൊഴുപ്പിന്റെ ഈ കാര്‍ണിവലിനെ പൂര്‍ണമായി ന്യായീകരിക്കുകയാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം ചെയ്തത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിയായിട്ടും ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ അമേരിക്കയിലേക്ക് പറക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ലോക കേരള സഭയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പദവിക്ക് ചേരാത്തവിധം ഒരു പാട്ടക്കസേരയില്‍ ഇരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതാണ് സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണമായതെന്നുപോലും പറയാവുന്നതാണ്. തങ്ങളുടെ അതിഗംഭീരനായ നേതാവിനെ ഇങ്ങനെയൊരു അവസ്ഥയില്‍ കാണാനിടയായത് അനുയായികളെ ധര്‍മസങ്കടത്തിലാക്കി. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഇത് ഇടതുമുന്നണി സര്‍ക്കാരിനും ലോക കേരള സഭയുടെ സംഘാടകര്‍ക്കും രക്ഷയായി. സമ്മേളനത്തില്‍ എന്തുനടന്നു, അതിന്റെ ശരി തെറ്റുകള്‍ എന്തൊക്കെയാണ് എന്നുള്ള ചര്‍ച്ചകള്‍ ഒഴിവായിക്കിട്ടി. ടൈംസ് സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനം മാത്രമാണ് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെയും ജനപങ്കാളിത്തമില്ലാതിരുന്നത് സമ്മേളനത്തിന്റെ നിറംകെടുത്തി. രണ്ടു കോടി രൂപ ചെലവഴിച്ച് സമ്മേളനത്തിന് ടൈംസ് സ്‌ക്വയര്‍ തെരഞ്ഞെടുത്തത് ആരും ക്ഷണിക്കാതെ തന്നെ പതിവായി ആളുകൂടുന്ന സ്ഥലമായതുകൊണ്ടാണ്. ഇത്രയും തുക നല്‍കിയയാളുടെ സ്വാഗതപ്രസംഗത്തോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി 200-ലേറെ പേര്‍ മാത്രമാണ് പങ്കെടുത്തത്. തത്സമയം നടന്ന മറ്റ് പരിപാടിക്കെത്തിയ ആളുകളെക്കണ്ട് സംഘാടകര്‍ സംതൃപ്തികൊണ്ടു. പക്ഷേ പരിപാടി റിപ്പോര്‍ട്ടു ചെയ്ത ദൃശ്യമാധ്യമങ്ങള്‍ ജനപങ്കാളിത്തത്തിന്റെ കള്ളത്തരം പൊളിച്ചു. ആയിരം പ്രവാസികള്‍ സമ്മേളനത്തിനെത്തും, രണ്ടരലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും എന്നൊക്കെ പറഞ്ഞത് സംഘാടകര്‍ വിഴുങ്ങി.
പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേട്ട് നവകേരള നിര്‍മിതിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ലോക കേരള സഭയെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ രക്ഷകനായും രാജ്യത്തെ പ്രമുഖ നേതാവായും അവതരിപ്പിക്കുകയും, ഇതിന്റെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് വന്‍തോതില്‍ പണം പിരിക്കുകയുമാണ് ലക്ഷ്യം. പണം പിരിവ് നിര്‍ബാധം നടക്കും. ഒരു ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്‍ തികഞ്ഞ പരാജയമാണ്. ഇത്രയും കഴിവുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. രാജ്യത്ത് ഇത്രയും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയനായ മറ്റൊരു മുഖ്യമന്ത്രിയുമില്ല. എപ്പോള്‍ വേണമെങ്കിലും ജയിലില്‍ പോകാന്‍ സാധ്യതയുള്ള ഒരു ഭരണാധികാരിയുമാണ്. എന്നിട്ടും താന്‍ ലോകനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന നാട്യമാണ് പിണറായിയുടേത്. താന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, രാജ്യം ഭരിക്കുന്ന നേതാവാണെന്ന് ഭാവം. കേരളത്തിലെ ഭരണം രാജ്യത്തിനു മാതൃകയാണ്, ലോകത്തിന് മാതൃകയാണ് എന്നൊക്കെ യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കുന്നത് ഇങ്ങനെയൊരു മാനസികാവസ്ഥയുള്ളതുകൊണ്ടാണ്. പക്ഷേ വായ് തുറന്നാല്‍ നിലവാരം പുറത്താവും. ടൈംസ് സ്‌ക്വയര്‍ പ്രസംഗത്തിലും ഇതാണ് സംഭവിച്ചത്. കേരളത്തില്‍ മാതൃകാ ഭരണമാണെന്നും, വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണെന്നുമുള്ള കേരള മോഡല്‍ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കാരണഭൂതനായി കാണുന്നവര്‍ ഇതൊക്കെ വിശ്വസിക്കുമെങ്കിലും സാധാരണ ജനങ്ങളെ അതിന് കിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക