എന്സ്കെ (നെതര്‍ലന്‍ഡ്സ്): യുവേഫ നേഷന്‍സ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.15ന് നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ റണ്ണേഴ്സപ്പായ സ്പെയിന് കരുത്തരായ ഇറ്റലിയെ നേരിടും.
ഗ്രൂപ്പ് എ2വില്‍ നിന്ന് കളിച്ച ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റുമായാണ് സ്പെയിന് സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എ3യില്‍ നിന്ന് സ്പെയിനിനെ പോലെ മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 11 പോയിന്റുമായാണ് ഇറ്റലിയുടെ സെമി പ്രവേശം.
ഉനൈ സിമോണ്‍, കാര്‍വാജല്‍, റോഡ്രി, ഗാവി, അസെന്‍സിയോ, ഒല്‍മൊ, മൊറാട്ട, റുയിസ് തുടങ്ങിയ സൂപ്പര്താരനിരയുമായാണ് സ്പെയിന് ഇന്ന് ഇറങ്ങുക. ഇറ്റാലിയന്‍ നിരയില്‍ ഡൊന്നരുമ, ഡി ലോറന്‍സോ, ബൊനൂച്ചി, വെറാറ്റി, പെല്ലഗ്രിനി തുടങ്ങിയവരും ഇടംപിടിക്കും.
ഇരു ടീമുകളും തമ്മില്‍ മുന്‍പ് 39 തവണ ഏറ്റുമുട്ടി. ഇതില്‍ 12 തവണ സ്പെയിന് ജയിച്ചപ്പോള്‍ ഇറ്റലി 11 എണ്ണത്തില്‍ വിജയം നേടി. 16 കളികള്‍ സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: