പാരിസ്: അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് പിഎസ്ജിയിലെ സഹതാരവും ഫ്രഞ്ച് സൂപ്പര്‍താരവുമായ കിലിയന്‍ എംബപ്പെ. താരത്തിന് ഫ്രാന്‍സില്‍ അര്‍ഹമായ ബഹുമാനം ലഭിച്ചില്ലെന്നാണ് എംബപ്പെ പറഞ്ഞത്.
‘ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് മെസ്സി. മെസിയെ പോലൊരു താരം ക്ലബ് വിടുന്നത് ഒരിക്കലും സന്തോഷം നല്കുന്ന വാര്‍ത്തയല്ല. മെസ്സി പിഎസ്ജി വിട്ടപ്പോള്‍ ഏറെപ്പേര്‍ ആശ്വാസം കൊണ്ടത് എന്തുകൊണ്ട് എന്ന് എനിക്ക് മനസിലാവുന്നില്ല. അര്‍ഹമായ ബഹുമാനം മെസിക്ക് ഫ്രാന്‍സില്‍ ലഭിച്ചില്ല’ എന്നുമാണ് എംബാപ്പെയുടെ വാക്കുകള്‍. രണ്ട് വര്‍ഷത്തെ പിഎസ്ജി ജീവിതം അവസാനിപ്പിച്ച് മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് എംബാപ്പെയുടെ പ്രതികരണം.
അതേസമയം വരുന്ന സീസണില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ കിലിയന്‍ എംബാപ്പെ തള്ളി. വാര്‍ത്തകള്‍ അസത്യമെന്ന് താരം ട്വീറ്റ് ചെയ്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത് നിഷേധിച്ച് എംബപ്പെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുകയാണ്.
മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബാണ് മെസി ചേക്കേറിയിരിക്കുന്ന ഇന്റര്‍ മിയാമി. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: