ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റിലായത് വര്‍ഷങ്ങള്‍ക്കു മുന്‍പു ള്ള അഴിമതിക്കേസില്‍. 2014 നവംബറിലാണ് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് 764 ഡ്രൈവര്‍മാരുടെയും 610 കണ്ടക്ടര്‍മാരുടെയും 261 ട്രേഡ്സ്മാന്മാരുടെയും 13 എന്‍ജിനീയര്‍മാരുടെയും 40 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതോടെ പരാതികളും തുടങ്ങി.
മകന് ജോലി ലഭിക്കാന്‍ ഒരു കണ്ടക്ടര്‍ക്ക് 2.60 ലക്ഷംരൂപ കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി ദൈവസഹായം എന്നയാള്‍ പരാതി നല്കി. പിന്നാലെ ഗോപി എന്നയാളും 2.40 ലക്ഷംരൂപ ബാലാജിയുമായി ബന്ധമുള്ള രണ്ടുപേര്‍ക്ക് കോഴ നല്‍കിയെന്ന് പരാതിപ്പെട്ടു. പോലീസ് നടപടി സ്വീകരിക്കാതെ വന്നതോടെ ഗോപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഹൈക്കോടതി തള്ളി. പക്ഷെ ഗോപി പിന്മാറിയില്ല. ഗതാഗത മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണം തേടി ഗോപി നിയമ യുദ്ധവുമായി മുന്നേറി. ഒടുവില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
അന്വേഷണ സംഘം, മന്ത്രിയെയും ബന്ധുക്കളെയും ഒഴിവാക്കി 12 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതോടെ വിവാദം വീണ്ടും മുറുകി. പരാതികളും കൂടി. ഉദ്യോഗാര്‍ഥികളില്‍നിന്ന് 95 ലക്ഷം രൂപ പിരിച്ചെടുക്കണമെന്ന് ബാലാജിയും മറ്റ് മൂന്നുപേരും നിര്‍ദേശിച്ചുവെന്ന് ആരോപിച്ച് വി. ഗണേഷ് കുമാര്‍ എന്നയാളും പരാതി നല്കി.
കേസ് വീണ്ടും മുറുകി, മന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ പുതിയ അന്വേഷണം നടത്താനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സെന്തില്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെന്തിലിനെ കുറ്റവിമുക്തനാക്കാന്‍ വിസമ്മതിച്ചു. മാത്രമല്ല നിലവിലുള്ള അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ പോലീസിനോട് നിര്‍ദേശിച്ച ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും വി. രാമസുബ്രഹ്മണ്യനും ഉള്‍പ്പെട്ട ബെഞ്ച് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം തുടരാന്‍ ഇ ഡിയോടും നിര്‍ദേശിച്ചു. മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇ ഡിക്ക് കോടതി അനുമതിയും നല്കി.
മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, കൈക്കൂലി വാങ്ങിയവരും കൈക്കൂലി നല്കിയവരും തമ്മില്‍ ഒത്തുകളി നടത്തിയെന്നും ചൂണ്ടിക്കാട്ടി. ഇ ഡി ശക്തമായി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി, പൊതു പ്രവര്‍ത്തകര്‍ അഴിമതിയിലൂടെ പണം സ്വന്തമാക്കിയെന്ന വിവരം ലഭിച്ചാലുടന്‍, കേസ് എടുത്ത് നടപടി തുടങ്ങേണ്ടത് ഇ ഡിയുടെ കടമയാണെന്നും ഓര്‍പ്പിച്ചു. ഇ ഡി ഇതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് എടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: