കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തക ര്‍ന്ന് കിടക്കുന്ന ലിഫ്റ്റ് നന്നാക്കാനുള്ള സാധനങ്ങള്‍ എത്തി. ഏറെ നാളത്തെ പ്രതിഷേധത്തിനും മുറവിളികള്‍ക്കൊടുവിലാണ് മാസങ്ങള്‍ക്ക് ശേഷം ജനറല്‍ ആശുപത്രിയില്‍ പുതിയ ലിഫ്റ്റ് ഒരുങ്ങുന്നത്. 14 ലക്ഷം രൂപ ചെലവിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള സാമഗ്രികള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചു. ഒരു മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ പറയുന്നത്. എറണാകുളത്ത് നിന്നുള്ള കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. ജനറല്‍ ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി ഒരുമാസത്തിലേറെയായി. ഇതേ തുടര്‍ന്ന് രോഗികളെ ചുമന്നുകൊണ്ടു പോകേണ്ട സ്ഥിതിയുണ്ടായിരുന്നു. ഈ ദൗത്യം ബിഎംഎസ് ചുമട്ട് തൊഴിലാളികള്‍ ഏറ്റെടുത്തത് കൊണ്ട് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഏറെ സഹായകമായിരുന്നു. പിന്നീട് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ബിഎംഎസ് തൊഴിലാളികളെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ചെറിയ ലിഫ്റ്റ് അത്യാവശ്യ രോഗികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പ്രധാന ലിഫ്റ്റ് ഇടക്കിടെ പണിമുടക്കുന്നത് കാരണം പുതിയ ലിഫ്റ്റ് അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: