ആലത്തൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് കരുതുന്ന കല്ലില്‍ കൊത്തിയ ദേവീ വിഗ്രഹം ഗായത്രിപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അത്തിപ്പൊറ്റ പാലത്തിനു സമീപം ആറാട്ടുകടവിലാണ് വിഗ്രഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ പ്രദേശവാസികളായ പ്രഭാകരന്, റിയാസ്, ജിഷാദ് എന്നിവരാണ് വിഗ്രഹം പുഴയിലെ കുളിക്കടവിനു സമീപം വെള്ളത്തില്‍ കണ്ടെത്തിയത്.
വിഗ്രഹം സ്ഥാപിച്ച കരിങ്കല്ലിന്റെ പീഠവും ഇവിടെ നിന്ന് തന്നെ ലഭിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ക്ഷേത്രത്തിലെ തന്ത്രിയും പൂജാരിമാരും വിഗ്രഹം പരിശോധിച്ചു.തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരം, തിരുപ്പൂര്‍ ജില്ലയിലെ അവിനാശി എന്നിവിടങ്ങളിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും പണിയുന്ന കൊത്തുപണികളുമായി ഇവയ്ക്ക് സാമ്യമുള്ളതായി കരുതുന്നു. ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്ദ്ദനന്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ജയചന്ദ്രന്, തരൂര്‍ – 2 സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എ. അംബുജാക്ഷന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിഗ്രഹവും പീഠവും താലൂക്ക് ഓഫീസില്‍ എത്തിച്ചു. തിരുവനന്തപുരത്തെ ആര്‍ക്കിയോളിജിക്കല്‍ ഡയറക്ടര്‍ക്ക് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്കി. പുരാവസ്തു അധികൃതരുടെ പരിശോധനയിലേ വിഗ്രഹത്തിന്റെ കാലപ്പഴക്കവും മൂല്യവും വ്യക്തമാകയുള്ളൂ.
വിഗ്രഹം പുഴയിലൂടെ ഒഴുകി വന്നതാണോ ആരെങ്കിലും ഉപേക്ഷിച്ചതാണോ ഏതെങ്കിലും ക്ഷേത്രത്തിന്റെയാണോ എന്നെല്ലാം വ്യക്തമാവേണ്ടതുണ്ട്. പുരാവസ്തു വകുപ്പിന്റെ കല്‍പ്പാത്തിയിലെ മണിഅയ്യര്‍ സ്മാരക സംഗീത മ്യൂസിയം ചാര്‍ജ് ഓഫീസര്‍ സുധീഷ് ആലത്തൂര്‍ താലൂക്ക് ഓഫീസിലെത്തി പരിശോധന നടത്തും. പരിശോധനയ്ക്കു ശേഷം വിഗ്രഹം ഉടന്‍ പുരാവസ്തു വകുപ്പിന് കൈമാറുമെന്നും വിഗ്രഹം പുഴയിലെത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: