Categories: Kerala

വിലക്കയറ്റം രൂക്ഷം, പൊറുതിമുട്ടി ജനം; അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു, മീന്‍വിലയിലും വര്‍ദ്ധനവ്, കറി പൊടികള്‍ക്കും വില കൂടി

Published by

തൃശൂര്‍: പൊതുജനത്തിന്റെ നെഞ്ചത്തടിച്ച് നിത്യ ഉപയോഗ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചു. അരി ഒഴികെ ബാക്കി എല്ലാ സാധനങ്ങളുടേയും വില വര്‍ദ്ധിച്ചു. ഇതോടെ സാധരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളംതെറ്റുകയാണ്. ഉള്ളിവില കിലോയ്‌ക്ക് 85 രൂപ വരെയെത്തി. ജീരകത്തിന്റെ വില കിലോയ്‌ക്ക് 580 രൂപ വരെയായി. പലചരക്ക് ഇനങ്ങളില്‍ പലതും ഇപ്പോള്‍ പായ്‌ക്കറ്റിലാക്കി വരുന്നതിനാല്‍ വില പിന്നെയും ഉയരും.  

ജീരകം, ഉലുവ പോലുള്ളവ 100 ഗ്രാം തൂക്കത്തില്‍ പായ്‌ക്കറ്റുകളിലാണ് വിപണിയില്‍ എത്തുന്നതിനാല്‍ ഭൂരിഭാഗവും വിലവര്‍ദ്ധനവ് ശ്രദ്ധിക്കില്ല.  പലചരക്ക് സാധനങ്ങള്‍ ഭൂരിഭാഗവും ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നത്. കറി പൊടികള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.  

മിക്ക കമ്പനികളുടെയും 100 ഗ്രാം സാമ്പാര്‍ പൊടിയുടെ ശരാശരി വില 50 രൂപയാണ്. മീറ്റ്, ചിക്കന്‍ മസാലകളുടെ വില 45 മുതല്‍ 60 രൂപ വരെയും. ഇതേ അളവില്‍ കുരുമുളക് പൊടി വില 90 രൂപ മുതല്‍ മുകളിലേക്കാണ്. മുളകു പൊടി വില 60 മുതല്‍ മുകളിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.  

ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീന്‍വിലയും വര്‍ദ്ധിച്ചു. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാല്‍ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാനാകുന്നില്ല. തീരദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്.  മുന്‍കാലങ്ങളില്‍ 100-150 കൊട്ട മത്സ്യം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 40-60 കൊട്ട മത്സ്യം പോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനത്തിന് മുന്‍പ് കിലോയ്‌ക്ക് മത്തിക്ക് 80 മുതല്‍ 100 രൂപ വരെയാണ് വിലയെങ്കില്‍ ഇപ്പോള്‍ 160 മുതല്‍ 200 രൂപ വരെയെത്തി. അയലയ്‌ക്ക് 250-300 രൂപയാണ് കിലോയുടെ വില.  

ട്രോളിങ് നിരോധനം വന്നതോടെ കായല്‍ മത്സ്യങ്ങള്‍ക്കു ഡിമാന്‍ഡ് കൂടിയെങ്കിലും വില കൂടിയിട്ടില്ല. കാളാഞ്ചി (600 മുതല്‍ 700 വരെ), കരിമീന്‍ (500 – 550), കണമ്പ് (600), ചെമ്പല്ലി (600), ചെമ്മീന്‍ (400 – 450) എന്നിങ്ങനെയാണ് ഇന്നലത്തെ  വില.

ട്രോളിങ് നിരോധനത്തിനു മുന്‍പുതന്നെ കോഴിയിറച്ചിയുടെ വില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. 140-165 രൂപയ്‌ക്കാണ്  കോഴിയിറച്ചി വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ മാസം 120 രൂപയായിരുന്നു ചിക്കന്‍ വില.  ഉല്‍പാദനം കുറഞ്ഞതാണ് കോഴി വില ഉയരാന്‍ കാരണം. തമിഴ്‌നാട്ടിലെ കനത്ത ചൂടില്‍ കോഴിക്കുഞ്ഞുങ്ങള്‍ ചാകുന്നതും വില കൂടാന്‍ ഇടയാക്കി. അധ്യയന വര്‍ഷം തുടങ്ങുന്ന സമയങ്ങളില്‍ കോഴിക്ക് വില കുറയുകയാണ് പതിവ്. അതേസമയം ഇടനിലക്കാര്‍ ലാഭം കൊയ്യുന്ന സ്ഥിതിയാണെന്ന പരാതിയും കച്ചവടക്കാര്‍ക്കുണ്ട്. നാടന്‍ ഫാമുകളില്‍ കിലോയ്‌ക്ക് 5 രൂപ കൂടിയിട്ടുണ്ട്. ഇവിടെനിന്നു വാങ്ങുന്ന മൊത്ത വിതരണക്കാര്‍ 15 രൂപ വരെ മാര്‍ജിന്‍ ലഭിക്കുന്ന വിധത്തില്‍ വിലയിട്ടാണു ചെറിയ കടകള്‍ക്ക് നല്‍കുന്നത്. അവര്‍ 10 മുതല്‍ 15 രൂപ വരെ കൂട്ടിയാണ് വില്‍ക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക