കോഴിക്കോട്: സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളടക്കം പ്രതികളായ രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രധാനപ്രതി അറസ്റ്റില്‍. കൊടുവള്ളി സ്വദേശി നാദിര്‍ കുടുക്കിലാണ് അറസ്റ്റിലായത്. നേപ്പാള്‍ വഴി കേരളത്തിലേക്ക് എത്തിയ നാദിറിനെ കസ്റ്റംസ് സംഘമാണ് പിടികൂടിയത്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസാണിത്.
ജൂണ്‍ 21ന് പുലര്‍ച്ചെയാണ് രാമനാട്ടുകര ബൈപ്പാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ചുപേര്‍ മരിച്ചത്. ആ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് 1.11 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ടതെന്ന വിവരം പുറത്തുവന്നതോടെയാണ് കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നത്.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പിന്തുടരുന്നതിനിടെയാണ് ഇതിലൊരു വാഹനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചതെന്നും പിന്നീട് കണ്ടെത്തി. കേസില്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ ഒട്ടേറെപേരും അറസ്റ്റിലായി. കൊടുവള്ളി, ചെര്‍പ്പുളശ്ശേരി, കണ്ണൂര്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. കൊടുവള്ളി സംഘം കടത്തിയ സ്വര്‍ണത്തിന് സംരക്ഷണം നല്‍കാനെത്തിയതായിരുന്നു ചെര്‍പ്പുളശ്ശേരി സംഘം. ഇരുകൂട്ടരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാനാണ് കണ്ണൂര്‍ സംഘമെത്തിയത്.
സ്വര്‍ണവുമായെത്തിയ ഷഫീഖ് വിമാനത്താവളത്തിനകത്ത് പിടിയിലായ വിവരം ആദ്യമറിഞ്ഞത് കണ്ണൂര്‍ സംഘമാണ്. ഇതോടെ ഇവര്‍ മടങ്ങാനൊരുങ്ങി. ദുബായ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാര്‍ പുറത്തെത്തിയതിന് പിന്നാലെ കണ്ണൂര്‍ സംഘത്തിന്റെ കാര്‍ പുറത്തേക്കിറങ്ങിയതോടെ സ്വര്‍ണം ഇവരുടെ കയ്യിലെത്തിയെന്ന് ചെര്‍പ്പുളശ്ശേരി സംഘം തെറ്റിദ്ധരിച്ചു. ഈ വാഹനത്തിന് പിന്നാലെ മൂന്ന് വാഹനങ്ങളില്‍ പിന്തുടര്‍ന്ന് രാമനാട്ടുകരയില്‍ എത്തിയപ്പോഴാണ്, വിമാനത്താവളത്തിനകത്ത് വെച്ചുതന്നെ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞത്. മടങ്ങിപ്പോകുന്നതിനിടെ മുന്നിലുള്ള വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലെ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം സാധാരണ അപകടമെന്ന് കരുതിയ സംഭവത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: