മുഖ്യമന്ത്രി ടൈം സ്ക്വയറില്‍ സംസാരിക്കുന്നതു കേട്ടാല്‍ തോന്നും ഇപ്പോള്‍ ‘മധുരനോഹര മനോജ്ഞ’ ചൈനയേക്കാള്‍ ഭേദപ്പെട്ടു കേരളമെന്ന്. കള്ളവുമില്ല ചതിയുമില്ല എള്ളോളം പോലും പൊളിവചനമില്ലാത്ത മാവേലി നാടുപോലെ. കൂടിത്തല്ലില്ല, നോക്കൂകൂലി ഇല്ല എന്നും തുടങ്ങി വാക്കും വാഗ്ദാനവും ഏറെ ഉണ്ടായി. ഇനി എന്താകുമോ ആവോ? അമേരിക്കക്കാര്‍ കൂടിളകി വന്ന് ഇല്ലാത്ത ഏടാകൂടങ്ങളെല്ലാം കേരളത്തിലെത്തുമോ എന്നാണ് ഭീതി.
മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നും കേരളത്തിലില്ലെങ്കിലും ഏറെ സമാധാനം എം.വി. ഗോവിന്ദന് മാസ്റ്റര്‍ ഉണ്ടെന്നുള്ളതാണ്. മാസ്റ്ററുടെ സഹധര്‍മ്മിണി ആന്തൂര്‍ നഗരസഭാധ്യക്ഷനായിരിക്കവെയല്ലെ ഒരു പ്രവാസിയുടെ സംരംഭം താഴിട്ട് പൂട്ടിയത്. താണുകേണു അപേക്ഷിച്ചിട്ടും സഖാവ് നഗരസഭാധ്യക്ഷ കനിഞ്ഞില്ല. അങ്ങനെ കോടികള്‍ മുടക്കിപ്പണിത സംരംഭം തുറക്കാന്‍ കഴിയാതെ മനംനൊന്ത് സാജന് എന്ന സംരംഭകന് ആത്മഹത്യ ചെയ്തു. അതിനെക്കുറിച്ചൊരക്ഷരം മിണ്ടാന്‍ മെനക്കെടാത്ത ആളാണ് ഗോവിന്ദന് മാസ്റ്ററെന്ന് സമാധാനിക്കാം.
ഗോവിന്ദന് മാസ്റ്റര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമൊന്നുമില്ല. പറഞ്ഞ കാര്യങ്ങള്‍ അബദ്ധമാണെങ്കില്പോലും അതിലുറച്ച് നില്ക്കും. ഒരു കായിക അധ്യാപകന്റെ ഉറപ്പും മനക്കരുത്തും മെയ്വഴക്കവുമെല്ലാം അദ്ദേഹം പ്രകടിപ്പിക്കും. അത് മാധ്യമപ്രവര്‍ത്തകയാണെങ്കില്‍ പോലും അതിലൊട്ട് അയവുമില്ല മയവുമില്ല. സര്‍ക്കാര്‍ വിരുദ്ധമെന്ന് മാസ്റ്റര്‍ക്ക് തോന്നുന്ന വാര്‍ത്തകൊടുത്താല്‍ കേസ്സെടുക്കും. അത് പോലീസിന്റെ പണിയാണ്. ചില മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്ന പണിയാണ് നടത്തുന്നത്. ആടിനെക്കണ്ടാല്‍ മാസ്റ്റര്‍ക്ക് നന്നായി അറിയാം. അതുവഴി പട്ടിയേയും.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മാത്രമേ മാസ്റ്റര്‍ മറുപടി പറഞ്ഞുള്ളൂ. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാല്‍ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും മാസ്റ്റര്‍ക്ക് അഭിപ്രായമുണ്ട്.
”ആര്‍ഷോയുടെ പരാതിയില്‍ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനല്‍ ഗൂഢാലോചന നിയമത്തിന്റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാന്‍ പറഞ്ഞു. കുറ്റവാളികള്‍ ആരായാലും, പത്രപ്രവര്‍ത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്നു മാത്രമാണു ഞാന്‍ പറഞ്ഞത്. അതിനപ്പുറം ചേര്‍ത്തതെല്ലാം എന്റെ പേരില്‍ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുക, ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കുക, ആ ചര്‍ച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക എന്നിവ തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്” മാസ്റ്റര്‍ തുടര്‍ന്നു.
”സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞെന്നു പ്രചരിപ്പിച്ചാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? ഞാന്‍ എല്ലാ സന്ദര്‍ഭത്തിലും പറയുന്നത്, മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനെയും പാര്‍ട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. സാമാന്യ ബുദ്ധിയോടെ പറയാന്‍ സാധിക്കുന്ന ഇക്കാര്യം, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുമെന്നു ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ അതു ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍, അസംബന്ധം എന്നാണ് ഞാന്‍ സാധാരണ പറയുന്നത്. ഇന്ന് അതു പറയുന്നില്ല, തെറ്റായ ഒരു നിലപാടാണ് എന്നു പറയുന്നു.”–ഇത്രയേ ചെയ്തുള്ളൂ, ഇതിനാണ് ചില മാധ്യമങ്ങള്‍ വേട്ടയാടുന്നത്.
സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്ന് പറഞ്ഞു എന്നാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കഷ്ടം എന്നല്ലാതെ മറ്റെന്താണ് പറയുക.
ഇമ്മാതിരി ഏടാകൂടങ്ങളും കുന്തങ്ങളും കുടച്ചക്രങ്ങളും എഴുന്നള്ളിക്കുന്നതിനാല്‍ നാട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനേ കഴിയുന്നില്ല. പട്ടിയുടെ കാര്യം തന്നെ പറയാം. മുഴപ്പിലങ്ങാട് എന്ന് പറഞ്ഞാല്‍ അറിയാമല്ലോ. പാര്‍ട്ടിയുടെ കുരുക്ഷേത്രം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തില്‍പ്പെട്ട സ്ഥലം. അവിടെ പട്ടികളുടെ തെമ്മാടിത്തം അരങ്ങേറി. കേരളവും ധര്‍മ്മടവും അത്ഭുതകരമെന്ന് ടൈംസ് സ്ക്വയറില്‍ കൊട്ടിഘോഷിക്കുമ്പോഴാണത്. ഒരു കുട്ടിയെ തെരുവുപട്ടികള്‍ കടിച്ചുവലിച്ചുകൊന്നു. മിണ്ടാനും പറയാനും കഴിയാത്ത 11 കാരന് നിഹാല്‍ നൗഷാദിനെ. വാര്‍ഡ് മെമ്പറും നാട്ടുകാരും പഞ്ചായത്തില്‍ പരാതി പറഞ്ഞു. എന്നിട്ടും ഫലമുണ്ടായില്ല. പട്ടിയെ പിടിക്കാന്‍ പണമില്ലെന്നായിരുന്നു പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മറുപടി.
കുട്ടിയുടെ അരയ്ക്ക് താഴെ മുഴുവന്‍ കടിയേറ്റും തലയും കടിച്ചുകീറി വികൃതമാക്കി. എന്താ ചെയ്ക? ഗോവിന്ദന് മാസ്റ്റര്‍ തലശ്ശേരിയുമല്ല, മുഴുപ്പിലങ്ങാട്ടുമല്ല. തളിപ്പറമ്പിലാണ്. പറ്റുമെങ്കില്‍ മനേകാഗാന്ധിയെ നാല് തെറി വിളിക്കാമായിരുന്നു. അതിനെവിടെ സൗകര്യം കിട്ടണ്ടേ. മാധ്യമവേട്ടയെന്നും അധിക്ഷേപമെന്നുമൊക്കെയുള്ള അധിക്ഷേപം പാര്‍ട്ടി സെക്രട്ടറിയാകും മുമ്പ് തദ്ദേശ ഭരണവകുപ്പ് മന്ത്രിയായിരുന്നല്ലോ ഗോവിന്ദന്. പട്ടിയെ പിടിക്കാനും. പൂട്ടാനും വല്ല സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയോ? ആ ഫണ്ടെടുത്ത് പുട്ടടിച്ചോ?
ഈ വര്‍ഷം മാത്രം ഏഴ് കുഞ്ഞുങ്ങള്‍ പട്ടികടിയേറ്റ് മരിച്ചു. കഴിഞ്ഞവര്‍ഷം എട്ടുപേരാണ് ഈ വിധം കൊല്ലപ്പെട്ടത്. പട്ടികളുടെ കടിയേറ്റ് മരിക്കുന്നവരില്‍ 50 ശതമാനം പേരും കുട്ടികളാണ്. ഇത് തടയാന്‍ എന്തു നടപടിയാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിഞ്ഞത്? ഒഴിഞ്ഞ പറമ്പുകള്‍ മാലിന്യങ്ങള്‍ തള്ളുന്നതിന്റെ താവളങ്ങളാണ്. പാര്‍ക്കുകളും അങ്ങനെ തന്നെ. അവ സംസ്കരിക്കുന്നതിന് യാതൊരു പദ്ധതികളും നടപടികളുമില്ല. അത് ചെയ്യാനുള്ള മുഖ്യ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കല്ലെ. അതിനുവേണ്ടി മന്ത്രിയായിരിക്കെ ഗോവിന്ദന് മാസ്റ്റര്‍ എന്തു ചെയ്തു? അതിനുശേഷം വന്ന എം.ബി. രാജേഷ് എന്തു ചെയ്യുന്നു? കുറ്റം പറയരുതല്ലോ ഒന്നും ചെയ്തില്ല. ഒന്നും ചെയ്യാനാകുന്നില്ല. എന്നിട്ടും പുറപ്പുരത്തുകയറി വലിയ വര്‍ത്തമാനം വിളമ്പും.
മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ പെടുത്താന്‍ എളുപ്പമാണ്. സ്വന്തം കക്ഷിക്കാര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ ജയിപ്പിക്കാന്‍ കഴിയും. പരീക്ഷ പാസ്സായില്ലെങ്കിലും. വ്യാജരേഖയുണ്ടാക്കി ജോലി നല്കാന് കഴിയും. പഠിച്ച് പരീക്ഷയെഴുതി ജയിച്ച ലക്ഷക്കണക്കിനാളുകളെ നോക്കുകുത്തിയാക്കിയിട്ടാണെങ്കില്പ്പോലും ഞങ്ങള്‍ ഇതൊക്കെ ചെയ്യുന്നില്ലേ എന്നാശ്വസിക്കാം. അല്ലെങ്കില്‍ അഹങ്കരിക്കാം. എല്‍ഡിഎഫ് വന്നാല്‍ ഇതൊക്കെയല്ലെങ്കില്‍ പിന്നെന്ത് ശരിയാക്കാന്‍. തണുക്കുമ്പോഴല്ലെ കുപ്പായം വേണ്ടതെന്ന തിരിച്ചറിവുണ്ട്. അതുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: