ന്യൂദല്‍ഹി: പതിനൊന്നിനും പതിനാലിനുമിടയില്‍ പ്രായമുള്ള ഒരു ലക്ഷം പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തിനിടയില്‍ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് മടങ്ങിയെത്തിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വനിതാശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടപ്പാക്കിയ കന്യാ ശിക്ഷാ പ്രവേശ് ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം. പദ്ധതി ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റമാണ് ഈ രംഗത്ത് നേടാനായത്. പല കാരണങ്ങളാല്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന പെണ്‍കുട്ടികളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനാണ് പദ്ധതി ആരംഭിച്ചത്.
2012-13 കാലത്ത് 1.4 കോടി പെണ്‍കുട്ടികളാണ് സ്കൂള്‍ പഠനത്തിന് പുറത്തായിരുന്നത്. തുടര്‍ന്നാണ് വനിതാ ശിശു വികസന വകുപ്പ് മുന്‍കൈയെടുത്ത് വിഷയത്തില്‍ സര്‍വേ നടത്തിയത്. പഠനം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 2019-20ല്‍ 25ലക്ഷം ആയിരുന്നത് 2021-22ല്‍ അഞ്ച് ലക്ഷമായും 2022- 23ല്‍ 3.8 ലക്ഷമായും കുറയ്ക്കാന്‍ സാധിച്ചു. പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ വീണ്ടും സ്കൂളുകളിലേക്ക് മടക്കിയെത്തിക്കാന്‍ വിവിധ പദ്ധതികളിലൂടെയാണ് വകുപ്പ് നീക്കങ്ങള്‍ നടത്തിയത്. ഡേറ്റ പരിശോധിച്ചതിലൂടെ അങ്കണവാടി വിദ്യാഭ്യാസം മുതല്‍ ഇക്കാര്യത്തില്‍ പരിഹാര നടപടികള്‍ വേണമെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പോഷണ്‍ അഭിയാന് പോലെയുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കിയതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു.
കന്യാശിക്ഷാ പ്രവേശ് ഉത്സവ് പദ്ധതിയില്‍ 11 മുതല്‍ 14 വരെയും 14 മുതല്‍ 18 വരെയും പ്രായമുള്ള വിദ്യാര്‍ത്ഥിനികളെയാണ് പരിഗണിക്കുന്നത്. കാമ്പയിനിലൂടെ 22.4 ലക്ഷം പെണ്‍കുട്ടികളെ കണ്ടെത്തി. സംസ്ഥാനം വിട്ട് തൊഴിലെടുക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികളെയും അങ്കണവാടികളിലെത്തിക്കാന് പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ഇവരെയെല്ലാം പോഷണ്‍ അഭിയാന്റെ ഭാഗമാക്കി ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: