ഒന്നര പതിറ്റാണ്ട് മുമ്പ് ഓസ്ട്രേലിയന്‍ നിരയില്‍ കണ്ട അജയ്യത തിരികെയെത്തിയോ? അതിനുത്തരം നല്‍കാനുള്ള ഫൈനല്‍ ടെസ്റ്റ് ആണ് രണ്ട് ദിവസത്തിനകം ആരംഭിക്കുന്ന ആഷസ് പരമ്പര. ഓസീസ് നിരയില്‍ ഒടുവില്‍ കണ്ട സുവര്‍ണ തലമുറ 2000ങ്ങളിലായിരുന്നു. സ്റ്റീവ് വോയുടെ ക്യാപ്റ്റന്‍സിയില്‍ തുടങ്ങിയ അജയ്യത പിന്നെ റിക്കി പോണ്ടിങ് ഏറ്റെടുത്ത് തുടര്‍ച്ച നല്കിയ കാലഘട്ടം. പ്രതിഭകളുടെ കൂട്ടായ്മ, അതായിരുന്നു അന്നത്തെ ഓസ്ട്രേലിയ. അക്കാലത്ത് ഈ ടീമിനെതിരെ വല്ലവിധേനയും ഒരു പരമ്പര നേടാനായാല്‍ അത് വലിയ നേട്ടമായിരുന്നു. 2002ല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ നേടിയിട്ടുണ്ട്. 2005ല്‍ ഇംഗ്ലണ്ട് അവരുടെ നാട്ടിലെ ആഷസിലും. വോ സഹോദരന്മാരെ കൂടാതെ ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്, ആന്‍ഡ്രൂ സിമണ്ട്സ് തുടങ്ങിയവര്‍ ബാറ്റിങ് നിരയിലും ഗ്ലെന്‍ മക്ഗ്രാത്ത്, ജേസന്‍ ഗില്ലസ്പി, ഷെയ്ന് വോണ്‍, ആന്‍ഡി ബിക്കെല്‍, മൈക്കല്‍ കാസ്പറോവിച്ച്, ബ്രെറ്റ് ലീ എന്നിവര്‍ ബോളിങ്ങിലും നിറഞ്ഞു നിന്ന കാലം. ഫീല്ഡിങ്ങിലാണെങ്കില് അശേഷം പിഴയ്ക്കാത്ത വേലിക്കെട്ടുതീര്ക്കുന്നതരത്തിലുള്ള നിര. ഇവര്‍ക്കെതിരെ ഒരു പരമ്പരയ്ക്കിറങ്ങാന്‍ ടീമുകള്‍ പേടിച്ചിരുന്നു.
അന്നത്തെ ആ അജയ്യത തിരികെ പിടിക്കാനുള്ള കുതിപ്പ് സ്റ്റീവ് സ്മിത്തിന് കീഴില്‍ നടത്തിവരുമ്പോളാണ് 2018ല്‍ ലോകത്തിന്റെ മുന്നില്‍ ഓസീസ് ടീം തീരാകളങ്കമായത്. അതെല്ലാം മായ്ചെടുത്ത് വീണ്ടും മുന്നേറ്റം തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ആഷസില്‍ 4-0ന്റെ വിജയം. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക പട്ടികയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി മുന്നില്‍. ഇപ്പോളിതാ ഇന്ത്യയെ നിഷ്പ്രഭരാക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന കിട്ടാക്കനിയും നേടിയെടുത്തിരിക്കുന്നു. പാറ്റ് കമ്മിന്‍സിന് കീഴിലുള്ള ഈ ടീം ഇംഗ്ലണ്ടിലെ മണ്ണില്‍ ആഷസ് പരമ്പരയ്ക്കിറങ്ങുമ്പോള്‍ പരമ്പര നിലനിര്‍ത്തിയാല്‍ അത് തന്നെയാകും നിലവിലെ ഓസീസ് ടീം അജ്ജയ്യപാതയിലേക്കെന്ന് വിലയിരുത്താനുള്ള അവസരവും. ചരിത്രം തിരുത്തുമെന്ന് ഓസീസ് മുന്‍താരം മക്ഗ്രാത്ത് വാക്പോരിന് തുടക്കമിട്ടുകഴിഞ്ഞു. ഇതിനെതിരെ സ്റ്റോക്സും സംഘവും കരുതിയിരിക്കുന്നതും പരമ്പര തുടങ്ങുന്നതോടെ വെളിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: