സോബിന്‍ ലാല്‍
കോത്തല സൂര്യക്ഷേത്രത്തിന്റെയും വൈദിക പഠന കേന്ദ്രത്തിന്റെയും കാരണഭൂതനായിരുന്ന സൂര്യനാരായണ ദീക്ഷിതര്‍ സ്വാമിയുടെ ജനനം 1899 തുലാമാസത്തിലെ അശ്വതി നക്ഷത്രത്തിലായിരുന്നു. ചേര്‍ത്തല കളവങ്കോടം ക്ഷേത്രത്തിന് സമീപത്തുള്ള കായിപ്പള്ളി വീട്ടില്‍ ഇത്തമ്മയുടെയും കൊച്ചെറുക്കന്റെയും മകനായി പിറന്ന സൂര്യനാരായണ ദീക്ഷിതതരുടെ പൂര്‍വ്വാശ്രമ നാമം നാരായണന് എന്നായിരുന്നു. വല്യവീട്ടില്‍ തങ്കനാശാനായിരുന്നു നാരായണന്റെ എഴുത്താശാന്‍. പിന്നീട് നാണു കര്‍ത്താവില്‍നിന്ന് അമരകോശം, സിന്ധരൂപം, ബാലപ്രബോധനം, വ്യാകരണം എന്നിവ പഠിച്ചു. ജ്യോതിഷം, സംസ്കൃതം എന്നിവ ചേര്‍ത്തല കളരിക്കല്‍ ശങ്കരന് ജ്യോത്സ്യരുടെ ഗുരുകുലത്തില്‍ നിന്ന് സ്വായത്തമാക്കി.ജ്യോത്സ്യത്തിന് പുറമേ തന്ത്രശാസ്ത്രം, വൈദ്യം, വേദാന്തം, തര്‍ക്കശാസ്ത്രം തുടങ്ങിയവയിലും പണ്ഡിതനായിരുന്നു ശങ്കരനാശാന്.
ശങ്കരന് ജ്യോത്സ്യരുടെ ഒപ്പം ഒന്‍പത് വര്‍ഷത്തെ പഠനത്തിന് ശേഷം നാരായണന് ‘കവടി കൂടാതെ ഫലം പറയും’ എന്ന ഗുരുവിന്റെ വാക്കില്‍ അനുഗൃഹീതനായി. തുടര്‍ന്ന് ഗുരുവായ ശങ്കരനാശാനൊപ്പം ശിവഗിരിയില്‍ പോയി ശ്രീനാരായണ ഗുരുദേവനെ കണ്ട് അനുഗ്രഹം വാങ്ങി. പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചെഴുന്നേറ്റ നാരായണനോട് ഗുരുദേവന് ‘ഇഷ്ടദേവത സൂര്യനാണല്ലേ? കൊള്ളമല്ലോ ഉപാസനാ മൂര്‍ത്തിയാക്കിക്കൊള്ളൂ, നാമം സൂര്യനാരായണന് തന്നെയാവട്ടെ’ എന്നും അനുഗ്രഹിച്ചു.
സൂര്യനാരായണന് പിന്നീട് നാട്ടില്‍ തിരിച്ചെത്തി മന്ത്രസിദ്ധികള്‍ സ്വായത്തമാക്കി സൂര്യോപാസകനായി. വീടുകളില്‍ കല്യാണം, ഹവനം, ശേഷക്രിയ തുടങ്ങിയവ ചെയ്തു തുടങ്ങി. പിന്നീട് ആത്മീയതേജസും സിദ്ധിയും ആര്‍ജിക്കുന്നതിനായി കന്യാകുമാരിയില്‍ നിന്നും വടക്കേയറ്റം വരെയുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷാംദേഹിയായി ഊരുചുറ്റി തീര്‍ഥാടനം നടത്തി. സമാപനം ഹരിദ്വാറിലായിരുന്നു. മടങ്ങിയെത്തി കോട്ടയത്തെ കിഴക്കന്‍ മലയോരഗ്രാമമായ തലനാടിനടുത്തുള്ള ഇല്ലിക്കല്‍ മലയിലെത്തി ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ച് സിദ്ധി നേടി. പിന്നീട് പാമ്പാടിക്ക് സമീപം കോത്തല എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഭജനമഠത്തില്‍ സ്ഥിരവാസമാക്കി. ആശാന് എന്ന പേരില്‍ ഭജന മഠത്തിലും പരിസരത്തും അദ്ദേഹം പ്രസിദ്ധനായി. ആശാന്റെ ശിഷ്യത്വം നേടി പലരും ഭജന മഠത്തിലെത്തി. അവരുടെയെല്ലാം ആഗ്രഹ പൂര്‍ണതയ്ക്കായി ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം എന്ന പേരില്‍ വൈദിക പഠനകേന്ദ്രം തുടങ്ങി. ധനസ്ഥിതി കുറവായതിനാല്‍ മഠത്തില്‍ സൂര്യഭഗവാന് ക്ഷേത്രം നിര്‍മിച്ചിരുന്നില്ല. മഠത്തിനു മുമ്പില്‍ തുളസിത്തറ തീര്‍ത്ത് ദേവസാന്നിദ്ധ്യവും ഗുരുദേവ ചൈതന്യവും ആവാഹിച്ചാണ് ആശാന് അവിടെ അധ്യാപനം തുടങ്ങിയത്.
ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഗുരുകുല പഠനരീതിയാണ് സൂര്യനാരായണന് പിന്തുടര്ന്നത്. ഗുരുവിന്റെ സിദ്ധിയും പ്രസിദ്ധിയും നാടെങ്ങും പരന്നു. വിശ്വാസികളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു. മഠം അഭിവൃദ്ധിയുടെ പാതയിലെത്തിയതോടെ ഭജന മഠത്തോടു ചേര്‍ന്ന് ചെറിയ ശ്രീകോവിലും ചുറ്റുമതിലും തീര്‍ത്ത് ഇഷ്ടമൂര്‍ത്തിയായ സൂര്യഭഗവാനെ പ്രതിഷ്ഠിച്ചു. ഏറെ കഴിയും മുമ്പേ സൂര്യനാരായണ ദീക്ഷിതര്‍ എന്ന പേരില്‍ നാരായണനും, സൂര്യനാരായണപുരം (എസ്എന്‍ പുരം) എന്ന പേരില്‍ കോത്തലയും ഭക്തരുടെ ഹൃദയങ്ങളില്‍ ഇടംനേടി. സാധനാനുഷ്ഠാനങ്ങള്‍ കൊണ്ട് സംന്യാസ തുല്യ ജീവിതം നയിച്ച സൂര്യനാരായണന് അവസാനം ഗുരുദേവ ശിഷ്യനായ അമൃതാനന്ദ സ്വാമിയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു.
പിന്നീട് സൂര്യനാരായണപുരം ക്ഷേത്രത്തില്‍ സൂര്യഭഗവാന്റെ പഞ്ചലോഹ പ്രതിഷ്ഠ നടത്തി. ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ശ്രീനാരായണ തീര്‍ത്ഥ സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ എസ്എന്‍ പുരം ദേവസ്വം എന്ന പേരില്‍ ഒരു സംഘടനയും സ്ഥാപിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂര്യക്ഷേത്രമെന്ന പ്രസിദ്ധിയും ആ കാലയളവില്‍ എസ്എന്‍ പുരം സൂര്യക്ഷേത്രത്തിന് ലഭിച്ചു. ക്ഷേത്രത്തിന് സമീപം ശ്രീനാരായണ ഗുരുദേവനായി ഗുരുമന്ദിരവും സ്ഥാപിച്ചു. ‘ഓം ശാന്തി ഗുരു’ എന്ന് ആലേഖനം ചെയ്ത കണ്ണാടിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ലഘുപൂജാരത്നം എന്ന വൈദികഗ്രന്ഥവും മലക്കല് ശങ്കരന് ജ്യോത്സ്യര് രചിച്ച അനുബന്ധ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഇവിടെ വൈദിക പാഠ്യപദ്ധതി തയ്യാറാക്കിരിക്കുന്നത്. ശിവഗിരിമഠത്തിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. സൂര്യക്ഷേത്രത്തില് സൂര്യാര്‍ഘ്യമെന്ന പേരില്‍ വിശിഷ്ടമായ അനുഷ്ഠാനവും നടക്കുന്നു. ഗണപതി, വിഷ്ണു, ശിവന്, ദേവി എന്നീ മൂര്‍ത്തികളെ ശ്രീകോവിലിലെ പ്രധാന പീഠത്തില്‍ സാളഗ്രാമത്തില്‍ പൂജിക്കുന്നു. ഞായറാഴ്ച തോറും നവഗ്രഹപൂജയും നവഗ്രഹശാന്തി ഹവനവും നടത്തി വരുന്നു. സൂര്യഭഗവാന്റെ സന്നിധില്‍ എഴുത്തിനിരുത്തുന്നതും പേരിടുന്നതും ചോറൂണ് നടത്തുന്നതും വിശേഷമാണ്. സൂര്യനാരായണ ദീക്ഷിതരുടെ ജന്മനക്ഷത്രമായ തുലാമാസത്തിലെ അശ്വതി ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവദിനമാണ്.
സൂര്യനാരായണ ദീക്ഷിതര്‍ സ്വാമിയുടെ ദിനചര്യയ്ക്കുമുണ്ടായിരുന്നു പുതുമ. ചതുര്‍വേദങ്ങളും ഭഗവദ്ഗീതയും വ്യാസഭാരതവും സ്വാമിയുടെ നിത്യപാരായണ ഗ്രന്ഥങ്ങളായിരുന്നു.
സവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമവും. അമ്പതു വയസ്സിനു മുമ്പേ അരിയാഹാരം പൂര്‍ണമായും ഉപേക്ഷിച്ചു. ത്രിമധുരം, ഒരു ഗ്ലാസ് പാല് ഇതായിരുന്നു ആഹാരം. സ്വാമിയുടെ വൈദിക ശിഷ്യരില്‍ പലരും അധ്യാത്മികരംഗത്തും വൈദിക കര്‍മങ്ങളിലും പേരും പെരുമയും നേടിയവരാണ്.
2000 ജൂണ്‍ 13ന് 101-ാം വയസിലാണ് സൂര്യനാരായണ ദീക്ഷിതര്‍ സ്വാമി ഇഹലോകവാസം വെടിഞ്ഞത്. പിറ്റേന്ന് ഉച്ചക്ക് രണ്ടു മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ സാമധി ചടങ്ങ് നടന്നു. സൂര്യനാരായണ ഗുരുവിന്റെ സ്മരണ നിലനിര്‍ത്താനായി ശിഷ്യര്‍ സ്ഥാപിച്ചതാണ് സൂര്യനാരായണ ഗുരുകുല ശ്രീനാരായണ വൈദിക പരിഷത്ത്. കേരളത്തിലെ ആറ് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പുരോഹിതര്‍ ഈ വൈദിക പരിഷത്തിലെ പഠിതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: