തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് കോട്ടയം നാഷണല്‍ ഹോമിയോപതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് (എന്‍.എച്ച്.ആര്‍.ഐ.എം.എച്ച്) തൊഴിലാളികള്‍ക്കുള്ള ഒരു കോടിയോളം രൂപയുടെ വേതന കുടിശിക വിതരണം ചെയ്തു.
ബിഎംഎസ് യൂണിയന്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍മന്ത്രാലയും ഇടപെട്ടത് .
വേതന കുടിശികകയ്‌ക്കായി സ്ഥാപനം നല്‍കിയ 98,84,650 രൂപയുടെ ചെക്കുകള്‍ ഇന്ന് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. കോട്ടയത്തെ നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തില്‍ നിയമിച്ചിരുന്ന 87 കരാര്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം വേതന വര്‍ദ്ധനവും കുടിശികയും ലഭിച്ചത്. 2018 ജൂണ്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വേതനങ്ങള്‍ പരിഷ്‌ക്കരിച്ചിരുന്നു.
എന്നാല്‍ സ്ഥാപനത്തില്‍ അത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കേന്ദ്ര ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ വിശദമായ പരിശോധനയില്‍ ജീവനക്കാരുടെ വേതനത്തില്‍ 96,23,488 രൂപയുടെ കുറവുണ്ടായതായി കണ്ടെത്തി. ഇതേതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ വിവരങ്ങളും ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ശേഖരിച്ചു.
പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് വേണ്ടി മിനിമം വേജ് ആക്ടിന് കീഴിലുള്ള അതോറിറ്റിയില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. എല്ലാ കക്ഷികളേയും കേട്ടശേഷം ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സമര്‍പ്പിച്ച അപേക്ഷ നിയമപരവും വസ്തുതാപരവുമാണെന്ന് കണ്ടെത്തിയ അതോറിറ്റി പതിനഞ്ചുദിവസത്തിനകം വേതനം പരിഷ്‌ക്കരിക്കുന്നതിനും അതോടൊപ്പം ഓരോ ജോലിക്കാര്‍ക്കും 1000 രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനും ഉത്തരവിട്ടു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം ഓരോ തൊഴിലാളിയുടെയൂം പേരിലുള്ള ചെക്ക് ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് എന്‍.എച്ച്.ആര്‍.ഐ.എം.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ: കെ.സി. മുരളീധരന്‍, കേന്ദ്ര ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ശ്രീ. ലാന്‍ഡാ മുരളീകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് കോട്ടയത്തെ എന്‍.എച്ച്.ആര്‍.ഐ.എം.എച്ചില്‍ വച്ച് ജീവനക്കാര്‍ക്ക് വേതനകുടിശിക കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: