തിരുവനന്തപുരം: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രോണിക്സ്,ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ .
ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പറയുന്നത് നുണയാണെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ഡോര്സിയുടെയും സംഘത്തിന്റെയും കീഴിലുള്ള ട്വിറ്റര്‍ ഇന്ത്യന്‍ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2020 മുതല്‍ 2022 വരെ ആവര്‍ത്തിച്ച് നിയമം ലംഘിച്ചിരുന്നു ട്വിറ്റര്‍. പിന്നീട് 2022 ജൂണില്‍ മാത്രമാണ് അവര്‍ നിയമം പാലിച്ചത്. ആരും ജയിലില്‍ പോകുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതിന് ഡോര്‍സിയുടെ നേതൃത്വത്തിലുളള ട്വിറ്റര്‍ തയാറായിരുന്നില്ല.ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ലെന്ന രീതിയിലാണ് അവര്‍ പെരുമാറിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
2021 ജനുവരിയില്‍ നടന്ന പ്രതിഷേധത്തിനിടെ ധാരാളം തെറ്റായ വിവരങ്ങളും വംശഹത്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വ്യാജമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യാജവാര്‍ത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനുള്ള സാധ്യതയുള്ളതിനാല്‍ തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: