Categories: India

70,000 ത്തോളം പേര്‍ക്ക് നിയമനക്കത്തുകള്‍ കൈമാറി, 25 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാഷ്‌ട്രമാകുമെന്ന് റോസ്ഗര്‍ മേളയില്‍ നരേന്ദ്രമോദി

തൊഴില്‍ മേളകള്‍ എന്‍ഡിഎയുടെയും ബിജെപിയുടെയും പുതിയ സവിശേഷതയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Published by

ന്യൂദല്‍ഹി : കേന്ദ്ര സര്‍വീസുകളില്‍ പുതുതായി നിയമിതരായ  70,000 ത്തോളം പേരെ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫന്‍സിലൂടെ അഭിസംബോധന ചെയ്തു.  ഇവര്‍ക്ക്  നിയമനക്കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.

ഇന്ന് ഇന്ത്യ ഒരു പതിറ്റാണ്ട് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും ശക്തവുമായ രാജ്യമാണ്. രാഷ്‌ട്രീയ സ്ഥിരതയ്‌ക്കും നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാരിനും  പരിഷ്‌കാരങ്ങള്‍ക്കും പേരുകേട്ടതാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.  

തൊഴില്‍  മേളകള്‍ എന്‍ഡിഎയുടെയും ബിജെപിയുടെയും പുതിയ സവിശേഷതയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇത്തരം തൊഴില്‍ മേളകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെയും സ്റ്റാന്‍ഡപ്പ് ഇന്ത്യയുടെയും പിന്തുണയോടെ യുവാക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചതായി മോദി പറഞ്ഞു. സര്‍ക്കാര്‍ ജോലികളിലേക്ക് ചുവടുവെക്കുന്നവര്‍ക്ക് ഇത് നിര്‍ണായകമായ കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ആസാദി കാ അമൃത് കാലിന്റെ യുഗം അടുത്തിടെ ആരംഭിച്ചു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം പുതിയ റിക്രൂട്ട്മെന്റുകള്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാഷ്‌ട്രീയ അഴിമതിയും പൊതുപണത്തിന്റെ ദുരുപയോഗവും മുന്‍ സര്‍ക്കാരുകളുടെ മുഖമുദ്രയായിരുന്നു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ഈ തൊഴില്‍ കാമ്പയിന്‍ സുതാര്യതയുടെയും മികച്ച ഭരണത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ കുടുംബാധിഷ്ഠിത രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വജനപക്ഷപാതവും അഴിമതിയും പ്രോത്സാഹിപ്പിച്ചതെങ്ങനെയെന്ന് രാജ്യം കണ്ടിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഭാഷ ഒരിക്കലും തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ രാജ്യത്തെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള പുതിയ വേദിയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം 43 സ്ഥലങ്ങളിലാണ് റോസ്ഗര്‍ മേള നടക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന സര്‍ക്കാരുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ ഉദ്യമത്തെ പിന്തുണച്ച് റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക