പാലക്കാട് : ഗസ്റ്റ് അധ്യാപക നിയമനത്തിനായി വ്യാജ രേഖകള്‍ നല്‍കിയത് സംബന്ധിച്ച് അട്ടപ്പാടി കോളേജ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ വിദ്യ ആരോപണം നിരസിച്ചതായി തെളിവുകള്‍. കോളേജ് അധികൃതര്‍ വിദ്യയുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയും പോലീസിന് കൈമാറി.
ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ ഗസ്റ്റ് അധ്യാപികയ്‌ക്കുള്ള ഇന്റര്‍വ്യൂവിന് എത്തുന്നത്. ശേഷം രേഖകള്‍ പരിശോധിച്ചപ്പോള്‍ അധികൃതര്‍ക്ക് സംശയം തോന്നി മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടു. പിന്നീട് വിദ്യയോ ഫോണില്‍ വിളിച്ച് രേഖകള്‍ വ്യാജമല്ലേയെന്ന് അന്വേഷിച്ചു. എന്നാല്‍ വിദ്യ അല്ലെന്ന് മറുപടി നല്‍കുകയായിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ആര് പറഞ്ഞെന്ന് വിദ്യ തിരിച്ചു ചോദിച്ചപ്പോള്‍ മഹാരാജാസ് കോളേജ് എന്ന് മറുപടി നല്‍കി. ഇതിന് മറുപടിയായി താന്‍ അന്വേഷിക്കട്ടെ എന്നായിരുന്നു വിദ്യയുടെ പ്രതികരണം. ഈ ശബ്ദരേഖ അധികൃതര്‍ പോലീസിന് നല്‍കും. പോലീസ് ഇത് പരിശോധിക്കും.
അതിനിടെ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ. വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമല്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തുകയായിരുന്നു. കേസ് പുറത്തുവന്നതിന് പിന്നാലെ വിദ്യ ഒളിവിലാണ്. പോലീസ് കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: