കൊച്ചി : പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് മോന്സന് മാവുങ്കലില്‍ നിന്നും പണം വാങ്ങിയതായി ക്രൈംബ്രാഞ്ച്. മോന്‍സനില്‍ നിന്നും പത്ത് ലക്ഷം രൂപയോളം കെ. സുധാകരന് വാങ്ങിയെന്നതിന് തെളിവുകള്‍ ഉണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണ സംഘം ഇക്കാര്യം കോടതിയിലും അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരന് അന്വേഷണ സംഘം നോട്ടീസും നല്‍കിയിട്ടുണ്ട്. മോന്സന് മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ തിങ്കളാഴ്ചയാണ് പ്രതി ചേര്‍ത്തത്. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍ സിദ്ദിഖ് പുറായില്‍ അനൂപ് വി. അഹമ്മദ് സലീം എടത്തില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ എന്നിവരാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ കെ. സുധാകരനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം കോടതിയിലും അറിയിച്ചിരിക്കുന്നത്.
സുധാകരനെ കേസില്‍ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. മോന്സന് മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്സന് മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22 ന് മോന്‍സന്റെ കലൂരുലുള്ള വീട്ടില്‍വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തില്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പുരാവസ്തുക്കള്‍ വിറ്റതുമായി ബന്ധപ്പെട്ട് 2.62 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് മോന്സന് മാവുങ്കല്‍ പരാതിക്കാരില്‍ നിന്നും പണം തട്ടിയത്. പാര്‍ലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരന് പണ വിട്ടുകിട്ടാനുള്ള തടസ്സങ്ങള്‍ നീക്കി നല്‍കാമെന്ന് ഉറപ്പും നല്കി. അത് വിശ്വസിച്ചാണ് പണം നല്‍കിയത്. കൈമാറിയ 25 ലക്ഷത്തില്‍ 10 ലക്ഷം സുധാകരന് കൈപ്പറ്റിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കെ. സുധാകരന് എംപി എന്നാണ് ഇവരുടെ പരാതിയില്‍ ഉളളതെങ്കിലും 2018 ല്‍ സംഭവം നടക്കുമ്പോള്‍ സുധാകരന് എംപിയും കെപിസിസി പ്രസിഡന്റുമായിരുന്നില്ല.
കെ സുധാകരനും മോന്സന് മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്, മുന്‍മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തുടങ്ങവര്‍ക്കൊപ്പമുളള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം മോന്‍സനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നാണ് സുധാകരന് വിഷയത്തില്‍ പ്രതികരച്ചത്. തട്ടിപ്പിനായി മോന്സന് തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതിനെതിരെ നടപടി കൈക്കൊള്ളും. കണ്ണ് ചികിത്സയ്ക്കായി മോന്‍സന്റെ അടുത്ത് അഞ്ചുതവണ പോയിട്ടുണ്ട്. ഫലമില്ലെന്ന് കണ്ടതോടെ നിര്‍ത്തിയെന്നാണ് സുധാകരന് വിവാദം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചത്. സംഭവത്തില്‍ ഇന്ന് 11 മണിക്ക് സുധാകരന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: