പാലക്കാട്/കൊച്ചി: എസ്എഫ്‌ഐ നേതാവ് കെ. വിദ്യക്കെതിരായ വ്യാജരേഖ കേസില്‍ മഹാരാജാസ് കോളജിലും, അട്ടപ്പാടി കോളജിലും പോലീസ് തെളിവെടുപ്പ് നടത്തി. അഗളി ഡിവൈഎസ്പി കെ. മുരളീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അട്ടപ്പാടി കോളജില്‍ വിദ്യ നല്കിയ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പി, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുള്‍പ്പെടെ എല്ലാ രേഖകളും ശേഖരിച്ചതായി ഡിവൈഎസ്പി പറഞ്ഞു.
എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിദ്യയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും, അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി പ്രിന്‍സിപ്പലിനൊപ്പം അന്ന് പാനലില്‍ ഉണ്ടായിരുന്ന അധ്യാപകരുടെയും മൊഴിയെടുത്തു. ഇന്ന് ചിറ്റൂരിലുള്ള അധ്യാപികയുടെ മൊഴി രേഖപ്പെടുത്തും.
മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പല്‍ ലീവായിരുന്നതിനാല്‍ വൈസ് പ്രിന്‍സിപ്പലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്നു വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിള പറഞ്ഞു.
വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് ബോധ്യപ്പെട്ടെന്നും വിദ്യക്കായി അന്വേഷണം തുടരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. വിദ്യക്കെതിരായ വ്യാജരേഖ കേസ്, പിഎച്ച്ഡി പ്രവേശനത്തിലെ ക്രമക്കേടുകള്‍ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നത്. സംവരണം അട്ടിമറിച്ചാണ് വിദ്യയുടെ പിഎച്ച്ഡി പ്രവേശനം എന്നതിന്റെ കൂടുതല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ അധ്യാപന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിന് പ്രതിസ്ഥാനത്തുള്ള വിദ്യ ഇപ്പോഴും അദൃശ്യയായി തുടരുന്നുവെന്നാണ് അഗളി പോലീസ് പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വൈകാതെ വിദ്യക്ക് ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള നോട്ടിസ് കൈമാറും. മഹാരാജാസ് കോളജിന്റെ പേരില്‍ വിദ്യ സമര്‍പ്പിച്ച അധ്യാപന പ്രവൃത്തിപരിചയ സാക്ഷ്യപത്രം വ്യാജമെന്ന പരാതിയില്‍ വരും ദിവസം കൂടുതല്‍ പേരില്‍നിന്നു പോലീസ് മൊഴി രേഖപ്പെടുത്തും.
മഹാരാജാസ്, അട്ടപ്പാടി കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കു പുറമെ, അട്ടപ്പാടിയില്‍ വിദ്യയെ ഇന്റര്‍വ്യൂ ചെയ്ത പാനലിലുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരിക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം പോലീസ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: