മുംബൈ: ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ കരുതല്‍ ധനശേഖരത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്കി റിസര്‍വ്വ് ബാങ്ക്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം 40 ശതമാനത്തോളം വര്‍ധിച്ചു. 2017 നവമ്പര്‍ മുതലാണ് റിസര്‍വ്വ് ബാങ്ക് സ്വര്‍ണ്ണശേഖരം ഉയര്‍ത്തിതുടങ്ങിയത്. 2017 നവമ്പറില്‍ 556.75 ടണ്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം 2023 ഏപ്രിലില്‍ 790 ടണ്ണായി ഉയര്‍ന്നു.
ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ 237.94 ടണ്ണോളം സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് വാങ്ങിക്കൂട്ടി. പണപ്പെരുപ്പം മൂലം ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന് മൂല്യശോഷണം സംഭവിക്കാതിരിക്കാനും സ്വര്‍ണ്ണശേഖരം നല്ലതാണെന്ന് കണക്കുകൂട്ടലുണ്ട്.
2017ല്‍ ഇന്ത്യയുടെ ആകെയുള്ള ഇന്ത്യയുടെ കരുതല്‍ധനത്തിന്റെ അഞ്ച് ശതമാനമായിരുന്നു സ്വര്‍ണ്ണമെങ്കില്‍ ഇന്നത് 7.81 ശതമാനമായി. മാത്രമല്ല, കോവിഡ് പോലുള്ള മഹാമാരി ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാനും സ്വര്‍ണ്ണശേഖരം നല്ലതാണെന്ന് കരുതുന്നു. ഇന്ത്യയുടെ സ്വര്‍ണ്ണശേഖരത്തില്‍ 437.22 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്മെന്റിലുമാണ് റിസര്‍വ്വ് ബാങ്ക് സൂക്ഷിച്ചിരിക്കുന്നത്. 301.10 ടണ്‍ മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നുള്ളൂ.
2023 ജനവരി-ഏപ്രില്‍ മാസക്കാലത്ത് വിവിധ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ്ണം കൂടുതലായി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ റിസര്‍വ്വ് ബാങ്ക് 7.28 ടണ്‍ സ്വര്‍ണ്ണം വാങ്ങി.
വിവിധ രാജ്യങ്ങള്‍ ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ഒരു കാരണം അമേരിക്ക റഷ്യയുടെ മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഡോളര്‍ പറ്റില്ലെന്ന് വന്നു. ഇതോടെയാണ് സ്വര്‍ണ്ണത്തിലേക്കും മറ്റ് നാണയങ്ങളിലേക്കും മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: