ചെന്നൈ: ഇന്ത്യയുടെ ഭാവിയില്‍ തമിഴകത്തു നിന്നൊരു പ്രധാനമന്ത്രിക്കുള്ള സാധ്യതകള്‍ വളരെ വലുതാണെന്ന് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ അധ്യക്ഷനുമായ അമിത് ഷാ. തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ യോഗത്തിലാണു ദ്രാവിഡ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന സൂചന നല്‍കിയത്. തമിഴ്നാട്ടിലേക്കു പ്രധാനമന്ത്രിപദമെത്തുന്നതിനു മുന്‍പു രണ്ടു തവണ സാധ്യതകളുണ്ടായിരുന്നെങ്കിലും ഡിഎംകെയാണ് ഇത് ഇല്ലാതാക്കിയതെന്ന് അമിത് ഷാ പറഞ്ഞു.2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് 20 സീറ്റുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ച അമിത് ഷാ ഇതിനായി ബൂത്ത് കമ്മിറ്റികള്‍ ശക്തമാക്കണമെന്നും വ്യക്തമാക്കി.
2ജി, 3ജി, 4ജി പാര്‍ട്ടികളെ ഭരണത്തില്‍ നിന്നു തൂത്തെറിയാന്‍ സമയമായെന്നു പിന്നീടു വെല്ലൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെയും ഡിഎംകെയെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
തമിഴകത്തിന്റെ മക്കള്‍ക്ക് അധികാരം നല്‍കേണ്ട സമയമായി. കോണ്‍ഗ്രസും ഡിഎംകെയും 2ജി, 3ജി, 4ജി പാര്‍ട്ടികളാണ്. 2ജി എന്നാല്‍ രണ്ടു തലമുറയെന്നാണു താന്‍ ഉദ്ദേശിച്ചതെന്നും 2ജി സ്പെക്ട്രം അഴിമതിയല്ലെന്നും അമിത് ഷാ വിശദീകരിച്ചു. 3ജി എന്നാല്‍ മൂന്നു തലമുറ. 4ജി നാലു തലമുറ. ഡിഎംകെയിലെ മാരന് കുടുംബം രണ്ടു തലമുറയ്ക്കു വേണ്ടിയുള്ള അഴിമതി ചെയ്തു. കരുണാനിധി കുടുംബം മൂന്നു തലമുറയ്ക്കു വേണ്ടി അഴിമതി നടത്തി. രാഹുല്‍ ഗാന്ധി അധികാരം ആസ്വദിക്കുന്ന നാലാംതലമുറക്കാരനാണെന്നും അമിത് ഷാ. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: