കരുനാഗപ്പള്ളി (കൊല്ലം): കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കേന്ദ്രമന്ത്രി അമൃതപുരിയിലെത്തിയത്. ആശ്രമത്തില്‍ മുതിര്‍ന്ന സ്വാമിമാരുടെ നേതൃത്വത്തില്‍ മന്ത്രിയെ സ്വീകരിച്ചു. ഭാര്യ സവിതബെന്‍ രൂപാല, നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അരമണിക്കൂറോളം നേരം അമ്മയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളി പ്രതിനിധികളും ആലപ്പാട് പഞ്ചായത്ത് അധികൃതരുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി.
ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനിടെ ഒറ്റപ്പെട്ടു പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായി കരയുമായി ബന്ധപ്പെടാന്‍ കഴിയുന്ന, അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ചെടുത്ത ‘ഓഷ്യന്‍ നെറ്റ്’ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സംവിധാനം പ്രൊഫ. സേതു റാവു കേന്ദ്രമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
ഒന്നേകാല്‍ മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ച മന്ത്രി വൈകിട്ട് 6.15നാണ് അമൃതപുരിയില്‍ നിന്ന് മടങ്ങിയത്. തീരദേശമേഖലകളിലെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി എറണാകുളം, ആലപ്പുഴ ജില്ലകളിലെ സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെയാണ് കൊല്ലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: