ന്യൂദല്‍ഹി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മാത്രമല്ല ആഭ്യന്തര വകുപ്പ് ഭരിക്കുന്നതും എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്നതിന്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരായ കേസെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ന്യായീകരിച്ചതിലൂടെ സിപിഎമ്മിന്റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തമായെന്നും വി. മുരളീധരന്‍ ആരോപിച്ചു.
എസ്എഫ്ഐ നേതാവ് എഴുതാത്ത പരീക്ഷ പാസായി എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് മഹാ അപരാധമായാണ് സിപിഎം കാണുന്നതെന്ന് വ്യക്തം. വധശ്രമമടക്കം ഒരു ഡസന്‍ കേസുകളില്‍ പ്രതിയായ, സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നത്. വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആള്‍മാറാട്ടക്കാരന്‍ നേതാവും സുഖമായി കറങ്ങി നടക്കുമ്പോള്‍ അഖില നന്ദകുമാര്‍ പ്രതിയാവുന്ന കാലം. കത്തിക്കുത്തു കേസ് പ്രതികള്‍ പിഎസ്‌സി പട്ടികയില്‍ ഇടംപിടിക്കുന്ന പിണറായി ഭരണമാണ് നടക്കുന്നത്. എസ്എഫ്ഐ ഗൂണ്ടകള്‍ കലാലയം കീഴടക്കുമ്പോള്‍ അധ്യാപകര്‍ പോലും നിസഹായരാണ്.
തിരുവനന്തപുരം ലോ കോളജിലെ ഡോ.വി.കെ. സഞ്ജുവും കാസര്‍കോട് കോളജിലെ ഡോ. രമയും ഉദാഹരണങ്ങളാണ്. കായികമായി ആക്രമിക്കപ്പെട്ടാലും കേസും നടപടിയും നേരിടേണ്ടി വരുന്നത് അധ്യാപകര്‍ എന്ന വിചിത്രമായ രീതിയാണ് കേരളത്തിലുള്ളത്. ഇന്നത്തെ ഗൂണ്ടകള്‍ നാളത്തെ നേതാക്കള്‍ എന്ന സിപിഎം നയമാണ് കുട്ടിസഖാക്കള്‍ക്ക് ഊര്‍ജമേകുന്നത്. കേരള സര്‍വകലാശാലയിലെ പ്രൊഫ. വിജയലക്ഷ്മിയുടെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ. റഹിമും സിഎംഎസ് കോളജ് തല്ലിപ്പൊളിച്ച ജെയ്‌ക്ക് സി. തോമസുമെല്ലാം പാര്‍ട്ടിയില്‍ പ്രമുഖരാകുമ്പോള്‍ ആര്‍ഷോമാര്‍ക്ക് ആവേശം തോന്നുക സ്വാഭാവികമാണ്. മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ ഗോവിന്ദന്‍ മാഷിന്റെ സ്റ്റഡി ക്ലാസുകള്‍ തുടരട്ടെയെന്നും കേരളം നമ്പര്‍ വണ്‍ ആണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും വി. മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: