അന്ധമായാണ് പ്രതിരോധിച്ചിരുന്നതെന്ന് തിരിച്ചറിയുമ്പോള്‍ തെറ്റിയത് തിരുത്തുകയെന്നതാണ് വിവേകം. നിലപാടുകളും അഭിപ്രായങ്ങളെപ്പോലെ ‘ഇരുമ്പുലക്ക’യല്ലാതാകുന്നത് അങ്ങനെയാണ്. ‘അഭിപ്രായം ഇരുമ്പുലക്കയല്ലാതായത്’ ഒരു ചരിത്ര സംഭവമാണ്. കേരളത്തില്‍ ജാതി വിവേചനം അതിന്റെ രൂക്ഷ ഘട്ടത്തില്‍ നിന്നകാലം. അതേസമയം ജാതിവിവേചനത്തിനെതിരേ ‘മേല്‍ജാതിക്കാരെന്നും സവര്‍ണ’രെന്നും വിളിപ്പേര്‍ വീണവര്‍, ക്ഷേത്രപരിസരത്തുള്ള പ്രവേശന വിലക്ക് സര്‍വ്വ ജാതിക്കാര്‍ക്കും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷ സമരം നടത്തിയ കാലം; അതാണല്ലോ വൈക്കം സത്യഗ്രഹം, ആ സമരത്തിന്റെ ശതാബ്ദിയാഘോഷിക്കുന്ന കാലമാണല്ലോ ഇത്.
ജാതിവിവേചനത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ (1903) നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടന്നു. കേരള കൗമുദി പത്രാധിപരും സമുദായ നേതാവും എസ്എന്‍ഡിപി യോഗം ഭാരവാഹിയുമായിരുന്ന സി.വി. കുഞ്ഞിരാമന്‍ അക്കാലത്ത് പുറപ്പെടുവിച്ച ശക്തമായ അഭിപ്രായം, ഹിന്ദുമതത്തിലെ വിവിധ വിഭാഗങ്ങളെ ചിന്തിപ്പിക്കുന്നതായിരുന്നു; 1926 ല്‍ അദ്ദേഹം പറഞ്ഞു, പത്രത്തില്‍ നിലപാട് എഴുതി, ”ഈഴവ സമുദായം ബുദ്ധമതത്തിലേക്ക് മാറണ”മെന്ന്. ഏറെ കോളിളക്കമുണ്ടാക്കിയ ഈ അഭിപ്രായം കുറച്ചുകൂടി കടുപ്പിച്ച്, 1933 ല്‍ അദ്ദേഹം ഇങ്ങനെ തിരുത്തി: ”ഈഴവര്‍ മതം മാറേണ്ടത് ക്രിസ്തുമതത്തിലെക്കാണ്”. അത് ഞെട്ടിപ്പിക്കുന്ന നിലപാടായി. ഇത് ആദ്യ നിലപാടിന് വിരുദ്ധമാണ്, അടിക്കടി അഭിപ്രായം മാറ്റുന്നു എന്നിങ്ങനെ ആരോപണം വന്നപ്പോള്‍ അദ്ദേഹം നടത്തിയ പ്രസ്താവനയായിരുന്നു: ”അഭിപ്രായം ഇരുമ്പുലക്കയല്ല” എന്നത്. അത് പിന്നീട് പ്രശസ്തമായ ചൊല്ലായി. എസ്എന്‍ഡിപി യോഗവും മുന്നിട്ടിറങ്ങി ആര്‍. ശങ്കറിന്റെ നേതൃത്വത്തില്‍ പില്‍ക്കാലത്ത് ഹിന്ദുമതത്തിലെ അവാന്തര വിഭാഗങ്ങള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ്, ‘ഹിന്ദുമഹാ മണ്ഡലം’ രൂപീകരിച്ചത് (1950) ഈ ഇരുമ്പുലക്കവാദം കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തായുടെ ഉദ്ഘാടനം രാഷ്്ട്രീയ പ്രതിപക്ഷകക്ഷികളില്‍ ചിലര്‍ ബഹിഷ്‌കരിച്ചിരുന്നല്ലോ. അവര്‍ക്ക് മന്ദിരത്തിന്റെ ശിലാസ്ഥാനപനത്തിലും ആ നിലപാടായിരുന്നു. അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണക്കാര്യത്തിലും എതിര്‍ക്കുന്നവര്‍ ഏറെ ഉണ്ടായിരുന്നു, ഉണ്ട്. അതത് കാലത്ത് അവരില്‍ പലര്‍ക്കും എതിര്‍പ്പ് പലതലത്തിലും തരത്തിലും കുറഞ്ഞു. രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം വേണോ ബാബറി മസ്ജിദ് വേണോ എന്ന തര്‍ക്കം മൂത്തപ്പോള്‍, ‘ബാബറി പള്ളി പൊളിച്ചു മാറ്റി ക്ഷേത്രം നിര്‍മ്മിക്കണം’ എന്ന് പ്രസ്താവന ഇറക്കിയിരുന്നു കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്്) പാര്‍ട്ടി നേതാവായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. പിന്നീട് രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായി ആ നിലപാട് മാറ്റി. അതുപക്ഷേ ആദ്യം പറഞ്ഞതുപോലെ തെറ്റുതിരുത്തലായിരുന്നില്ല, വലിയ തെറ്റിലേക്കുള്ള പോക്കായിരുന്നുവെന്നത് ചരിത്രം. എന്നാല്‍ അയോധ്യയില്‍ വേണ്ടത് രാമക്ഷേത്രമല്ല, ബാബറി മസ്ജിദാണ്, അവിടെ രാമന്‍ ജനിച്ചിട്ടില്ല എന്നുവരെ പ്രസ്താവിച്ച്, കേസ് നടത്തി, കോടതികള്‍ കയറി, കയറ്റി, രക്തപ്പുഴവരെ ഒഴുക്കിയവര്‍ നിലപാടുകള്‍ തിരുത്തി. അവരുടെ നിലപാടുകള്‍ ഇരുമ്പുലക്കയല്ലായിരുന്നു.
തെറ്റ് തിരുത്തിയവരുടെ നീണ്ട പട്ടികയുണ്ട്. പക്ഷേ, തെറ്റിച്ച കാലത്ത് അവര്‍ ഉണ്ടാക്കിവച്ച ചേതം ഇന്നും സമൂഹത്തില്‍ നാശങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ തുടക്കംമുതലേ ഉയര്‍ന്നുവന്ന നിര്‍ദ്ദേശമായിരുന്നു രാമജന്മഭൂമിയില്‍ ക്ഷേത്രം മതി എന്ന്. ബാബറി മസ്ജിദ് എന്ന കെട്ടിടം നീക്കുക എന്നതായിരുന്നു ആവശ്യം. ആദ്യഘട്ടത്തില്‍ത്തന്നെ ഒഴിവാക്കാനാകാത്തതെങ്കില്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് മറ്റൊരിടത്ത് നിസ്‌കാരപ്പള്ളി എന്ന നിര്‍ദ്ദേശങ്ങള്‍ വരെവന്നു. പക്ഷേ അന്ന് അതൊന്നും സമ്മതിക്കാഞ്ഞവരും പിന്നീട് ഇപ്പോള്‍ അതിനൊക്കെ സമ്മതിച്ചു. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നു. രാജ്യം, ഭാരത വിഭജനകാലത്തെപ്പോലെ ഒരു കടുത്ത സാമൂഹ്യ-മത-മാനസിക വിഭജനത്തിലേക്ക് നീങ്ങുന്നത് കാണാന്‍കൊതിച്ച് തര്‍ക്കം പാര്‍ത്തിരുന്നവരെ നിത്യനിരാശയിലാഴ്‌ത്തിക്കൊണ്ടാണ് രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണത്തര്‍ക്കം അവസാനിച്ചത്. വിശ്വാസത്തെ കോടതിവിധിയിലൂടെ നിശ്ചയിക്കുന്ന സ്ഥിതിവരുത്താതെ, രക്തം ചൊരിയാതെ, സാമൂഹ്യസ്പര്‍ദ്ധ ഉണ്ടാക്കാതെ കൈക്കൊണ്ട തീരുമാനം.
ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടല്ല. ഈ വര്‍ഷം അവസാനം പണി പൂര്‍ത്തിയാക്കി അയോദ്ധ്യയിലെ രാമക്ഷേത്രം 2024 ജനുവരി മൂന്നാം വാരം ദര്‍ശനത്തിന് തുറന്നുകൊടുക്കാന്‍ പോകുന്നതിനാലുമല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗി(ഐയുഎംഎല്‍) ന്റെ സെക്രട്ടറിയേറ്റംഗം ഡോ.എം.കെ. മുനീര്‍ എംഎല്‍എയുടെ പ്രസ്താവനയാണ് ഈ ചിന്തകള്‍ക്ക് അടിസ്ഥാനം. 2023 ജൂണ്‍ മൂന്നിന് എറണാകുളത്ത് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ചര്‍ച്ചാ സദസ്സില്‍ മുനീര്‍ പറഞ്ഞു: ”മികച്ച മാനേജ്‌മെന്റ് വിദഗ്‌ദ്ധനായിരുന്നു ശ്രീരാമന്‍. തനിക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങളില്‍ എല്ലായ്‌പ്പോഴും അന്വേഷിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത രാമന്‍, സീതയെ ലങ്കയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഒട്ടേറെ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും സൃഷ്ടിച്ചത് ഇതിനുദാഹരണമാണ്. ഏറ്റവും താഴെത്തട്ടില്‍ ഉള്ളവരുടെപോലും വികാരവും പ്രശ്‌നങ്ങളും അറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യുന്നവരാണ് മികച്ച മാനേജ്‌മെന്റ് വിദഗ്‌ദ്ധര്‍…” ഡോ. മുനീര്‍ പറഞ്ഞത് അയോദ്ധ്യയില്‍ ജനിച്ച് രാജ്യം ഭരിച്ച് രാവണനെന്ന ദുഷ്ടശക്തിയെ നിഗ്രഹിച്ച് രാമരാജ്യം സ്ഥാപിച്ച് ഭരിച്ച ശ്രീരാമനെന്ന ഭരണാധികാരിയെക്കുറിച്ചാണ്. ഈ ശ്രീരാമനെയാണ് മര്യാദാ പുരുഷോത്തമനായും ദൈവാവതാരമായും വലിയൊരു വിഭാഗം ജനത ആരാധിക്കുന്നത്. അവര്‍ ‘ജയ്ശ്രീരാം’ വിളിക്കുന്നത് ഈ രാമനാണ്. ഈ രാമന്റെ ജന്മസ്ഥലത്തെ ക്ഷേത്രം മുഗള ആക്രമികള്‍ തകര്‍ത്ത് അവിടെ നിര്‍മ്മിച്ച ബാബറി മസ്ജിദിന്റെ പേരിലാണ് നാട്ടില്‍ ഏറെക്കാലം വലിയ വിവാദവും കലാപവും ചിലര്‍ നടത്തിയത്.
മുനീര്‍ പറഞ്ഞത് ശരിയാണ്. രാമന്‍ മാതൃകാ ഭരണാധികാരിയായിരുന്നു. അതുകൊണ്ടാണ് രാമരാജ്യം എന്ന വിശ്വാസം ഭരണത്തിലുണ്ടായത്. മാഹാത്മാ ഗാന്ധി അത് വിഭാവനം ചെയ്തത്. ശ്രീരാമന്‍ വേദോപനിഷത്തുകള്‍ പഠിച്ച് അതനുസരിച്ച് ജീവിക്കുന്ന ആര്‍ഷ ധര്‍മാചാര്യന്മാരുടെ മാര്‍ഗ്ഗോപദേശങ്ങള്‍ പ്രകാരമാണ് ഭരിച്ചത്. അവരുടെ ദര്‍ശനങ്ങളുടെ സാരമാണ് ഭഗവദ് ഗീതയിലുള്ളത്, ഭാരതത്തിലുള്ളത്, രാമായണത്തിലുള്ളത്. ഇവയൊക്കെ മികച്ച മാനേജ്‌മെന്റാണ് പഠിപ്പിക്കുന്നതെന്ന് അറിവുള്ളവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. വ്യക്തിക്ക് നിര്‍ണായക നിമിഷത്തില്‍ കര്‍ത്തവ്യ ബോധത്തിലുണ്ടാകുന്ന സംശയ നിവൃത്തിക്ക്് മറുപടിയാണ് ഭഗവദ് ഗീത. അത് സകലതലത്തിലും വ്യക്തിക്കും സമൂഹത്തിനും രാഷ്‌ട്രത്തിനുമുള്ള മാനേജ്‌മെന്റ് മാര്‍ഗ്ഗങ്ങളടങ്ങിയതാണെന്നാണ് ആധുനിക മാനേജ്‌മെന്റ് ഗുരുക്കളും പറയുന്നത്. അപ്പോള്‍ ശ്രീരാമന്‍ അതിന്റെ സര്‍വജ്ഞാനികളായ മഹര്‍ഷിമാരില്‍നിന്ന് സമ്പാദിച്ച വിജ്ഞാനത്തില്‍ രാജ്യം ഭരിച്ചതാണല്ലോ ആ ഭരണമികവിന് കാരണം. അതാണല്ലോ ഡോ.മുനീര്‍ ചൂണ്ടിക്കാട്ടിയത്.
ഡോ.മുനീര്‍ പ്രശംസയര്‍ഹിക്കുന്നു. തിരിച്ചറിവിലെ തെറ്റുതിരുത്തലുകളാണ്. രാഷ്‌ട്രീയമാകാം, വിയോജിപ്പുകളാകാം. പക്ഷേ യാഥാര്‍ത്ഥ്യത്തോട് സത്യസന്ധമായ നിലപാടെടുക്കുക എന്നത് വലിയ കാര്യമാണ്. ഒരുപക്ഷേ, എല്ലാ തര്‍ക്കങ്ങളുടെയും കുതര്‍ക്കങ്ങളുടെയും അടിസ്ഥാന കാരണം, വാസ്തവമാണെന്നറിഞ്ഞിട്ടും സത്യം സമ്മതിക്കാത്തതാണല്ലോ. മുനീറിന് വ്യക്തമായ രാഷ്‌ട്രീയമുണ്ട്. മതബോധ ചിന്തയുണ്ട്. അദ്ദേഹം വിശ്വസിക്കുന്ന മതപദ്ധതിയുടെയും കാഴ്ചപ്പാടിന്റെയും കാര്യത്തില്‍ അണുവിട തെറ്റാതെ ആചരിക്കുന്ന വിശ്വാസിയുമാണ്. എന്നിട്ടും ചില കപട മതവിശ്വാസികളുടെ അന്ധബോധത്തിലല്ല, മുനീര്‍ എന്നതാണ് ശ്രീരാമനുണ്ടെന്നും സീതയുണ്ടായിരുന്നെന്നും രാമായണമുണ്ടെന്നും രാമരാജ്യം ഉണ്ടായിരുന്നുവെന്നും അത് മികച്ച ആധുനിക മാനേജ്‌മെന്റ് സംവിധാനമായിരുന്നുവെന്നും ഉദാഹരിച്ച്് പ്രസ്താവിച്ചത്.
ഇത് നല്ല നിലപാടാണ്. അതിനേക്കാള്‍ മികച്ചതാണ് ആ പ്രസ്താവനയോട് മുനീറിന്റെ പാര്‍ട്ടിയും ആ പാര്‍ട്ടിയുള്‍പ്പെടുന്ന മത സംഘടനകളും കൈക്കൊണ്ടത്. ഐയുഎംഎല്‍ കടുത്ത മതമൗലിക നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ള പാര്‍ട്ടിയാണ്. മതത്തിന്റെ പേര് സംഘടനയുടെ പേരില്‍ത്തന്നെ ഉള്ളതുപോലും അതിന് ഭാരമാണ്. ശരീയത്ത് നിയമങ്ങള്‍ നിലനിര്‍ത്തുന്നതിന് പോരാടുന്ന പാര്‍ട്ടിയാണ്. ഏക സിവില്‍ നിയമം, കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കല്‍, മുത്വലാഖ് മാറ്റല്‍ തുടങ്ങിയ വിഷയങ്ങളില്‍ മത പണ്ഡിതരില്‍ ചിലരുടെ വരട്ടുവാദങ്ങളെന്ന വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുള്ള നിലപാടുകള്‍ക്കൊപ്പം നിന്നിട്ടുള്ള പാര്‍ട്ടിയാണ്. അങ്ങനെ പാര്‍ട്ടിക്ക് വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന വിളിപ്പേരുവീണ പാര്‍ട്ടിയാണ്. മുസ്ലിം ലീഗിനെയും ചിന്തയും നിലപാടുംകൊണ്ട് നിയന്ത്രിക്കുന്ന സമസ്ത പോലുള്ള, സുന്നി മതപണ്ഡിതരുടെ നിലപാടില്‍ ഇസ്ലാം ഇതരമായ മതവിശ്വാസികള്‍ കാഫിറുകളായിരിക്കെ അവരുടെ മത വിശ്വാസങ്ങളെ, വിശ്വാസമൂര്‍ത്തികളെ ഏതെങ്കിലും തരത്തില്‍ ആരാധിക്കുന്നതോ പുകഴ്‌ത്തുന്നതോ ബഹുമാനിക്കുന്നതോ വിശ്വാസ വിരുദ്ധമാണ്. പക്ഷേ, ഡോ.മുനീര്‍ പൊതു വേദിയില്‍ ശ്രീരാമനെ മികച്ച മാനേജ്‌മെന്റ് വിദഗ്‌ദ്ധനായി അവതരിപ്പിച്ചിട്ട് പത്തു ദിവസമായിട്ടും ഐയുഎംഎല്‍ മാത്രമല്ല, എന്തിനേയും കര്‍ക്കശമായി, യുക്തിപോലും നോക്കാതെ എതിര്‍ക്കുന്ന സമസ്തയിലെ ചില മതനേതാക്കളോപോലും മുനീറിനോട് വിയോജിച്ചില്ല.
ലീഗ് നേതാവയിരിക്കെ കെ.എന്‍.എ. ഖാദര്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് തെരഞ്ഞെടുപ്പുകാലത്ത് ഹിന്ദുവിശ്വാസത്തെ പുകഴ്‌ത്തിയതിന്, കേസരി വാരികയുടെ യോഗത്തില്‍ പ്രസംഗിച്ചതിന്, ഖാദറിനോട് വിശദീകരണം ചോദിക്കാനും തള്ളിപ്പറയാനും ഡോ. മുനീറും മുന്നിലുണ്ടായിരുന്നുവെന്ന് ഓര്‍മിക്കണം. ഈ മാറ്റങ്ങള്‍ നല്ലതാണ്; അതില്‍ രാഷ്‌ട്രീയ തന്ത്രവും ദുഷ്ടലാക്കുമില്ലെങ്കില്‍. മുസ്ലിം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് കേരളത്തിലെ ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറയുന്നത് കേട്ടുള്ള രാഷ്‌ട്രീയ തന്ത്രമാണ് ഇതിനൊക്കെ പിന്നിലെങ്കില്‍ കാര്യമില്ല. അതിനപ്പുറമുള്ള വിശാല ഇടത്തലേക്കാണ് പോക്കെങ്കില്‍ ശുഭകരമാണ്. അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണല്ലോ. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തപ്പെടേണ്ടവതന്നെയാണ്.
പിന്‍കുറിപ്പ്:
നഗ്നത അശ്ലീലമല്ല, അതിനെ ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കേരള ഹൈക്കോടതി ഒരു കേസില്‍ വിധി പറഞ്ഞു. സിനിമാ പോസ്റ്ററില്‍ അശ്ലീലം ആരോപിച്ച്, വസ്ത്ര ധാരണത്തില്‍, വര്‍ത്തമാനത്തില്‍ കടുത്ത മൗലിക നിലപാടുകള്‍ എടുക്കുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്, അടുത്തിടെ പ്രത്യേകിച്ചും. മാറ്റങ്ങള്‍ക്കുള്ള തുടക്കമോ. കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: