നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഖാദി വ്യവസായത്തിന് വന്‍ വളര്‍ച്ചയും വരുമാനവും കൈവരിക്കാന്‍ കഴിയുന്നു എന്നത് രാജ്യത്തിന്റെ വികനത്തിലും പാരമ്പര്യത്തിലും താല്‍പ്പര്യമുള്ള എല്ലാവര്ക്കും സന്തോഷം നല്കുന്ന കാര്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം മുന്നൂറ് ശതമാനത്തിലേറെ വളര്‍ച്ച ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായി എന്നത് അഭിമാനകരമായ ഒരു മാറ്റത്തെയാണ് കാണിക്കുന്നത്. ഇതുവഴി ഗ്രാമപ്രദേശങ്ങളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ലക്ഷക്കണക്കിന് തൊഴിലാളികളുടെ വരുമാനം ഉയരുകയും ചെയ്തു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. ഖാദി വ്യവസായത്തിന്റെ അഭിവൃദ്ധിക്കായി മോദി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളും പാക്കേജുകളും ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ ഫലമാണ്. പദ്ധതികള്‍ പദ്ധതികള്ക്കുവേണ്ടിയുള്ളതല്ലെന്നും, ജനശ്രദ്ധയാകര്ഷിച്ചശേഷം കയ്യൊഴിയേണ്ടവയല്ല അതെന്നുമുള്ള ഉറച്ച നയമാണ് മോദി സര്‍ക്കാരിനുള്ളത്. നികുതിപ്പണം വകമാറ്റി കോടാനുകോടി രൂപയുടെ അഴിമതികള്‍ നടത്താനുള്ള മറയാക്കി ജനക്ഷേമ പദ്ധതികളെ കണ്ടിരുന്ന കോണ്‍ഗ്രസിന്റെ ഭരണസംസ്കാരം ഉപേക്ഷിച്ചതിന്റെ കൂടി അനന്തരഫലമാണ് ഖാദിയുടെ മേഖലയിലും ഉണ്ടായിരിക്കുന്നതെന്ന് നിസ്സംശയം പറയാം.
ഗാന്ധിജിയുടെ നിര്‍മാണാത്മക പരിപാടികളുടെ ഭാഗമായിരുന്നു ഖാദി പ്രചാരണവും. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തത് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണെന്നും, നഗരങ്ങളില്‍ മണിമന്ദിരങ്ങള്‍ പണിതുയര്‍ത്തിയിട്ടുള്ളത് ഗ്രാമങ്ങളുടെ രക്തം കലര്‍ന്ന സിമന്റുകൊണ്ടാണെന്നും വിശ്വസിച്ച ഗാന്ധിജി ഗ്രാമീണ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തുന്നതിന്റെ പ്രതീകമായി മുന്നോട്ടുവച്ചതും പ്രചരിപ്പിച്ചതും ചര്‍ക്കയും ഖാദിയുമാണ്. ഗ്രാമങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടതായ സാധനങ്ങള്‍ അവിടെത്തന്നെ നിര്‍മിക്കണമെന്നും, ചര്‍ക്കയില്‍ നൂറ്റെടുക്കുന്ന നൂലുകൊണ്ട് നെയ്തെടുക്കുന്ന ഖാദി വസ്ത്രം ധരിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവണമെന്നും, സ്വദേശി സമ്പദ്വ്യവസ്ഥയ്ക്ക് സഹായകമാവണമെന്നും ഗാന്ധിജി ആഗ്രഹിച്ചു. എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ അധികാരം കയ്യേറ്റ ‘ഗാന്ധിഭക്തന്മാര്’ അയിത്തോച്ചാടനവും മദ്യവര്‍ജനവും പോലുള്ള നിര്‍മാണാത്മക പരിപാടികള്‍ക്കൊപ്പം ഖാദി പ്രചാരണവും തിരസ്കരിച്ചു. യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ഖാദി ധരിച്ച് ഗാന്ധിയുടെ അനുയായികളാവാന്‍ മത്സരിച്ച കോണ്ഗ്രസ്സുകാര് ഖാദി വ്യവസായത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും വേണ്ടി ക്രിയാത്മകമായി ഒന്നുംതന്നെ ചെയ്തില്ല. ഖാദി വ്യവസായത്തെ അവര്‍ ദയാവധത്തിന് വിട്ടുകൊടുത്തു എന്നു പറയുന്നതാവും ശരി. പ്രതീക്ഷിച്ചതുപോലെ തന്നെ ഈ സ്വദേശി വ്യവസായം അകാലചരമം അടയുന്ന സ്ഥിതിയിലാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുന്നത്. ഖാദിയെ ഒരു വികാരമായി ഏറ്റെടുത്ത മോദി അതിന്റെ പ്രചാരണത്തിനും വികസനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത ഒരേയൊരു പ്രധാനമന്ത്രിയുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ആകര്‍ഷകമായ ചിത്രങ്ങളിലൊന്ന് ഖാദി വസ്ത്രം ധരിച്ച് ചര്‍ക്കയില്‍ നൂല്നൂല്ക്കുന്നതാണ്. ആത്മാഭിമാനത്തിന്റെയും, ആത്മനിര്‍ഭരത എന്ന വികസന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെയും പ്രതീകമായി ഖാദിക്ക് മാറാന്‍ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, അതിനെ ഇകഴ്ത്തിക്കാണിക്കുന്ന ഒരു സമീപനമാണ് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഉണ്ടായതെന്ന് ഖേദിക്കുകയും ചെയ്തു. ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കുമ്പോള്‍ അതിനായി ഖാദി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് ആഹ്വാനം ചെയ്യുക മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ ഖാദി ഉത്സവവും സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഭാഗമായി ഏഴായിരത്തിലേറെ സ്ത്രീകള്‍ ചര്‍ക്കയില്‍ നൂല്നൂറ്റത് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇവര്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേര്‍ന്നു. ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍ എന്നൊരു മുദ്രാവാക്യവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഖാദി വ്യവസായത്തിന്റെ പുരോഗതിക്കുവേണ്ടി ഓരോ പൊതുബജറ്റിലും മതിയായ തുക നീക്കിവയ്ക്കുകയും, അത് ശരിയായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ക്ഷയോന്മുഖമായിരുന്ന ഖാദി വ്യവസായം ഇങ്ങനെയാണ് മോദി ഭരണത്തില്‍ പുരോഗതിയുടെ പാതയിലേക്ക് പ്രവേശിച്ചത്. അത് ഇപ്പോള്‍ വലിയ സാമ്പത്തിക മുന്നേറ്റവും ഉണ്ടാക്കുന്നു എന്നത് സ്വാശ്രയ ഭാരതത്തിലേക്കുള്ള യാത്രയിലെ തിളങ്ങുന്ന ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: