ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ സൈന്യത്തില്‍ ജവാനായി ജോലിചെയ്യുന്ന ആളുടെ ഭാര്യയ്‌ക്ക് ക്രൂരമര്‍ദ്ദനം. ഏകദേശം 40പേര്‍ ചേര്‍ന്നാണ് സൈന്യത്തില്‍ ഹവില്‍ദാറായി ജോലി ചെയ്യുന്ന പ്രഭാകരന്റെ ഭാര്യയായ 28 കാരി കീര്‍ത്തിയെ അതിക്രൂരമായി ആക്രമിച്ചത്.
മംഗല്യച്ചരട് പൊട്ടിച്ചെറിഞ്ഞുവെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും കീര്‍ത്തി പറയുന്നു. മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിപ്പറിച്ചു.
നേരത്തെ ട്വിറ്ററില്‍ ജവാന്‍ പ്രഭാകരന്‍ തന്നെ ഭാര്യ ആക്രമിച്ച സംഭവം അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ തന്റെ ഭാര്യയെ നൂറോളം പേര്‍ ആക്രമിച്ചെന്നും വസ്ത്രം കീറി അര്‍ധനഗ്നയാക്കി എന്നുമാണ്. പിന്നീട് ഇന്ത്യ ടുഡേ കീര്‍ത്തിയുമായി നേരിട്ട് നടത്തിയ അഭിമുഖത്തിലാണ് 40 പേരാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കശ്മീരിലാണ് പ്രഭാകരന്‍ ജോലി ചെയ്യുന്നത്. അതേ സമയം കാന്തവാസല്‍ പൊലീസ് പറയുന്നത് ഈ ആക്രമണ വാര്‍ത്ത പെരുപ്പിച്ച് പറയുകയാണെന്നാണ്.
തിരുവണ്ണാമലൈയിലെ പോലൂര്‍ താലൂക്കിലെ പടവേടു ഗ്രാമത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. അവിടെ ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് (എച്ച്ആര്‍ ആന്‍റ് സിഇ) വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ മുന്‍പില്‍ ഒരു ചെറിയ കട നടത്തുകയാണ് ജവാന്‍ പ്രഭാകരന്റെ ഭാര്യ കീര്‍ത്തി. എന്നാല്‍ മറ്റൊരു കടക്കാര്‍ കീര്‍ത്തിയോട് കച്ചവടം നിര്‍ത്താനും കട ഒഴിയാനും കുറച്ചുനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കട ഒഴിയാത്തതിനെതുടര്‍ന്നാണ് ഈ അക്രമിസംഘം കീര്‍ത്തിയെ അതിക്രൂരമായി ആക്രമിച്ചത്.
തമിഴ്നാട്ടിലെ മണ്ണില്‍ നടന്ന സംഭവം നാണക്കേട് നീതി വാങ്ങിക്കൊടുക്കും: അണ്ണാമലൈ
തമിഴ്നാട്ടിലെ മണ്ണില്‍ ഒരു ജവാന്റെ ഭാര്യയ്‌ക്ക് നേരെ ഇത്രയ്‌ക്ക് ക്രൂരമായ ആക്രമണം നടന്നത് നാണക്കേടെന്ന് ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ ശക്തമായി അണ്ണാമലൈ അപലപിച്ചു. ജവാന്‍ പ്രഭാകരനും ഭാര്യയ്‌ക്കും ഇക്കാര്യത്തില്‍ നീതി വാങ്ങിക്കൊടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.
സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവണ്ണാമലൈ എസ്പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ജവാന്‍ പ്രഭാകരന്‍ പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കുമെന്ന് തിരുവണ്ണാമലൈ എസ് പി കാര്‍ത്തികേയന്‍ ഉറപ്പുനല്‍കിയതായി ജവാന്‍ പ്രഭാകരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: