ചെന്നൈ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും അഴിമതി നടത്തുന്നതില്‍ മുഴുകിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാലയളവില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 12,000 കോടി രൂപയുടെ അഴിമതിയാണ് ആരോപിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരാരോപണം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ ഇന്ത്യക്കുള്ള ആദരവ് വര്‍ധിപ്പിച്ചു. രാജ്യത്തെ സുരക്ഷിതമാക്കി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ നടന്ന് പത്ത് ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി അതിന് തക്ക മറുപടി നല്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരു ചോദ്യം ചോദിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി തമിഴ്‌നാടിനായി എന്തു ചെയ്തുവെന്ന്. അതിന്റെ കണക്ക് പറയാനായി ഞാനിവിടെയുണ്ട്. ഞാന്‍ പറയുന്നത് കേള്‍ക്കൂ… നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നാളെ അതിന് മറുപടി പറയൂ… അമിത് ഷാ സ്റ്റാലിന് മറുപടി നല്കി.
ഭാവിയില്‍ രാജ്യത്ത് തമിഴ്‌നാട്ടില്‍ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ഒരു പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള രണ്ട് അവസരങ്ങളാണ് നഷ്ടമായത്. ഡിഎംകെ ആണ് ഇതിന് കാരണമെന്നും സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: