സജിചന്ദ്രന്‍
വെള്ളറട: അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി തുറന്നു വിട്ട കോതയാര്‍ വനം ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്. കേരള -തമിഴ്നാട് അതിര്‍ത്തിയോട് ഏകദേശം 22 കിലോമീറ്റര്‍ ദൂരത്തിലാണ് പേച്ചിപ്പാറ ഡാം. അതിര്‍ത്തി പ്രദേശത്തെ വെള്ളറടയില്‍ നിന്ന് കളിയല്‍ വഴി പേച്ചിപ്പാറയിലെത്താം. പേച്ചിപ്പാറയ്ക്ക് സമീപമാണ് കന്യാകുമാരി ജില്ലയിലെ കോതയാര്‍. എന്നാല്‍ അരിക്കൊമ്പനെ തുറന്നു വിട്ടത് തിരുനെല്‍വേലി ജില്ലയിലെ അപ്പര്‍ കോതയാര്‍ ഡാമിന് സമീപത്താണ്. ഇരു കോതയാറുകളും രണ്ടു ജില്ലകളിലാണെങ്കിലും വനാന്തരപാതയിലൂടെ ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ.
അപ്പര്‍ കോതയാറിന്റെ ഭാഗമായ മുത്തുക്കുഴിയില്‍ ഡാമിനു സമീപം ഇറക്കിവിട്ട അരിക്കൊമ്പന് വനാതിര്‍ത്തിക്കുള്ളില്‍ സുരക്ഷിതനാണെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അറിയിക്കുമ്പോഴും കോതയാറിനടുത്ത പ്രധാന ജനവാസകേന്ദ്രമായ പേച്ചിപ്പാറ തുടങ്ങിയ വനവാസി ഗ്രാമങ്ങള്‍ ആശങ്കയിലാണ്. കാണിക്കാരാണ് റിസര്‍വ്വ് വനത്തിലെ താമസക്കാരില്‍ ഏറിയപങ്കും.
കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള അരിക്കൊമ്പന് ഊരുകളിലെത്താനുള്ള സാധ്യത ഏറെയാണെന്നും വനംവകുപ്പിന്റെ നിരീക്ഷണം അതിര്‍ത്തിപ്രദേശങ്ങളില്‍ ശക്തമാക്കണമെന്നും വനവാസി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. മുത്തുക്കുഴിവയലിലെ വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് മുടവന്പൊറ്റ ആദിവാസിഗ്രാമം. ഇതിനോടു ചേര്‍ന്ന് മാങ്ങാമല, തച്ചമല, കുറ്റിയാര്‍ തുടങ്ങിയ ജനവാസമേഖലകളാണ്. ഈ മേഖലകളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം കൂടുതലായുണ്ട്. ഇക്കാരണത്താലാണ് ആദിവാസി സംഘടനാ പ്രതിനിധികളുടെ ആശങ്ക.
എന്നാല്‍ കലക്കാനം മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് അരിക്കൊമ്പന് എത്തിയെന്നാണ് പുതിയ അറിയിപ്പ്. അതിനിടെ കോതയാറുമായി അതിരു പങ്കിടുന്ന അഗസ്ത്യവനത്തിലെ നെയ്യാറിലോ പേപ്പാറയിലോ അരിക്കൊമ്പന് എത്താന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ തമിഴ്നാട് നിരീക്ഷണം ശക്തമാക്കി. 15 പേര് അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.
കന്യാകുമാരി വനമേഖലയില്‍ നിന്ന് അരിക്കൊമ്പന് ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്. അംബാസമുദ്രം, കളക്കാട്, കന്യാകുമാരി മേഖലകളിലെ ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാര്‍, കോതയാര്‍, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ വനമേഖലയിലേക്ക് കടക്കാനാകും എന്ന് ആശങ്കപ്പെടുന്നവര്‍ അപ്പര്‍ കോതയാറും നെയ്യാര്‍ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റര്‍ മാത്രമാണെന്ന് പറയുന്നു. എന്നാല്‍ ഉയരമേറിയ മലനിരകളും കുത്തിറക്കങ്ങളും ഉള്ള വനപ്രദേശത്തിലൂടെ അരിക്കൊമ്പന് നെയ്യാര്‍ വന്യജീവി സങ്കേതത്തിലോ തൊട്ടടുത്ത അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലോ എത്താന്‍ സാധിക്കില്ലെന്ന വാദവുമുണ്ട്. മുണ്ടന്‍ തുറൈ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിനടുത്ത് തോട്ടം മേഖലയും ജനവാസ കേന്ദ്രങ്ങളുമുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ആനനിരത്തിയില്‍ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിര്‍ത്തികടക്കല്‍. ഈ പ്രദേശത്തിന്റെ ഒരുഭാഗം ജനവാസ മേഖലയുമാണ്.
പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍പ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട പരുത്തിപ്പള്ളി റേഞ്ചില്‍ അരിക്കൊമ്പന് എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നാഗര്‍കോവില്‍ മേഖലയിലെ മലനിരകള്‍ക്ക് അധികം ഉയരമില്ലാത്തതിനാല്‍ കൊമ്പന് അവിടേക്ക് സഞ്ചരിക്കാന്‍ സാധ്യതയേറെയെന്നാണ് വനവാസി മേഖലയിലുള്ളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: