ഓവല്‍: : അവസാന ദിവസം അത്ഭുതമൊന്നും നടന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ 209 റണ്‍സിന് തോറ്റു. കിരീടം ഓസ്ട്രേലിയയ്ക്ക്. 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 234 റണ്‍സെടുത്തു പുറത്തായി. അവസാന ദിവസം ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 280 റണ്‍സ് എടുത്ത് ഇന്ത്യ ജയിച്ചേക്കും എന്നുവരെ പ്രതീക്ഷ പുലര്‍ത്തിയവരെ നിരാശപ്പെടുത്തിയ പ്രകടനമാണ് ബാറ്റര്‍മാര്‍ കാണിച്ചത്. 70 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് 7 വിക്കറ്റും നഷ്ടപ്പെടുത്തി ദയനീയ തോല്‍വി ഏറ്റുവാങ്ങി.
ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 296 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. .രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സിന് ഓസീസ് ഡിക്ലയര്‍ ചെയ്തതോടെയാണ് 444 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നിലുയര്‍ന്നത്. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലന്!ഡ് എട്ടു വിക്കറ്റുകള്‍ക്ക് ഇന്ത്യയെ തോല്പിച്ചിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഓസീസിന്റെ ആദ്യ കിരീടമാണിത്. എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഈ വിജയത്തോടെ ഓസ്ട്രേലിയ കരസ്ഥമാക്കി. ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവ നേരത്തേ ഓസ്ട്രേലിയ വിജയിച്ചിരുന്നു.
ആദ്യ ഇന്നിങ്സില്‍ സെഞ്ചറി (163) നേടിയ ട്രാവിസ് ഹെഡാണു കളിയിലെ താരം.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാംദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയത്. വിരാട് കോലിയും അജിന്‍ക്യ രഹാനേയും വിജയം ഒരുക്കുമെന്ന് പ്രതീക്ഷിച്ചവരുമുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു
തലേന്നത്തെ സ്ക്കോറിനൊപ്പം അഞ്ചു റണ്‍സ്കൂടി ചേര്‍ത്തപ്പോള്‍ 49 റണ്‍സെടുത്ത കോലി പുറത്ത്. സ്കോട്ട് ബോളണ്ടിന്റെ പന്തില്‍ കോലിയുടെ ഷോട്ട് സെക്കന്‍ഡ് സ് ളിപ്പില്‍ നിന്ന സ്റ്റീവ് സ്മിത്ത് ഡൈവിങ് ക്യാച്ചിലൂടെ പിടിച്ചു. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ രവീന്ദ്ര ജഡേജയും കൂടാരം കയറി. രണ്ട് പന്ത് നേരിട്ട ജഡേജയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല.വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ക്യാച്ചെടുത്തു
അജിന്‍ക്യ രഹാനെയിലായി ഇന്ത്യയുടെ പിന്നീടുള്ള ഏക പ്രതീക്ഷ. എന്നാല്‍ അര്‍ധ സെഞ്ചറിക്കു മുന്‍പേ രഹാനെയും മടങ്ങി. 46 റണ്‍സെടുത്ത രഹാനെയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കീപ്പര്‍ അലക്സ് കാരി ക്യാച്ചെടുത്തു . ഷാര്‍ദൂല്‍ ഠാക്കൂറിനെ (പൂജ്യം) നേഥന്‍ ലയണും ഉമേഷ് യാദവിനെ (ഒന്ന്) മിച്ചല്‍ സ്റ്റാര്‍ക്കും പുറത്താക്കി. 23 രണ്സ് എടുത്ത ശ്രീകര്‍ ഭരതിനെ നേതന്‍ ലയണ്‍ പുറത്താക്കി. 8 പന്തില്‍ മൂന്നുഫോര്‍ അടിച്ച് മുഹമ്മദ് ഷമി 13 റണ്‍സ് നേടിയെങ്കിലും മുഹമ്മദ് സിറാജിന്റെ (1) വിക്കറ്റ് വീഴ്ത്തി നേഥന്‍ ലയണ്‍ നാലാം വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ഓസീസിന് വിജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: