മനോകാമനകള്‍ പൂര്‍ണമാകണം എന്ന വിചാരത്തില്‍ മുഴുകി കഴിയുന്നതു കൊണ്ടാണു മനസ്സു ശാന്തമാകാതിരിക്കുകയും, ഈശ്വരന്റെ നേര്‍ക്കു വിശ്വാസവും ആത്മീയഭാവവും ഉയരാതിരിക്കുകയും ചെയ്യുന്നത്. ഭഗവാനെ പ്രീണിപ്പിച്ചും, സ്തുതിച്ചും, പ്രശംസിച്ചും മനോകാമനകള്‍ സാധിക്കാനുള്ള യാചനയുമായി ഉപാസനയ്ക്ക് ഒരു ബന്ധവുമില്ല.
പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുന്നത് മനസ്സു പരിശുദ്ധമാകുകയും, ഹൃദയത്തില്‍ ഉദാരതയും സേവനഭാവവും നിറയുകയും, അന്യര്‍ക്കു വേണ്ടിയും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ശരീരം ഉത്സാഹത്തോടെയിരിക്കുകയും ചെയ്യാന്‍ വേണ്ടിയാണ്. ഭക്തന് ഈശ്വരനോടു സന്മനസ്സും, സദ്ബുദ്ധിയും, സദ്ഭാവനയുമാണ് ആവശ്യപ്പെടേണ്ടത്. അന്യര്‍ക്കുവേണ്ടിയും നാം ഉപകരിക്കപ്പെടട്ടെ എന്നു ഈ മൂന്നു കാര്യങ്ങളിലും താല്പര്യം വളര്‍ന്നുകഴിയുമ്പോള്‍ നമ്മുടെ ഉള്ളില്‍ മുളച്ചു വരുന്ന ദുശ്ചിന്തകളും പുറമെ ചെയ്യപ്പെടുന്ന പാപകര്‍മ്മങ്ങളും ദുര്‍ബലപ്പെടുന്നു. ഇത്രയും മാത്രമല്ല, സദ്കര്മ്മങ്ങളുമായി ബന്ധപ്പെട്ട വിചാരങ്ങളും കൂടെക്കൂടെ അവ ചെയ്യുവാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചു തുടങ്ങുന്നു. ഇങ്ങനെ സ്വഭാവസംസ്ക്കാരം ഉല്‍കൃഷ്ടമായ രൂപത്തില്‍ വാര്‍ത്തെടുക്കപ്പെടുന്നു. യാന്ത്രികമായി പൂജയും ഉപാസനയും ചെയ്യുന്ന ക്രമം കുറഞ്ഞു വരികയും യഥാര്ത്ഥഭാവങ്ങള് അവയില്‍ വന്നു ചേരുകയും ക്രമേണ നമ്മുടെ ജീവാത്മാവു പ്രസന്നത ആസ്വദിച്ചുകൊണ്ട് ശ്രേഷ്ഠമായികൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രേരണ ലഭിക്കുവാനും ഉല്‍കൃഷ്ടതയിലേക്കു അഭിവാഞ്ഛ വര്‍ദ്ധിപ്പിക്കുവാനും വേണ്ടിയാണു പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുന്നത്. ഉപാസനമൂലം കൈവരുന്ന മറ്റു നേട്ടങ്ങളും കുറവല്ല. നമ്മില്‍ സാത്വികഭാവം വളരുമ്പോള്‍ വീട്ടംഗങ്ങളില് സൗമ്യത ഉളവാകുകയും കുട്ടികളില്‍ അനുശാസനപ്രീതി വളരുകയും ചെയ്യുന്നു.
അതിനാല്‍ ഈശ്വരനെ നമ്മുടെ ഏറ്റവും വലിയ അഭ്യൂദയകാംക്ഷിയും ഉറ്റവനുമായി കരുതി നിത്യവും ഉപാസന ചെയ്തുകൊണ്ടിരിക്കൂ. സദ്ബുദ്ധിയും, സദ്ഭാവനയും സേവനഭാവവും നല്കാന് വേണ്ടി പ്രാര്‍ത്ഥിക്കുക. ഇങ്ങനെയുള്ള നിര്‍മ്മലമായ ഇച്ഛ ഈശ്വരന് തീര്‍ച്ചയായും സാധിച്ചുതരും. ആരുടേയും ഉപാസന വ്യര്ത്ഥമായിപ്പോകുകയില്ല.
വരും പംക്തികളില്‍ പ്രാര്‍ത്ഥനയുടെയും ഉപാസനയുടെയും വിധിയും വ്യവസ്ഥയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. സൗകര്യവും നിലയും പരിഗണിച്ചു ഇതിനെ രണ്ടുതരമായി വിഭജിച്ചിരിക്കുകയാണ്. ആദ്യമായി ഇപ്പോള്‍ ഉപാസന തുടങ്ങുന്നവരും ജോലിത്തിരക്കുമൂലം ഉപാസനയ്ക്കുവേണ്ടി കൂടുതല്‍ സമയം ഇല്ലാത്തവരും ആയ വ്യക്തികള്‍ തങ്ങളുടെ സ്ഥലസൗകര്യവും സമയസൗകര്യവും അനുസരിച്ചു ആദ്യഭാഗത്തില്‍ കൊടുത്തിരിക്കുന്ന വിധിപ്രകാരം ഉപാസന ചെയ്യുക. ഈ രീതിക്ക് അധികം സമയം വേണ്ടിവരുന്നില്ല. അതേ സമയം ഫലപ്രദവുമാണ്.
ഒന്നാമത്തെ വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ഉപാസന ശരിക്കു വശമാകുകയും മനസ്സില്‍ ഉപാസന ചെയ്യാന്‍ താല്പര്യം തോന്നുകയും ചെയ്തുകഴിയുമ്പോള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയും അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തങ്ങളുടെ ഉപാസന പുരോഗമിപ്പിക്കുകയും ചെയ്യുക.
ഇപ്രകാരം ഓരോ ഉപാസനാഘട്ടം വശമാക്കികൊണ്ടു താങ്കള്‍ വിചാരങ്ങളെയും പെരുമാറ്റത്തെയും കൂടി വശമാക്കാന്‍ തുടങ്ങുമ്പോള്‍ ഉപാസന സാധനയായി മാറിക്കഴിയും. മാനവ ജീവിതം കൈക്കൊണ്ടതിന്റെ ഉദ്ദേശ്യം മനസ്സിലായിത്തുടങ്ങുകയും ജീവിതം നയിക്കാനുള്ള കല അഭ്യസിച്ചു തുടങ്ങുകയും ചെയ്യും. അപ്പോള്‍ ഈശ്വരന് അപരിചിതമായ ശക്തിയായോ, ശിക്ഷ നല്‍കാനായി വ്യഗ്രതയോടെ കഴിയുന്ന ഭയാനകമായ ശക്തിയായോ അനുഭവപ്പെടുകയില്ല. ഈശ്വരന് സുഗന്ധത്തിന്റെയും മൃദുലതയുടെയും ആത്മീയ സൗന്ദര്യത്തിന്റെയും സജീവ രൂപമാണ്. അദ്ദേഹത്തിന്റെ പക്കല്‍ നമുക്കു നല്കാന് വേണ്ടി പ്രേരണയും, പവിത്രതയും, സ്നേഹവും മാത്രമാണുള്ളത്. ഇതു നേടാനാണു നാം ശ്രമിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: