Categories: Samskriti

ബ്രഹ്മജ്ഞാനം ആദിമധ്യാന്തമില്ലാത്ത അറിവ്

തരംഗരൂപേണ സഞ്ചരിക്കുന്ന, ക്ഷണംപ്രതി വികസിക്കുന്ന ഈ പ്രതിഭാസരീതി പോലും വര്‍ണനാതീതമാണ്. തരംഗങ്ങളെ നാം നേര്‍രേഖയിലാണു സഞ്ചാരം രേഖപ്പെടുത്തുന്നതെങ്കിലും അവയുടെ ഘടന, ഗോളാകൃതിയിലായിരിക്കുമെന്ന് അനുമാനിക്കുക. ഏതൊരു തരംഗവും അതിന്റെ ഉത്ഭവസ്ഥാനത്തുനിന്ന് നാനാവശങ്ങളിലേക്കും തുല്യമായ അനുപാതത്തില്‍ ആയിരിക്കും പ്രസരിക്കുക. അപ്രകാരമുള്ള പ്രസരണഫലം ഗോളാകൃതിയായി ഭവിക്കുന്നു. അതിനാല്‍ അണ്ഡകടാഹത്തെയും ഗോളാകൃതിയായി അനുമാനിക്കുന്നു. ചെറിയ ചെറിയ കേന്ദ്രബിന്ദുക്കളെ അണിനിരത്തി അതിവിപുലമായ അണ്ഡകടാഹം.

Published by

പ്രസന്നന്‍. ബി

മ്മുടെ ചിന്തക്കതീതമായ ബ്രഹ്മം. അതിനുമപ്പുറം വീണ്ടുമത് തുടരുമോ? അതോ അവിടെ അന്ത്യവിരാമമിടാമോ? അനേകകോടി ബ്രഹ്മാണ്ഡതത്വങ്ങള്‍ക്കതീതമായ അണ്ഡകടാഹത്തെ ഒന്നായി തുടങ്ങി മുന്നോട്ടോന്നെണ്ണിയാല്‍ എന്താകും ഫലം? അതിന് ആധുനികവും പുരാതനവുമായ സകല തത്ത്വസംഹിതകളേയും കീറിമുറിച്ചൊരു വിശകലനംമാവാം:  

എവിടെയോ ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കി ഗോളാകൃതിയില്‍ മുന്നോട്ടു പ്രയാണം തുടരുന്ന അഭൗമമായൊരു പ്രതിഭാസം.  

തരംഗരൂപേണ സഞ്ചരിക്കുന്ന, ക്ഷണംപ്രതി വികസിക്കുന്ന ഈ പ്രതിഭാസരീതി പോലും വര്‍ണനാതീതമാണ്. തരംഗങ്ങളെ നാം നേര്‍രേഖയിലാണു സഞ്ചാരം രേഖപ്പെടുത്തുന്നതെങ്കിലും അവയുടെ ഘടന, ഗോളാകൃതിയിലായിരിക്കുമെന്ന് അനുമാനിക്കുക. ഏതൊരു തരംഗവും അതിന്റെ ഉത്ഭവസ്ഥാനത്തുനിന്ന് നാനാവശങ്ങളിലേക്കും തുല്യമായ അനുപാതത്തില്‍ ആയിരിക്കും പ്രസരിക്കുക. അപ്രകാരമുള്ള പ്രസരണഫലം ഗോളാകൃതിയായി ഭവിക്കുന്നു. അതിനാല്‍ അണ്ഡകടാഹത്തെയും ഗോളാകൃതിയായി അനുമാനിക്കുന്നു. ചെറിയ ചെറിയ കേന്ദ്രബിന്ദുക്കളെ അണിനിരത്തി അതിവിപുലമായ അണ്ഡകടാഹം.  

ഇതിന്റെ സൂക്ഷ്മരൂപം ലഘുവാണെന്നു തോന്നുമെങ്കിലും അവയുടെ ആന്തരികാവസ്ഥ പരമോന്നത സ്തൂലത്തിലും മീതെയാണ്. സൂക്ഷ്മതയിലടങ്ങിയ ഒരു വിഷയത്തെ ഭൗതികമാക്കാന്‍ ആവശ്യമായ സംവിധാനം പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമത്തെയാണ് നാം ഭൗതികശാസ്ത്രമായി കണക്കാക്കുക. അത് പരിവര്‍ത്തനത്തിലൂടെ മുന്നോട്ടു നീങ്ങുന്ന ഒരവസ്ഥ. ഇതിനെ ആധികാരികമായി ഓരോ തലങ്ങളിലിറങ്ങി ചിന്തിച്ചാലേ തമ്മില്‍ കൂട്ടിവായിക്കാനാവൂ. അറിവിന്റെ സ്രോതസ്സില്‍ അങ്കുരിച്ച ഒരാശയം വളരെ വിശാലമായി മനുഷ്യ മനസ്സിനുള്ളില്‍  പടര്‍ന്നു പന്തലിച്ച് നിലകൊള്ളുന്നു. സ്വയമത്  പൂര്‍ണമാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സഹജീവികളുടെ സഹായമാവശ്യമായിവരും. അപ്പോള്‍ അവരിലേക്ക് ഈ ആശയം പകര്‍ന്നു കൊടുക്കേണ്ടി വരുന്നു. ഇതു വ്യക്തമായി പകരാനുള്ള ഉപാധികളുടെ അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആദ്യം അത് ശബ്ദരൂപേണയും പിന്നെ ഭാഷാരൂപേണയും അതു കഴിഞ്ഞ് അക്ഷരരൂപേണയും ഇവയെ പകര്‍ത്താന്‍ മാധ്യമങ്ങളായ കല്ല്, ലോഹം, പത്രം, കടലാസു മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ സംവിധാനത്തിലെത്തി നില്‍ക്കുന്നു. ഇപ്പോഴും തെളിവാര്‍ന്ന എല്ലാ ആശയവും പരിപൂര്‍ണതയില്‍ എത്തിക്കാനള്ള സംവിധാനത്തിലേക്ക് കടന്നിട്ടില്ല. ആശയങ്ങളെ സംഭരിക്കാനുള്ള  ശ്രമത്തിലാണ് ഇന്നും നാമെല്ലാം. വിവിധ ഭാഷയിലൂടെയുള്ള ആശയവിനിമയമാണു കാരണം. ഏതൊരു ഭാഷയില്‍ അഗാധമായ ആശയമുള്‍ക്കൊണ്ടിട്ടുണ്ടോ ആ ഭാഷ അത്രയും കൂടുതല്‍ ഉപയോഗിച്ചു എന്നതാണു വാസ്തവം. ആ ഭാഷയില്‍നിന്നും അനവധി ഭാഷകളിലേക്ക് ഒരാശയം മൊഴിമാറ്റുമ്പോള്‍ കാലവിളംബവും മൂല്യച്യുതിയുമുണ്ടാകും. അപ്പോള്‍ വീണ്ടും ഒന്നേയെന്നു തുടങ്ങേണ്ടിവരുന്നു. ഒരേകീകൃതവും പ്രഗത്ഭവുമായ ഭാഷ നിലനിന്നിരുന്നുവെങ്കില്‍ യുഗങ്ങള്‍ക്കുമുമ്പേ അതിവിപുലമായ സംവിധാനങ്ങള്‍ മഹത്തരമായേനെ.  

ഇവിടെ ആശയം ഭാഷയാക്കുന്നു. ഭാഷയെ കൈമാറാന്‍ അക്ഷരമുടലെടുക്കുന്നു. ഇവയ്‌ക്കെല്ലാം കാലവിളംബവും ഉണ്ടെന്നറിയണം. തുടര്‍ന്ന് അവ പകര്‍ത്താനുള്ള ഉപാധികള്‍! അവസാനം അച്ചുകൂടങ്ങള്‍ അവയുടെ രൂപം ലോപിച്ച് ടൈപ്പ് റൈറ്ററുകളായി. അതിലെ ഏതൊരക്ഷരത്തില്‍ വിരലമര്‍ത്തുന്നുവോ അതിലെ പലഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം നിമിഷങ്ങള്‍ക്കകം അക്ഷരമായി ഭവിക്കുന്നു. തുടര്‍ന്നു കമ്പ്യൂട്ടറിലേക്കാവാഹിക്കപ്പെട്ട് അനേകായിരം പ്രവര്‍ത്തനത്തിനിടയില്‍ ഇതും അതിലന്തര്‍ലീനമാക്കുന്നു.

‘ബ്രഹ്മത്തിനപ്പുറമെന്ത്?’

ഇവിടെ നമ്മുടെചിന്ത ബ്രഹ്മത്തിനപ്പുറമെന്തെന്നതാണ്. അതിനാദ്യം ബ്രഹ്മത്തെയറിയണം. അപ്രകാരമറിയാത്ത ഒന്നിനപ്പുറമെന്തെന്നു ചിന്തിക്കാനേ കഴിയില്ല. ഇവിടെ ബ്രഹ്മാണ്ഡ തലങ്ങളിലെ ചരാചര സൂഷ്മ സ്ഥൂലങ്ങളിലെല്ലാം തത്വം ഒന്നാണെന്നുള്ളതു മനസിലാക്കുമ്പോള്‍ എവിടെവിടെ അനന്തതയെ പ്രാപിക്കുന്നവയുണ്ടോ അവിടെല്ലാം ബ്രഹ്മം നിലയുറപ്പിക്കുന്നതുകാണാം. ചരാചര സംവിധാനങ്ങള്‍ മുഴുവനും ആറ്റം മുതല്‍ ബ്രഹ്മാണ്ഡംവരെ ഒരേ തത്വത്തില്‍ പ്രവൃത്തിക്കുന്നതും കാണാം. ആറ്റത്തിന്റെ ചലന രീതി തുടങ്ങി പദാര്‍ത്ഥങ്ങളായി വസ്തുക്കളായി ചരാചരമായി ഗ്രഹോപഗ്രഹമായി നക്ഷത്രമായി ഗാലക്‌സിയായി ക്ഷീരപഥമായി ക്ലസ്റ്ററുകളായി സൂപ്പര്‍ക്ലസ്റ്ററായി വിരാജിച്ചങ്ങനെ അനന്തമായി നീങ്ങുന്നു ഈ പ്രതിഭാസം. ബ്രഹ്മം കേന്ദ്രബിന്ദുവായി നിലകൊണ്ട്, ഒന്നിനുപിറകെ ഒന്നായി സൗരയൂഥങ്ങളെ മേല്‍പ്പറഞ്ഞ അനുപാതത്തില്‍ നിരത്തി തരംഗസമാനം വ്യത്യസ്ഥ കേന്ദ്രത്തെ അടിസ്ഥാനപ്പെടുത്തി ചുരുക്കിപ്പറഞ്ഞാല്‍ ബ്രഹ്മാണ്ഡവും അണ്ഡകടാഹവുമായിമാറുന്നു. അനന്തമായ പ്രക്രിയ അനന്തമാക്കിതുടരുന്ന സര്‍വ്വവ്യാപിയായ ബ്രഹ്മം! ഇതിനെ നാം മനസിലാക്കുമ്പോള്‍ മറ്റൊന്നൊ അതിലധികമോ അണ്ഡകടാഹം ചിന്തക്കതീതമായി വന്നാല്‍ അതിനും ആധാരമായ വിശ്വനാഥനത്രേ ബ്രഹ്മം! മറ്റൊന്നില്ലാത്ത അനന്തതയില്‍ തുടരുന്ന എല്ലാത്തിലും ലയിച്ചതേതോ അതത്രേ ബ്രഹ്മം.

മേല്‍പ്പറഞ്ഞവ ഒന്നുകൂടി വിശദമാക്കാം. നമ്മുടെ  അമ്പത്തിനാല് (54) ഗാലക്‌സികള്‍ ചേര്‍ന്ന ക്ഷീരപഥം. ഇതില്‍ ഒരു ഗാലക്‌സിയിലെ ഒരു നക്ഷത്രമാണ് സൂര്യന്‍. ഒരു ഗാലക്‌സിയില്‍  ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. ഇവയെല്ലാം ഒരു കേന്ദ്രത്തെലക്ഷ്യമാക്കി തിരിയുന്നു. അമ്പതെണ്ണം (50)വരെയുള്ള ഗാലക്‌സികളുടെ സമൂഹത്തെ ഗ്രൂപ്പെന്നും, അതില്‍ കൂടുതലുള്ള ഗാലക്‌സി സമൂഹത്തെ ക്ലസ്റ്റര്‍ എന്നും, ഗാലക്‌സി  ക്ലസ്റ്ററുകളുടെ സമൂഹത്തെ സൂപ്പര്‍ ക്ലസ്റ്റര്‍ എന്നും പറയുന്നു. ഇതുപെട്ടന്നു പറഞ്ഞെങ്കിലും ഇതിന്റെ വ്യാപ്തി അത്രപെട്ടെന്നു തീരുന്നതല്ല.  

ഒരു ഗാലക്‌സിയില്‍ ഇരുപതിനായിരം (20,000) കോടിയോളം നക്ഷത്രങ്ങളുണ്ടാകും. ഗാലക്‌സി ക്ലസ്റ്ററില്‍ ആയിരത്തോളം ഗാലക്‌സികള്‍ ഉണ്ടാവും. സൂപ്പര്‍ക്ലസ്റ്ററില്‍ നാല്പത്തിമൂന്ന് (43) ഗാലക്‌സി ക്ലസ്റ്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് നാല്പത്തിമൂവായിരം (43,000) ഗാലക്‌സികള്‍ അറിവിലുണ്ടെങ്കിലും ഇനിയും കണ്ടെത്താന്‍ ഒട്ടനവധിയുണ്ട്.  

ശാസ്ത്രജ്ഞരുടെ കണക്കുകള്‍ അനുസരിച്ച് ദൃശ്യ പ്രപഞ്ചത്തില്‍ പതിനായിരം (10,000) കോടി ഗാലക്‌സികള്‍ തന്നെയുണ്ട്. ഇപ്പോള്‍ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളത് ഈ പ്രപഞ്ചത്തിലുള്ള ദൃശ്യപ്രപഞ്ചത്തിന്റെ അഞ്ചുശതമാനം മാത്രം. ദൃശ്യപ്രപഞ്ചംഎന്നാല്‍ പ്രകാശിക്കുന്നവമാത്രം. പ്രകാശിക്കുന്നവ മാത്രമേ ടെലസ്‌കോപ്പിലൂടെ കാണാന്‍ കഴിയു. പ്രപഞ്ചത്തില്‍ തൊണ്ണൂറ്റഞ്ചു ശതമാനത്തോളം പ്രകാശിക്കാത്തവയാണ്. ഇവയുടെ മൊത്ത വ്യവഹാരമടങ്ങിയ അണ്ഡകടാഹത്തില്‍ ഒരു കേന്ദ്രമുണ്ടാവും. അതു ബ്രഹ്മമാണോ? അല്ല ഒരിക്കലുമല്ല. അപ്പോള്‍ വീണ്ടും മറ്റൊരണ്ഡകടാഹത്തെ ഉള്‍ക്കൊള്ളാം. അതും അനന്തമാകും. ഇങ്ങനെപോകുന്ന പ്രതിഭാസമാണു ബ്രഹ്മം! ആദിമദ്ധ്യാന്തമില്ലാത്ത ഈ അറിവാണ് ബ്രഹ്മജ്ഞാനം. ഇതുപറയാനോ കാണിക്കാനോ തെളിയിക്കാനോ യാതൊന്നും സാധ്യമല്ലാത്ത പ്രതിഭാസം. ഇതിനപ്പുറത്ത് യാതൊന്നുമില്ലെന്നതാണ് ബ്രഹ്മചിന്തയാല്‍ മനസിലാക്കേണ്ടതും മനസിലാകുന്നതും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by