പാലക്കാട് : വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയെ കാണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടി. വിഷയത്തില്‍ സഹായം ആവശ്യമാണെന്ന് അഗളി പോലീസ് സൈബര്‍ സെല്ലിനെ അറിയിച്ചിട്ടുണ്ട്. വിദ്യയുടെ കാസര്‍കോട് തൃക്കരിപ്പൂരിലുള്ള വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് സൈബര്‍ സെല്ലിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ബന്ധുക്കള്‍ വിദ്യയുമായി ബന്ധപ്പെടുകയാണെങ്കില്‍ അത് മനസ്സിലാക്കുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം തേടുന്നത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. വിദ്യയ്‌ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണവും തിങ്കളാഴ്ച തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്‌ക്ക് പ്രവേശനം നല്‍കിയതെന്ന് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവേശന രേഖകള്‍ സമിതി പരിശോധിക്കും.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടില്‍ നിന്നും വിശദാംശങ്ങള്‍ തേടും. പിഎച്ച്ഡി പ്രവേശനത്തിന് സംവരണമില്ലെന്നായിരുന്നു അടാട്ടിന്റെ വാദം. എന്നാല്‍ പിഎച്ച്ഡിക്ക് സംവരണം ബാധകമാണെന്ന് കാട്ടി 2016ല്‍ സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്തുവന്നിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് പിഎച്ച്ഡി പ്രവേശനം നേടിയതെന്നാണ് ഡോ. ധര്‍മരാജ് പിന്നീട് പ്രതികരിച്ചത്.
ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടില്‍ പരിശോധനയ്‌ക്കായി എത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിന്റെ താക്കോല്‍ പോലീസിനു നല്‍കി. ബന്ധുവിന്റെയും അയല്‍വാസിയുടെയും സാന്നിധ്യത്തില്‍ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും വ്യാജരേഖയുമായി ബന്ധപ്പെട്ട ഒന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നാണ് സൂചന. അതേസമയം വിദ്യ ഹോസ്റ്റലില്‍ ഒളിച്ചിരിക്കുകയാണെന്നും പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും കെഎസ് യു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: