വിജയ് സി.എച്ച്
തൃശ്ശൂരിലെ കേരള വര്‍മ്മ കോളജില്‍ നിന്ന് വിരമിച്ച ഡോ. പി. ഭാനുമതിയെക്കുറിച്ച് ആദ്യം പറയേണ്ടത് അവര്‍ക്ക് അമേരിക്കയിലെ ‘അമല’ ബഹുമതി, രാഷ്‌ട്രപതിയുടെ സ്ത്രീശക്തി പുരസ്‌കാര്‍, കേരള സര്‍ക്കാരിന്റെ മഹിളാ തിലകം മുതലായവ ഉള്‍പ്പെടെ പത്തുനാല്‍പ്പത് മികച്ച അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നല്ല. കാരണം, ഈ വകയൊക്കെ വേറെ പലരും നേടിയിട്ടുണ്ടാകാം. എന്നാല്‍ സ്വന്തം മക്കളേക്കാള്‍ സ്വന്തമായി തോന്നുന്ന 70 മക്കളുടെ അമ്മയാകാന്‍, പെറ്റമ്മപോലും ഉപേക്ഷിച്ചവരുടെ പോറ്റമ്മയാകാന്‍, സ്വന്തം ജ്യേഷ്ഠസഹോദരന്മാരുടെ പോലും വളര്‍ത്തമ്മയാകാന്‍, അഭിശപ്ത ജന്മം കിട്ടിയവര്‍ക്കെല്ലാം ഒരു തൂവല്‍സ്പര്‍ശമാവാന്‍, ഭാനുമതി ടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണു കഴിയുക!
അമ്മയുടെ ദുഃഖം
ബുദ്ധിമാന്ദ്യമുള്ള മൂന്ന് സഹോദരന്മാരെയാണ് അമ്മ പ്രസവിച്ചത്. ശരീരം വളര്‍ന്നെങ്കിലും, പ്രഭാത കര്‍മ്മള്‍ക്കു പോലും പരസഹായം ആവശ്യമുള്ള പുത്രന്‍മാരെ തന്റെ കാലശേഷം ആരു പരിചരിക്കുമെന്നോര്‍ത്ത് അമ്മ എന്നും കണ്ണീരൊഴുക്കി. ആ തേങ്ങലുകള്‍ കേട്ടു മനം നൊന്ത ഞാന്‍ ജീവന്‍ ഉള്ളിടത്തോളം കാലം സഹോദരന്മാരെ നോക്കിക്കൊള്ളാമെന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തു. അങ്ങനെ അമ്മ സമാധാനത്തോടെ കണ്ണടച്ചു. പക്ഷേ, ഗുരുതരമായ ചില ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങി. വിവാഹിതയായി, കുഞ്ഞുങ്ങള്‍ പിറന്നാല്‍, പ്രകൃത്യാ ഉള്ള കാരണങ്ങളാല്‍ സ്വന്തം ചോരയോടായിരിക്കില്ലേ കൂടുതല്‍ വാത്സല്യം? നിസ്സഹായരായ സഹോദരന്മാരെ മുമ്പുള്ള പോലെ പരിചരിക്കാന്‍ എനിക്ക് കഴിയുമോ? മരിച്ചുപോയ മാതാവിനു കൊടുത്ത വാഗ്ദാനത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്യാന്‍ എനിയ്‌ക്കു കഴിയുമായിരുന്നില്ല. വിവാഹത്തിനു മുന്നെ ഭര്‍ത്താവില്‍ നിന്നൊരു ഉറപ്പു വാങ്ങി-ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ട! പിന്നെയങ്ങോട്ട് ബുദ്ധിപരിമിതികൊണ്ടു വെല്ലുവിളികള്‍ നേരിടുന്ന നിരവധി പേരുടെ അമ്മയായി മാറുകയായിരുന്നു ഞാന്‍.
മേനോന്റെ ഭ്രാന്തന്‍ മക്കള്‍
പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിലാണ് തറവാട്. അച്ഛന്റെ പേര് ഗോപി മേനോന്‍. ബൗദ്ധിക വളര്‍ച്ചയില്ലാത്ത എന്റെ സഹോദരന്മാരെ ‘മേനോന്റെ ഭ്രാന്തന്‍ മക്കള്‍’ എന്നാണ് നാട്ടുകാര്‍ പരിഹസിച്ചു വിളിച്ചിരുന്നത്. രണ്ട് ഏട്ടന്‍മാരും ഒരു അനിയനും. ഈ ‘ഭ്രാന്തന്‍ വിളി’ അമ്മയേയും അച്ഛനേയും ഞങ്ങള്‍ സഹോദരീ സഹോദരന്മാരേയും എത്രകണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഞാനന്നു ചെറുപ്പമായിരുന്നു. എന്നാലും അമ്മയുടെ മൗനനൊമ്പരങ്ങളും നിറഞ്ഞ കണ്ണുകളും എനിക്ക് ഏറെ ക്ഷതമേല്‍പ്പിച്ചുകൊണ്ടിരുന്നു. ഈ മൂന്നു സഹോദരന്മാര്‍ക്കും പല്ലുതേപ്പു മുതലുള്ള സകല കാര്യങ്ങളും അമ്മയാണ് ചെയ്തു കൊടുത്തിരുന്നത്. ഒരു നിമിഷം പോലും അവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ അമ്മയ്‌ക്കു കഴിയുമായിരുന്നില്ല. ‘മേനോന്റെ ഭ്രാന്തന്‍ മക്കള്‍’ എന്ന ക്രൂരമായ കളിയാക്കല്‍ എനിക്കു താങ്ങാവുന്നതിന് അപ്പുറമായിരുന്നു. വയസ്സിനു ആനുപാതികമായി ബുദ്ധിവളര്‍ച്ചയില്ലെങ്കിലും, നിഷ്‌കളങ്കമായ സ്‌നേഹം മാത്രം ഉള്ളില്‍ ഒളിപ്പിക്കുന്ന എന്റെ സഹോദരന്മാര്‍ക്കും, അവരെപ്പോലെയുള്ള മറ്റു നിര്‍ഭാഗ്യവാന്മാര്‍ക്കുമായി എന്റെ ജീവിതം അര്‍പ്പണം ചെയ്യാന്‍ ഞാന്‍ നിശ്ശബ്ദമായി ആലോചിക്കാന്‍ തുടങ്ങി.
അറപ്പും വെറുപ്പും
മനോവൈകല്യം ഒരു പകര്‍ച്ച വ്യാധിയല്ല. പക്ഷേ, ബുദ്ധി ശരിക്കുമുള്ളവര്‍ക്ക് ബുദ്ധിമാന്ദ്യമുള്ളവരെ കാണുന്നത് അറപ്പും വെറുപ്പുമാണ്. എന്തെങ്കിലുമൊരു സാമൂഹിക ചടങ്ങിനു പോയാല്‍ എല്ലാവരും അവരെ അവജ്ഞയോടെ വീക്ഷിക്കുന്നു. മാനസികമായ വളര്‍ച്ചക്കുറവുള്ളതിനാല്‍, ചിലര്‍ക്ക് തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കും. കടുത്ത തോതിലുള്ള മാനസിക വിമന്ദനം ബാധിച്ചവരാണെങ്കില്‍ സ്വാധീനമില്ലാത്തതോ, വളഞ്ഞു തിരിഞ്ഞതോ ആയ കൈകാലുകളുമുണ്ടാകാം. ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ചും വായ ഒരു വശത്തേക്ക് കോടിയിട്ടുമുണ്ടാകാം.
‘മന്ദബുദ്ധി’ എന്നു വിളിക്കരുതേ…
പരസ്പരം നിന്ദിക്കാനും ആക്ഷേപിക്കാനും അസുഖമൊന്നുമില്ലാത്തവര്‍ ഈ പദം ദുര്‍വിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ‘മന്ദബുദ്ധി’ എന്നത് അപമാനിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കായി ഇന്നു മാറിയിരിക്കുന്നു. ഈ പേരു വിളിച്ചുതന്നെ കളിയാക്കുന്നുവെന്ന പരാതിയുമായി ഒരാള്‍ നിരന്തരം എന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമാന്ദ്യമുള്ളവര്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത തീരെയില്ലാത്തതും, ഇവരും സമൂഹത്തിന്റെ ഭാഗം തന്നെയാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കാത്തതുമാണ് ഇങ്ങനെയുള്ളൊരു സാഹചര്യമൊരുക്കുന്നത്. ബുദ്ധിമാന്ദ്യമുള്ളവരെ ഈ പേര് വിളിക്കുന്നതില്‍ നിയമപ്രശ്‌നമൊന്നുമില്ല. അര്‍ത്ഥത്തില്‍ വലിയ ശരികേടുമില്ല. പക്ഷേ, നമ്മുടെ സമൂഹം ഈ പദം ദുരുപയോഗം ചെയ്തതുകൊണ്ടുള്ള ദുഷ്‌പേര് നിലനില്‍ക്കുന്നു. ആയതിനാല്‍ ഈ വിശേഷണം ഒഴിവാക്കുന്നതല്ലേ നല്ലത്? അസൂയ, മത്സരബുദ്ധി, പരദൂഷണം മുതലായ താണതരം ചിന്തകളൊന്നുമില്ലാത്ത ഇവര്‍ക്ക് ‘ദിവ്യാംഗജ്’ എന്നാണ് ദേശീയ തലത്തില്‍ അംഗീകരിച്ച നാമധേയം. വളരെ പോസിറ്റീവായ പേരാണിത്. ഞാന്‍ രൂപപ്പെടുത്തിയിരിക്കുന്ന പേര് ‘പരിമിത പ്രജ്ഞന്‍’ എന്നാണ്. പരിമിതമായ ജ്ഞാനമുള്ളയാള്‍ എന്ന അര്‍ത്ഥത്തില്‍. ജാഗ്രത, ജിജ്ഞാസ, വൈകാരികത എന്നിവ ഇവരില്‍ ഓജസ്സോടുകൂടി കണ്ടുവരുന്നില്ലല്ലോ.
സ്വന്തം പണം കൊണ്ട് സേവനം
ഞാന്‍ ജനിച്ചത് ഒരു ഫ്യൂഡല്‍ ജന്മി കുടുംബത്തിലാണ്. എന്നാല്‍, സ്വന്തമായി ജോലിയെടുത്തു നേടിയ പണം കൊണ്ടാണ് ആതുര സേവനം ചെയ്യേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പഠിക്കാനും, ഡോക്ടറേറ്റു നേടാനും, അതിനു ശേഷം കേരള വര്‍മ്മ കോളേജില്‍ പ്രൊഫസ്സറായി ജോലിക്കു ചേരാനുമുള്ള (1987) എന്റെ ആവേശംതന്നെ അതായിരുന്നു. അന്നു മുതല്‍ ഇന്നുവരെ, എനിക്കു കിട്ടിക്കൊണ്ടിരുന്ന ശമ്പളവും ഇപ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ തുകയും, ഭര്‍ത്താവ് സലീഷിന്റെ മെഡിസിന്‍ ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനവും ആതുര സേവനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു. സിഎസ്‌ഐആര്‍ ഫെലോഷിപ്പോടു കൂടിയാണ് കേന്‍സര്‍ ബയോകെമിസ്ട്രിയില്‍ ഞാന്‍ ഡോക്ടറേറ്റ് എടുത്തത്. റേഡിയേഷന്‍ ബയോളജിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് ഐസിഎംആര്‍ ഫെലോഷിപ്പ് ഉണ്ടായിരുന്നു. ഇതിനായി, ജര്‍മനിയിലെ വുര്‍സ്‌ബെര്‍ഗ് യൂനിവേര്‍സിറ്റിയില്‍ നിന്നും, ജപ്പാനിലെ ഒസാക യൂനിവേര്‍സിറ്റിയില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിലെയും ഇന്ത്യയിലെയും ശാസ്ത്രജേണലുകളില്‍ ഇരുപതില്‍ കൂടുതല്‍ പേപ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, ഇതിനെല്ലാം അപ്പുറത്ത്, എന്നെ അലട്ടിയിരുന്നത് മനസ്സ് താളംതെറ്റിയവരുടെ ദുര്‍വിധിയായിരുന്നു. ഒരു ധനിക കുടുംബത്തില്‍ ജനിച്ചിട്ടുകൂടി, എന്റെ സഹോദരന്മാര്‍ ‘മേനോന്റെ ഭ്രാന്തന്‍ മക്കള്‍’ ആണെങ്കില്‍, ഒരു സാധാരണ വീട്ടിലോ ഒരു കൂലിപ്പണിക്കാരനോ ആണ് ബുദ്ധിമാന്ദ്യമുള്ള ഒരു കുഞ്ഞു ജനിക്കുന്നതെങ്കിലോ? ഭ്രാന്തനെന്നു വിളിച്ചു പരിഹസിക്കുന്ന, പീഡിപ്പിക്കുന്ന സമൂഹത്തില്‍നിന്ന് ഒരു സാന്ത്വനവാക്ക് പ്രതീക്ഷിക്കാമോ? അസുഖം വന്നപ്പോള്‍ എന്റെ ജ്യേഷ്ഠന്, ബുദ്ധിമാന്ദ്യം കാരണമായിപ്പറഞ്ഞ്, തക്കതായ വൈദ്യസഹായം നിഷേധിച്ചു. പാവം ജ്യേഷ്ഠന്‍ എന്റെ മടിയില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. ജ്യേഷ്ഠന്റെ മരണം എന്നെ ആകെ പിടിച്ചുകുലുക്കി. ഈ ഭാഗ്യഹീനര്‍ക്കുവേണ്ടി ഒരഭയകേന്ദ്രം തുടങ്ങാന്‍ ഇനി ഒരു നിമിഷംപോലും വൈകരുതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
‘അമ്മ’ ജനിക്കുന്നു…
ഒരുകൂട്ടം സഹൃദയരുടെ പ്രോത്സാഹനം പ്രാരംഭ മൂലധനമായി കണ്ടുകൊണ്ട്, അീൈരശമശേീി ളീൃ ങലിമേഹഹ്യ ഒമിറശരമുുലറ അറൗഹെേ (അങഒഅ) എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. മലയാളത്തില്‍, ഇതിനെ ‘അമ്മ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് വിദ്യാര്‍ത്ഥികളുമായി വാടക കെട്ടിടത്തില്‍ 1997-ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ‘അമ്മ’ അശരണര്‍ക്ക് അഭയം നല്‍കുന്ന വിവരമറിഞ്ഞ് കൂടുതല്‍ രക്ഷിതാക്കള്‍ കുട്ടികളുമായി എത്താന്‍ തുടങ്ങി. എന്നാല്‍, ഇടക്കിടക്ക് കെട്ടിടങ്ങള്‍ മാറേണ്ടിവന്നു. ‘ഭ്രാന്താലയം’ നടത്താന്‍ ആരും സ്ഥലം തരുമായിരുന്നില്ല. 2000-ല്‍, തൃശ്ശൂര്‍ നഗരത്തിന്റെ ഏഴു കിലോമീറ്റര്‍ പടിഞ്ഞാറുള്ള കാര്യാട്ടുകരയില്‍, സ്വന്തമായി അല്‍പം സ്ഥലം വാങ്ങി, ഇന്ന് ഈ കാണുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി. ചാരിറ്റബിള്‍ ട്രസ്റ്റ് ആയി ‘അമ്മ’യെ റജിസ്റ്റര്‍ ചെയ്തു. സുഹൃത്തുക്കളുടെയും സന്മനസ്സുള്ള മറ്റു പലരുടെയും സര്‍ക്കാരിന്റെയും ഉള്ളഴിഞ്ഞ പിന്‍തുണ ഉണ്ടായതുകൊണ്ടുമാത്രമാണ് ‘അമ്മ’ ഒരു യാഥാര്‍ത്ഥ്യമായത്. നാലു വര്‍ഷം മുന്നെ ‘അമ്മ’യുടെ ഓട്ടിസം സെന്ററും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. സംസാര പരിശീലനം കൊടുക്കുന്നതിനും, ഓരോരുത്തരുടെ ബുദ്ധിയുടെ തോത് കണ്ടുപിടിച്ച് അതിനനുസരിച്ചു വ്യക്തിഗത പരിശീലനം നല്‍കുന്നതിനും അതിനാല്‍ സൗകര്യമുണ്ട്. നല്ലവരായവരുടെ ധനസഹായങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും ഉള്ളതുകൊണ്ട് ധര്‍മ്മസ്ഥാപനമായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നു. അധ്യാപകര്‍ക്കും കെയര്‍ടേക്കര്‍മാര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും വേതനം നല്‍കാനും കഴിയുന്നു. ഹോസ്റ്റലില്‍ ഓരോ സമയത്തുമുള്ള ഭക്ഷണത്തിന് ഓരോ മാസത്തേക്ക് ഏര്‍പ്പാടു ചെയ്യുന്നതു മുതല്‍, മാസം തോറും ഒരു നിശ്ചിത സംഖ്യ അയച്ചു തരുന്നവര്‍ വരെ ഉണ്ട്. ആര് ഒരു രൂപ തന്നാല്‍ പോലും സ്വീകരിക്കും. അതിനുള്ള രസീതും കൊടുക്കും. എന്റെ ഒരേട്ടനും ഒരനിയനും ഉള്‍പ്പെടെ ‘അമ്മ’യില്‍ ഇപ്പോള്‍ 70 അംഗങ്ങളുണ്ട്. തന്റെ മക്കള്‍ക്ക് എത്ര വയസ്സായാലും ഒരമ്മയ്‌ക്ക് അവര്‍ എന്നും കുഞ്ഞുങ്ങളാണ്. എന്നാല്‍, ഇവിടെയുള്ളവരെല്ലാം ശരിക്കും ബാല്യത്തില്‍തന്നെ എന്നും കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ സാധിച്ചതാണ് ഈ ആയുസ്സിലെ എന്റെ ഏറ്റവും വലിയ ഭാഗ്യം!
9048938222
പ്രതികരിക്കാൻ ഇവിടെ എഴുതുക: