ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 444 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിക്കറ്റ് കീപ്പര്‍ അലക്സ് കാരി 66 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ടീം സ്കോറില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ മാര്‍നസ് ലബുഷെയിനെ ഓസീസിന് നഷ്ടമായി. 41 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്.
പിന്നീടിറങ്ങിയ അലക്സ് കാരി കാമറൂണ്‍ ഗ്രീനുമൊത്ത് ഓസ്ട്രേലിയയുടെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ ടീം സ്കോര്‍ 167-ല്‍ നില്‍ക്കേ കാമറൂണ്‍ ഗ്രീനിനെ രവീന്ദ്ര ജഡേജ പുറത്താക്കി . 25 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കും കാരിയും പിന്നീട് കരുതലോടെ കളിച്ച് ഓസ്ട്രേലിയയുടെ ലീഡ് 350 കടത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ടീം സ്കോര്‍ ആറ് വിക്കറ്റിന് 201 റണ്‍സെന്ന നിലയിലായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം അലക്സ് കാരി അര്‍ധസെഞ്ചുറി തികച്ചു. ഓസീസ് ലീഡ് വൈകാതെ 400-റണ്‍സ് കടന്നു.
ടീം സ്കോര്‍ 260-ല്‍ നില്‍ക്കേ 41 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു തുടര്‍ന്ന് ക്രീസിലെത്തിയ .കമ്മിന്‍സും വേഗം തന്നെ കൂടാരം കയറിയതോടെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270-റണ്‍സിനാണ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: