കൊല്ലം: അഷ്ടമുടിക്കായല്‍ നവീകരണവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നതായി ആരോപിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിനെ ഉപരോധിച്ചു.
അഷ്ടമുടിക്കായല്‍ മാലിന്യ കൂമ്പാരമായി മാറി. 2002 റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അഷ്ടമുടിക്കായല്‍ അതീവ ശ്രദ്ധയോടെ സംരക്ഷിക്കേണ്ട ഒന്നായിട്ടും കൊല്ലം കോര്‍പ്പറേഷന്റെ അഴിമതിയും കായല്‍ പരിപാലനത്തിലെ പ്രവര്‍ത്തി പരിചയ കുറവുമാണ് അഷ്ടമുടിക്കായലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് യുവമോര്‍ച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളം കുറ്റപ്പെടുത്തി.
കൊല്ലം ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ കപട പരിസ്ഥിതി വാദം ഉയര്‍ത്തി കൊല്ലം അഷ്ടമുടിക്കായലിനെ കശാപ്പു ചെയ്യുകയാണ്. കായലിലെ ജൈവവൈവിധ്യ സസ്യങ്ങളും മത്സ്യങ്ങളും ഇല്ലാതാകുന്നത് കായല്‍ കയ്യേറ്റവും മാലിന്യ കൂമ്പാരങ്ങളും കൊണ്ടാണെന്ന് അറിഞ്ഞിട്ടും അഷ്ടമുടി സംരക്ഷണം എന്ന് പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തുന്നതെന്നും പ്രണവ് താമരക്കുളം ആരോപിച്ചു. ഉപരോധ സമരത്തില്‍ നിന്ന് പിന്മാറാന് തയ്യാറാകാതിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ കൊല്ലം ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ബലപ്രയോഗത്തിലൂടെയാണ് നീക്കം ചെയ്തത്. അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ യു, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണരാജ, മണ്ഡലം പ്രസിഡന്റ് ശബരിനാഥ്, ശരത്മമ്പുഴ, മനുലാല്‍, അരുണ്‍, കൃഷ്ണ, സുജിത്, സ്മിജു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: