ചവറ: കെഎംഎംഎല്‍ കമ്പനി ഏറ്റെടുത്ത പന്മനയിലെ സ്ഥലങ്ങളിലും ടിഎസ് കനാലിന്റെ ഇരുവശങ്ങളിലെ മറവിലും ലഹരി വില്പനയും ഉപയോഗവും വര്‍ധിക്കുന്നതായി പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎംഎംഎല്‍ ഏറ്റെടുത്ത സ്ഥലങ്ങള്‍ കാടുപിടിച്ച് കിടക്കുകയാണ്. മദ്യപാനികളുടെ ശല്യമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടെ മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നവരുടെയും കൈമാറ്റം ചെയ്യുന്നവരുടെയും കേന്ദ്രമായതായി നാട്ടുകാര്‍ പറയുന്നു.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളില്‍ മദ്യവും മയക്കുമരുന്നും ശേഖരിച്ച് വെച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇവിടെയുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും രാപകല്‍ വ്യത്യാസമില്ലാതെ ഈ പ്രദേശത്ത് തമ്പടിച്ച് ലഹരി ഉപയോഗം നടത്തുന്നതായും ആരോപണമുണ്ട്.
സ്കൂളുകള്‍ തുറന്നതോടെ ലഹരി മാഫിയ കുട്ടികള്‍ക്കിടയില്‍ സജീവമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. കാടുകയറിയ സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒട്ടേറെ സിറിഞ്ചുകളും കപ്പത്തണ്ടും കഴിഞ്ഞ ദിവസം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന പ്രദേശം വൃത്തിയാക്കി സൂക്ഷിക്കുന്നതില്‍ കമ്പനി അലംഭാവം കാട്ടുന്നതായും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
എക്സൈസും പോലീസും അടിയന്തര ഇടപെടല്‍ നടത്തി കമ്പനി പരിസരം ലഹരിമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: