ടെഹ്‌റന്‍: ഇറാനിലെ 75,000 പള്ളികളില്‍ 50,000 ത്തോളം അടച്ചിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ പുരോഹിതന്‍ മുഹമ്മദ് അബോല്‍ഗാസെം ദൗലാബി. ക്രൂരമായ സ്വേച്ഛാധിപത്യത്തിന്റെ അടിത്തറയായി ഇസ്‌ലാമിനെ ന്യായീകരിക്കുന്ന ഭരണകൂടത്തിന്റെ ന്യായീകരണത്തില്‍ എല്ലാ പ്രായത്തിലുമുള്ള ഇറാനികള്‍ മടുത്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിലെ മതത്തിന്റെ അനന്തരഫലങ്ങള്‍ ആളുകള്‍ മതം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചു, സമൂഹത്തില്‍ മതവിശ്വാസം ദുര്‍ബ്ബലമാകുന്നത് മതപരമായ കല്‍പ്പനകള്‍ അനുസരിച്ചുള്ള സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ വൈദിക കാര്യങ്ങളില്‍ ഉപദേശിക്കുന്ന പ്രത്യേക പ്രതിനിധി കൂടിയായ മുഹമ്മദ് അബോല്‍ഗാസെം ദൗലാബി പറഞ്ഞു. പള്ളികള്‍ അടഞ്ഞുകിടക്കുന്നതും വിശ്വാസികള്‍ കുറയുന്നതും ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ക്ക് ചുറ്റും നിര്‍മ്മിച്ച രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ ഭരണകൂടവും ഇസ്ലാമിക പുരോഹിതരുടെ ഉന്നത സമിതിയും തമ്മിലുള്ള മദ്ധ്യവര്‍ത്തിയാണ് മൗലാന മുഹമ്മദ് അബൊല്‍ഗാസെം ദൗലാബി. ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന വിദഗ്ധരുടെ അസംബ്ലിയില്‍ അംഗവുമാണ്.
ഇറാന്‍ ജനതക്ക് മതത്തോട് പ്രിയം കുറയുന്നതായി ദ കോണ്‍വര്‍സേഷന്‍ എന്ന അക്കാദമിക് സ്ഥാപനത്തിലെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോര്‍ അനലൈസിങ് ആന്‍ഡ് മെഷറിങ് ആറ്റിറ്റിയൂട്ട്‌സ് ഇറാനിലെ ഒരു മനുഷ്യാവകാശ സംഘടനയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലും വ്യക്തമായിരുന്നു. സെന്‍സസ് കണക്കില്‍ 99.5 ശതമാനം പേരും മുസ്ലീങ്ങളായ രാജ്യത്ത് എത്രപേര്‍ യഥാര്‍ഥ വിശ്വാസികളാണ് എന്ന് അറിയാന്‍ നടത്തിയ സര്‍വേയില്‍, മുസ്ലീങ്ങള്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെറും 40 ശതമാനം ആണെന്നാണ് കണ്ടെത്തല്‍
അല്‍ഖ്വായിദ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതിന്റെ പേരിലും ആഗോള ഇസ്ലാമിക തീവ്രാവാദത്തിന് താത്വിക ഭാഷ്യം ചമക്കുന്നതിന്റെ പേരിലും, ഇറാന്‍ പലതവണ ലോക മാധ്യമങ്ങളാല്‍ വിമര്‍ശിക്കപ്പെട്ടു. ആയത്തുള്ള ഖുമോനിയുടെ നേതൃത്വത്തില്‍ നടന്ന 1979ല്‍ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാന്‍ ജനത മതത്തിന്റെ കണ്ണടയിലൂടെ മാത്രമേ നടന്നുപോയിട്ടുള്ളൂ. ഇസ്ലാമിക വിപ്ലവ ഭരണകൂടത്തിനോട് മതത്തിനോടും ഇറാനിയന്‍ ജനതയ്‌ക്ക് താല്‍പര്യം കുറയുന്നു എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
’68 ശതമാനം പേര്‍ക്ക് ഭരണഘടനയില്‍ നിന്നും മതപരമായ ഘടകങ്ങള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹം. ഒപ്പം 72 ശതമാനം പേര്‍ രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിയമത്തെ എതിര്‍ക്കുന്നു. രാജ്യത്തെ പൗരരില്‍ 32 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ഷിയ മുസ്ലിങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 5 ശതമാനം പേര്‍ തങ്ങള്‍ സുന്നി മുസ്ലിം ആണെന്ന് പറയുന്നു. 3 ശതമാനം പേര്‍ സൂഫികളാണെന്ന് പറയുന്നു. 9 ശതമാനം പേര്‍ നിരീശ്വരവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. 7 ശതമാനം പേര്‍ ആത്മീയതക്ക് കീഴില്‍ വരാന്‍ മാത്രം ആഗ്രഹിക്കുന്നു. 1.5 ശതമാനം പേര്‍ ക്രിസ്ത്യന്‍ വിശ്വാസികളാണ്.
കണക്കുകള്‍ പ്രകാരം 78 ശതമാനം പേര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. പക്ഷേ 37% പേര്‍ മാത്രമാണ് മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നത്. 30% പേര്‍ മാത്രമാണ് സ്വര്‍ഗത്തിലും നരകത്തിലും വിശ്വസിക്കുന്നത്. വിശ്വാസികളില്‍ നാലിലൊന്ന് പേരും ജിന്നുകളില്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ദൈവം ഉള്‍പ്പെടെ ഒരു ഓപ്ഷനിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് 20% പേര്‍ പറഞ്ഞു. 90 ശതമാനം പേര്‍ തങ്ങള്‍ മതവിശ്വാസമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് സ്വയം വിശേഷിപ്പിച്ചു. എന്നാല്‍ ഇതില്‍ 47 ശതമാനം പേര്‍ പിന്നീടുള്ള ജീവിത കാലഘട്ടത്തില്‍ മതവിശ്വാസം വിട്ടതായി പറയുന്നു. ആറ് ശതമാനം പേര്‍ തങ്ങളുടെ മതവിശ്വാസം മാറിയെന്ന് പറയുന്നു. പ്രായമായവരില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് തിരിയുന്നുണ്ട്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല.ഇറാനില്‍ മദ്യപാന നിരക്കും കൂടിവരികയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. നിര്‍ബന്ധിത മുസ്ലിം ദൈനംദിന പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടില്ലെന്ന് 60 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടു. 1975 ല്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് നടത്തിയ സമഗ്ര സര്‍വേയില്‍ 80% പേര്‍ തങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും നിരക്ക് കുത്തനെ ഇടിയുകയാണെന്ന് ചുരുക്കം.
മതപരമായ നിര്‍ബന്ധങ്ങള്‍ നിയമനിര്‍മ്മാണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് 68% അംഗീകരിച്ചു. എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമത്തെ 72% വും എതിര്‍ത്തു. 43% പേര്‍ മതപരിവര്‍ത്തനം നടത്താന്‍ ഒരു മതത്തിനും അവകാശമില്ലെന്ന് അഭിപ്രായപ്പെട്ടു. 41% വിശ്വസിക്കുന്നത് എല്ലാം മതത്തിനും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനും പ്രവര്‍ത്തിക്കാനും കഴിയണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: