‘ആശാന്‍ നിന്നൊഴിച്ചാല്‍ ശിഷ്യന്‍ നടന്നൊഴിക്കും’ എന്നൊരു ചൊല്ലുണ്ട്. അതാണ് സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടക്കുന്നത്. കാലടി സംസ്‌കൃത സര്‍വ്വകലാശയിലേക്ക് പല ‘പ്രഗത്ഭ’രും കടന്നുകൂടിയതിന്റെ കഥകള്‍ ഇപ്പോഴും ക്യാമ്പസിനുള്ളില്‍ മുഴങ്ങുന്നുണ്ട്. യുജിസി നിബന്ധനപ്രകാരം പിഎച്ച്ഡി യോഗ്യത വേണ്ട അധ്യാപക തസ്തികയിലേക്ക് ഗവേഷണ ബിരുദമുള്ളവരെ തള്ളിക്കളഞ്ഞാണ് അത്തരക്കാരെ നിയമിച്ചത്. സഖാവെന്ന അടിസ്ഥാനയോഗ്യതയില്‍ നിയമിച്ചവരില്‍പ്പെട്ട ആളാണ് വ്യാജരേഖ ചമച്ച് അധ്യാപികയായ കെ.ദിവ്യക്ക് ‘ഇരുലോകങ്ങളിലും ഒരുപോലെ മുന്നേറുന്നത് കാണാന്‍ കാലം കാത്തുനില്‍കുന്നു’ എന്നാശംസ അറിയിച്ചത്. ആ അധ്യാപക സഖാക്കളാണ് പട്ടികജാതി സംവരണം അട്ടിമറിച്ച് ദിവ്യക്ക് ഗവേഷകയാകാന്‍ കളമൊരുക്കി നല്‍കിയത്. എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ വീണ്ടും അപേക്ഷ ക്ഷണിക്കണം. എന്നാല്‍ സംവരണ വിഭാഗത്തിലെ അപേക്ഷകര്‍ നില്‍ക്കെയാണ് നേരത്തെ പറഞ്ഞ വിഭാഗത്തില്‍പെടുന്ന മലയാളം വിഭാഗം മേധാവി സഖാവ് ഉള്‍പ്പെടെ ഇടപെട്ട് സഖാവ് ദിവ്യയ്‌ക്ക് വേണ്ടി ക്രമക്കേടുകള്‍ നടത്തിയതെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസമന്ത്രി സഖാവും കുട്ടി സഖാക്കളും ന്യായീകരിക്കുന്നതുപോലെ ഇത് ഒറ്റപ്പെട്ട സംഭവമോ സാങ്കേതിക തകരാറോ അല്ല. ബിരുദം ഇല്ലാത്തവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കി കാലടി സര്‍വ്വകലാശാല നേരത്തെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ബിരുദത്തില്‍ തോറ്റ എസ്എഫ്‌ഐക്കാര്‍ക്ക് ബിരുദാനന്തര ബിരുദം നല്‍കാനായിരുന്നു പദ്ധതി. സംഗതി കണ്ടെത്തിയപ്പോള്‍ രണ്ടുവര്‍ഷത്തെ ബിരുദാന്തരബിരുദം അവസാനിക്കുമ്പോള്‍ ഡിഗ്രി പാസായാല്‍ മതിയെന്നായി സര്‍വ്വകലാശാലയുടെ ന്യായീകരണം. വിവാദത്തില്‍പെട്ട് ഗത്യന്തരമില്ലാതായതോടെ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അപ്പോള്‍ തോന്നും ഇതും ഒറ്റപ്പെട്ട സംഭവമാണെന്ന്.
അല്ല, ആറാം സെമസ്റ്റര്‍ ബിഎ ഭരതനാട്യം കടന്നുകൂടാന്‍ യുവജനോത്സവത്തില്‍ മത്സരിക്കാത്ത വനിതാ സഖാവിന് ഗ്രേസ്മാര്‍ക്ക് നല്‍കി സന്മനസ് കാണിച്ചു കാലടി സര്‍വ്വകലാശാല. മലയാളം സ്‌കിറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കി. സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വി.സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ 10 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിച്ചു. സ്‌കിറ്റില്‍ മത്സരിച്ച വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെ പെണ്‍സഖാവ് തിരശ്ശീലയക്ക് പിന്നില്‍ സ്‌കിറ്റിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നാക്കി. ഒടുവില്‍ പരാതി ചാന്‍സിലറായ ഗവര്‍ണറുടെ മുന്നിലാണ്. അങ്ങനെ ഒരുപാട് കുട്ടിസഖാക്കളോട് പ്രതിബദ്ധതയുള്ള അധ്യാപക സഖാക്കളാണ് കാലടിയിലുള്ളത്.
സംസ്‌കൃത സര്‍വ്വകലാശാലയില്‍ മാത്രമല്ല, എല്ലാ സര്‍വ്വകലാശാലകള്‍ക്കും കുട്ടിസഖാക്കളോട് അധ്യാപക സഖാക്കള്‍ക്ക് പ്രത്യേക സ്‌നേഹമാണ്. ഇടതു സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ സ്‌നേഹം വഴിഞ്ഞൊഴുകും. ചെങ്കോട്ടയെന്ന് സ്വയം വിശേഷിപ്പിക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി എസ്എഫ്‌ഐക്കാരുടെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ചത് പെട്ടന്ന് മറന്നുകാണില്ല. എസ്എഫ്‌ഐയുടെ സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് കുട്ടിസഖാക്കള്‍ തുടങ്ങിയ മാനസിക പീഡനം ഇടത് അധ്യാപക സഖാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോടെ ഒടുവില്‍ പെണ്‍കുട്ടിക്ക് വേണ്ടി നിലകൊണ്ട ചില അധ്യാപകരെ തല്ലാന്‍ കുട്ടി സഖാക്കള്‍ക്ക് ഒത്താശചെയ്ത അധ്യാപക സഖാക്കളെയും അന്നു കണ്ടു. വാകമരച്ചോട്ടിലെ പ്രണയത്തെ എന്നും പുകഴ്‌ത്തുന്ന എസ്എഫ്‌ഐക്കാര്‍ തന്നെ പ്രണയകുറ്റം ചുമത്തി വിദ്യാര്‍ത്ഥിയെ കുത്തിയപ്പോള്‍ അധ്യാപക സഖാക്കള്‍ കയ്യുംകെട്ടി നോക്കിനിന്നതും ചെങ്കോട്ടയിലാണ്. അഖില്‍ ചന്ദ്രനെ കുത്തിയ സഖാവ് ശിവരഞ്ജിത്തിനെ തിരക്കി വീട്ടിലെത്തിയപ്പോള്‍ പോലീസ് സംഘം കണ്ടത് കേരളത്തെ ഞെട്ടിച്ച പിഎസ്‌സി പരീക്ഷാ തട്ടിപ്പായിരുന്നു.
കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഉത്തരങ്ങളും പരീക്ഷ തട്ടിപ്പ് നടത്തിയതിന്റെ രേഖകളും പോലീസ് കണ്ടെത്തി. ശരി ഉത്തരങ്ങളടങ്ങിയ ഒറ്റഷീറ്റിലുള്ള ഉത്തര താക്കോല്‍ സംസ്‌കൃത കോളജ് കാമ്പസിലിരുന്ന കുട്ടിപ്രതികളായ സഫീറിനും കോണ്‍സ്റ്റബിള്‍ ഗോകുലിനും എത്തിച്ചു കൊടുത്ത ഉന്നതരായ അധ്യാപക സഖാക്കളെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചു പോലീസ്. അതേ തട്ടിനൊപ്പം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തര കടലാസ്സുകളുടെ കെട്ടും കണ്ടെത്തിയിരുന്നു. പരീക്ഷാ ചുമതലയുള്ള അധ്യാപക സഖാവാണ് ഉത്തരകടലാസ്സുകള്‍ നല്‍കിയതെന്ന് സര്‍വ്വകലാശലയും സര്‍ക്കാരും പോലീസുമൊക്കെ കണ്ടെത്തി. ഇതോടെ അധ്യാപക സഖാവിന് കടുത്ത ശിക്ഷനല്‍കി സര്‍വ്വകലാശാല. പരീക്ഷാ ചുമതലകളില്‍ നിന്നും അധ്യാപകനെ വിലക്കി. സഖാവിനെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ‘അങ്ങുദൂരെ’ ഒരുകിലോമീറ്റര്‍ അകലെയുള്ള വനിതാകോളജിലേക്ക് സ്ഥലം മാറ്റി. തീര്‍ന്നില്ല, ഡീബാറുചെയ്യപ്പെട്ട അതേ സഖാവിന് അറബിക് വിഭാഗത്തിന്റെ തലവനാകാന്‍ ഒന്നാംറാങ്കും കടുത്ത ശിക്ഷയായി നല്‍കി.
2019ല്‍ നടന്ന ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ വ്യാജമായി ഗ്രേസ് മാര്‍ക്ക് നല്‍കി വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചതും കേരള സര്‍വ്വകലാശാലയായിരുന്നു. അന്നും സാങ്കേതിക തകരാറായിരുന്നു പ്രതി. സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാല റദ്ദാക്കാന്‍ തയ്യാറായില്ല. തോറ്റ 17 വിദ്യാര്‍ഥികള്‍ക്ക് കോടതി വിധിയിലൂടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടിവന്നു. അതിന് പിന്നാലെ മൂന്നുവര്‍ഷം മുമ്പ് ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേഡ് ഉപയോഗിച്ച് 123 പേര്‍ക്ക് അനധികൃതമായി മാര്‍ക്ക് കൂട്ടിനല്‍കിയും സര്‍വ്വകലാശാല വലിയ നേട്ടം കൈവരിച്ചു. അന്ന് മാര്‍ക്ക് ലഭിച്ചവരില്‍ അധികവും കുട്ടിസഖാക്കളായതും യാദൃച്ഛികം മാത്രമായിരുന്നു. വിവാദമായതോടെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു തലയൂരി. കൂട്ടിനല്‍കിയ മാര്‍ക്കുകള്‍ ഇതേവരെയും വിദ്യാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്ന് പിന്‍വലിച്ചിട്ടില്ല എന്നതാണ് രസകരം.
ഡോ.കെ.ടി.ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ എംജി സര്‍വ്വകലാശാലയില്‍ തോറ്റ 125പേരെയാണ് അദാലത്തില്‍ മാര്‍ക്ക് നല്‍കി വിജയിപ്പിച്ചത്. സ്വയംഭരണസ്ഥാപനമായ എംജി സര്‍വ്വകലാശാലയുടെ എല്ലാ ചട്ടങ്ങളും മറികടന്നുള്ള നടപടിക്ക് കൂട്ടുനിന്നത് വൈസ് ചാന്‍സിലറായിരുന്നു. അന്നു മന്ത്രി സഖാവ് വിജയിപ്പിച്ചവരില്‍ അധികവും കുട്ടിസഖാക്കളായിരുന്നു എന്നതും യാധൃച്ഛികം മാത്രമാണ്. എംജിയില്‍ മാത്രമല്ല, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിചിത്രമായ മാര്‍ക്ക് നല്‍കല്‍ നടന്നത് ഏതാനും മാസം മുമ്പാണ്. 10 വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ കോഴിക്കോട്ടെ വനിതാ സഖാവിന് മുന്‍കാല പ്രാബല്യത്തില്‍ 24 മാര്‍ക്ക് നല്‍കി കാലിക്കറ്റ് സര്‍വ്വകലാശാല. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് പേപ്പര്‍നോക്കിയപ്പോള്‍ മാര്‍ക്ക് കുറച്ചെന്ന് ആരോപിച്ച് അധ്യാപികയ്‌ക്കെതിരെ അച്ചടക്കനടപടിയെടുത്തു. കൂടാതെ വനിതാ സഖാവിനെ വിമണ്‍സ് സ്റ്റഡീസില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിച്ചു.
കാട്ടക്കട ക്രിസത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായ വനിതാ സഖാവിന് പകരം എസ്എഫ്‌ഐ ഏരിയാസെക്രട്ടറിയും ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയുമായ എ.വിശാഖിന്റെ പേരാണ് കോളജില്‍ നിന്നും നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നുപോലുമില്ല. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനാക്കാനായിരുന്നു ശ്രമം. ഇത് മാത്രമല്ല, ഡിവൈഎഫ്‌ഐ അഖിലേന്ത്യാനേതാവ് എ.എ. റഹീമിന്റെ ഫെല്ലോഷിപ്പ് തട്ടിപ്പിന് കൂട്ടുനിന്നതും അധ്യാപക സഖാക്കളാണ്. മുഴുവന്‍ സമയ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ഹാജര്‍ബുക്ക് ഇന്നും കണ്ടെത്താനായിട്ടില്ല. സഖാക്കളുടെ ഭാര്യമാരുടെ പിഎച്ച്ഡി പ്രവേശനങ്ങള്‍, അവര്‍ക്ക് സര്‍വ്വകലാശാലകളില്‍ ജോലിനല്‍കല്‍, അതിനായി എഴുത്ത് പരീക്ഷയില്‍ ഒന്നാമത് എത്തുന്നവരെ അഭിമുഖത്തില്‍ തോല്‍പ്പിക്കല്‍, സ്റ്റുഡന്റ് സെന്ററുകള്‍ വഴി എസ്എഫ്‌ഐക്കാര്‍ക്ക് ഉത്തരകടലാസ്സുകള്‍ നല്‍കാന്‍ പ്രത്യേക സംവിധാനം…അങ്ങനെ നീളുന്നു അധ്യാപക സഖാക്കളുടെ അഭ്യാസങ്ങള്‍. ഈ അധ്യാപക സഖാക്കളെ കണ്ടുവളരുന്ന കുട്ടി സഖാക്കള്‍ നടന്ന് ഒഴിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
നാളെ… സര്‍വ്വകലാശാലളും സഖാക്കളും
പിന്നെ സഖാക്കളുടെ ഭാര്യമാരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: