ന്യൂയോര്‍ക്ക്: ലോക കേരള സഭയുടെ കണക്കു കൂട്ടിയിരിക്കുന്ന ചെലവ് അഞ്ച് കോടിയാണ്. അതില്‍ പകുതി ചെലവാകുന്നത് ടൈം സ്ക്വയറില്‍ മൈക്ക് കെട്ടി മുഖ്യമന്ത്രിക്ക് ലോകത്തോടും സംസാരിക്കാനുള്ള പരിപാടിക്കും. ആയിരം മലയാളികളും രണ്ടര ലക്ഷം അമേരിക്കക്കാരും പിണറായിയുടെ പ്രസംഗം കേള്‍ക്കും എന്നു പറഞ്ഞാണ് പൊതുസമ്മേളനത്തിനുള്ള സ്പോണ്‍സര്‍ഷിപ്പ് തേടിയത്. ഒരാള്‍ മാത്രം രണ്ടു കോടി നല്‍കുകയും ചെയ്തു. ടൈംസ്ക്വയറില്‍ പ്രസംഗിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് എന്ന പേരും പിണറായിക്ക് സ്വന്തമാകുമെന്നും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ പടര്‍ന്നിരിക്കുന്ന പുക പൊതു സമ്മേളനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരം പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലാണിപ്പോള്‍. വായു നിലവാരം മോശമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ പലതതും വൈകുന്നു. ലോക കേരള സഭയുടെ ഹോട്ടലിലെ സമ്മേളനങ്ങള്‍ കുഴപ്പിമില്ലാതെ നടക്കുമായിരിക്കുമെങ്കിലും ടെംസ് സ്ക്വറിലെ പൊതുപരിപാടി ‘പുക’ കൊണ്ടു പോകുന്ന ലക്ഷണമാണ്.
‘ഉര്‍വശി ശാപം ഉപകാരം’ എന്ന ചിന്തയും സംഘാടകര്‍ക്കുണ്ട്. പുകയുടെ പേരില്‍ പൊതുസമ്മേളനം റദ്ദാക്കുന്നതാണ് ഭേദം എന്നതതാണ് അവസ്ഥ.. പുക ഇല്ലായിരുന്നെങ്കില്‍ പോലും പ്രസംഗം കേള്‍ക്കാന്‍ പ്രതിനിധികളല്ലാത്തെ മറ്റൊരു മലയാളിയും എത്തില്ലായിരുന്നു. സമ്മേളനത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദം തന്നെ കാരണം. ന്യുയോര്‍ക്കില്‍ താമസിക്കുന്ന മലയാളികള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഉല്ലാസയാത്രക്ക് പോകുന്ന സ്ഥലമാണു ടൈം സ്ക്വയര്‍. ടൈം സ്ക്വയറില്‍ പല കാഴ്ച്ചകളും കാണാറുണ്ട്. കഴുത്തില്‍ പാമ്പിനെ ചുറ്റിയവരും പല തരം കാര്‍ട്ടൂണ്‍ കാരക്റ്റേഴ്സിന്റെ വേഷം കെട്ടിയവരും, നൂല്‍ബന്ധമില്ലാതെ ശരീരം പേന്റടിച്ചു മറച്ചവരും വളയത്തില്‍ ചാടുന്ന മനുഷ്യരുമെല്ലാം. ഈ കാഴ്ച്ചവസ്തുക്കള്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ പ്രത്യേക താരിഫുകളും ഉണ്ട്. ഇവരുടെ ഇടയില്‍ മുഖ്യമന്ത്രിയെ പ്രദര്‍ശ്ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്.
എലൈറ്റ് ക്ലാസ് സമ്പന്നരായ മലയാളികള്‍ക്ക് മാത്രം എത്തിപ്പെടാന്‍ സാഹചര്യമുള്ള ടൈംസ്ക്വയര്‍ വേദിയാക്കുന്നത് പൊതുജനങ്ങളെ മുഖ്യമന്ത്രിയില്‍ നിന്നും ബോധപൂര്‍വ്വം മാറ്റി നിര്‍ത്താനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ടൈം സ്ക്വയറില്‍ വന്നു പോകുന്ന ആള്‍തിരക്കിന്റെ മറവില്‍ ജനപങ്കാളിത്വവും പരിപാടിയുടെ വിജയവും അവകാശപ്പെടാനുള്ള തന്ത്രം പാളി. അതിനാല്‍ പരിപാടി ഉപേക്ഷിക്കലാണ് മുഖം രക്ഷിക്കാന്‍ നല്ലത് എന്ന ചിന്ത സംഘാടകര്‍ക്കുണ്ട്.
ജൂണ്‍ 9, 10, 11 തീയ്യതികളിലാണ് ലോക കേരള സഭാ അമേരിക്കന്‍ മേഖലാ സമ്മേളനം നടക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമാണ് പ്രധാന സെഷനുകള്‍ നടക്കുക.
നാര്‍ക്കാ റെസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് അവതരിപ്പിക്കുന്ന ‘അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. ഡോ ജോണ്‍ ബ്രിട്ടാസ് എംപി ‘നവ കേരളം എങ്ങോട്ട്അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. ‘ മലയാള ഭാഷസംസ്കാരംപുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത് ചീഫ് സെക്രട്ടറി വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്ടര്‍ ഡോ . കെ വാസുകിയാണ് ‘മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റംഭാവിയും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിക്കുന്നത്. ഈ വിഷയങ്ങളില്‍ അമേരിക്കന്‍ രാജ്യങ്ങളിലുള്ള പ്രതിനിധികള്‍ അവരുടെ നിര്‍ദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാനും മുഖ്യമന്ത്രിയുമായ പിണറായി വിജയന് മറുപടി പ്രസംഗം നടത്തും.മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും, മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, എന്നിവരുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: