ഭോപാല്‍: ദേശീയ സ്‌കൂള്‍ഗെയിംസിന്റെ മൂന്നാംദിനത്തില്‍ കേരളത്തിന് ഒരേയൊരു മെഡല്‍ മാത്രം. ഹൈജംപില്‍ മുഹമ്മദ് ജാസിം ആണ് കേരളത്തിനായി സ്വര്‍ണം നേടിയത്. മറ്റ് ഫൈനലുകളില്‍ പലതിലും നാലാം സ്ഥാനം വരെ എത്തിയെങ്കിലും ഇന്നലത്തെ ദിവസം മെഡലുകളൊന്നും നേടാന്‍ സാധിച്ചില്ല.
ആണ്‍കുട്ടികളുടെ ഹൈജംപില്‍ 1.99 മീറ്റര്‍ ഉയരം മറികടന്നാണ് കേരളത്തിന്റെ മുഹമ്മദ് ജാസിം എസ്. കെ. ഒന്നാമതെത്തി സ്വര്‍ണം ഉറപ്പിച്ചത്. ഈ ഇനത്തില്‍ മഹാരാഷ്‌ട്രയുടെ ധാജ് അഥര്‍വ് ആണ് രണ്ടാമതെത്തി വെള്ളി നേടിയത്. 1.96 മീറ്റര്‍ ഉയരമാണ് താരം മറികടന്നത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രിയാന്‍ഷു മണ്ഡല്‍ 1.93 മീറ്റര്‍ ചാടിക്കടന്ന് വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ ഹൈജംപില്‍ കേരള താരമുണ്ടായിരുന്നെങ്കിലും നാലാം സ്ഥാനത്തായിപ്പോയി. കേരളത്തില്‍ നിന്നുള്ള അനുപ്രിയ. എ ആണ് 1.55 മീറ്റര്‍ ഉയരം കടന്ന് നാലാമതായത്. ഇത്രയും തന്നെ ഉയരം ചാടിക്കടന്ന മേഘാലയ താരം റിനാലിസ് ഇന്‍ഗിടി ആണ് വെങ്കലം നേടിയത്. ഇരുവരും തുല്യനിലയിലെത്തിയതോടെ മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മേഘാലയതാരം മൂന്നാമതാകുകയായിരുന്നു. പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.63 മീറ്റര്‍ ചാടിക്കടന്ന് പഞ്ചാബിന്റെ റിംപാല്‍ കൗര്‍ സ്വര്‍ണവും 1.60 മീറ്റര്‍ കടന്ന യുപി താരം കെ.എം. സീമ കുമാരി വെള്ളിയും നേടി. ഇന്നലെ നടന്ന മറ്റ് ഫൈനലുകളിലൊന്നും കേരള താരങ്ങള്‍ എടുത്തുപറയാവുന്ന പ്രകടനങ്ങളൊന്നും കാഴ്ചവച്ചില്ല. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പഞ്ചാബിന്റെ ജഷാന്‍ദീര്‍ കൗര്‍ സ്വര്‍ണം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ രാജസ്ഥാന്‍ താരം സുമിത് കുമാറും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: