തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെഎച്ച്എന്‍എ)യുടെ ഹൂസ്റ്റണ്‍ കണ്വന്ഷണ് ‘അശ്വമേധ’ത്തിന്റെ ഭാഗമായുള്ള ലളിതാ സഹസ്രനാമ ജപാര്‍ച്ചന പൂര്‍ത്തിയാക്കിയവരെ പാരമ്പര്യത്തിന്റേയും ആചാരാനുഷ്ഠാനളുടെയും കലയുടെയും കൂടിച്ചേരലായ ഓണവില്ല് നല്കി ആദരിക്കും. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ലളിതാ സഹസ്രനാമജപ യജ്ഞത്തില്‍ ആയിരത്തിലധികം അമ്മമാരാണ് പങ്കെടുത്തത്. എല്ലാ വെള്ളിയാഴ്ചകളിലും തുടര്‍ച്ചയായി നടന്ന യജ്ഞത്തില്‍ ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കിയ 150 പേരെ ആദരിക്കും.
ഓണവില്ല് നിര്‍മ്മിച്ച് വരച്ച് നല്‍കാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്ന തിരുവനന്തപുരം കരമനയിലെ വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് മൂത്താചാരി കുടുംബക്കാര് ആചാരപ്രകാരം നിര്‍മ്മിക്കുന്ന ഓണവില്ലുകളാണ് സമ്മാനിക്കുന്നത്.. ശ്രീപത്മനാഭസ്വാമി ക്ഷേത്രം പെരിയതമ്പി ബ്രഹ്മശ്രീ മാക്കരം വിഷ്ണു വിഷ്ണു പ്രകാശനില്‍ നിന്ന് ആദ്യ ഓണവില്ല് കെ എച്ച് എന്‍ എ കണ്വന്ഷന് ചെയര്മാന് രജ്ഞിത് പിള്ള ഏറ്റുവാങ്ങി. മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, മീന്‍മണി വാസുദേവന്‍, മൂത്താചാരി കുടുംബകാരണവരായ ആര് ബിന്‍കുമാര്‍ ആചാരി അംഗങ്ങളായ സുദര്ശന് ആചാരി, ഉമേഷ് ആചാരി, സുലഭന്‍ ആചാരി, അനന്തപത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
ഓണവില്ല്
വിശ്വകര്‍മ്മ ദേവന് സൃഷ്ടിച്ച അതിവിശിഷ്ടമായ ഒരു ചിത്രരചനാ ശില്‍പ്പമാണ് ഓണവില്ലെന്ന് ഐതിഹ്യം. ഇന്ത്യന്‍ സംസ്കാരത്തിലേക്കുള്ള കേരളത്തിന്റെ മറ്റൊരു മികച്ച സംഭാവനയാണ്. ്പാതാളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് വിശ്വരൂപം കാണണമെന്ന് മഹാവിഷ്ണുവിനോട് മഹാബലി അപേക്ഷിക്കുന്നു. മഹാവിഷ്ണു വിശ്വരൂപം കാണിച്ചപ്പോള്‍ മഹാബലി മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വച്ചു. തന്നെ പരീക്ഷിക്കാനെടുത്ത വാമനാവതാരം പോലെ കാലാകാലങ്ങളില്‍ ഭഗവാന് കൈക്കൊള്ളുന്ന അവതാരലീലകളെപ്പറ്റിയും അറിയണം. മഹാബലിയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി ദേവശില്‍പ്പിയായ വിശ്വകര്‍മ്മദേവന്‍, മഹാവിഷ്ണുവിന്റെ ദശാവതാരം ആദ്യം വരച്ചുകാണിക്കുന്നു. തുടര്‍ന്ന് വിശ്വകര്‍മ്മദേവന്‍ തന്റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളില്‍ മഹാവിഷ്ണു എടുത്ത അവതാരങ്ങളുടെ ലീലാചിത്രങ്ങള്‍ പള്ളിവില്ലില്‍ വരച്ച് വിഷ്ണുസന്നിധിയില്‍ സമര്‍പ്പിക്കാമെന്നും അവിടെച്ചെന്ന് മഹാബലിക്ക് ഈ ചിത്രങ്ങളെല്ലാം കാണാമെന്നും അറിയിക്കുന്നു. ഇപ്രകാരം നടക്കുന്ന ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം.
ദേവഗണത്തില്‍പ്പെട്ട പലകയാണ് ഓണവില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. മഞ്ഞക്കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് കൂടുതലും വരയ്ക്കുന്നത്. കടഞ്ഞെടുത്ത പലകയില്‍ ആദ്യം മഞ്ഞനിറം പൂശുന്നു. പിന്നീട് ചിത്രങ്ങള്‍ വരയ്ക്കുന്ന വശത്ത് ചുവപ്പ് നിറം കൊടുക്കുന്നു. തുടര്‍ന്ന് പഞ്ചവര്‍ണ്ണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നു. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളപ്പ് നിറങ്ങളാണ് ഉപയോഗിക്കുന്നത്. ചിത്രകാരന്മാര് ബ്രാഹ്മണ മുഹൂര്‍ത്തത്തില്‍ ഈറനണിഞ്ഞ് കുടുംബ പരദേവതാ സ്ഥാനത്തു നിന്ന് അതാത് ദേവന്മാരുടെ മൂല മന്ത്രവും മന്ത്രോച്ഛാരണവും ചൊല്ലിപ്രാര്ത്ഥിക്കും. തുടര്‍ന്ന്, കുടുംബത്തിലെ കാരണവര്‍ ചാലിച്ച് തയ്യാറാക്കുന്ന നിറക്കൂട്ട് മറ്റുള്ളവര്‍ ഏറ്റുവാങ്ങും. പിന്നീട് പ്രത്യേകം തയ്യാറാക്കിയ അറയില്‍ വെച്ച് ചിത്രരചനയില്‍ ഏര്‍പ്പെടുന്നു. ഈ സമയത്ത് ഭക്ഷണക്രമങ്ങള്‍ പാലിക്കുകയും ശരീരത്തിനും മനസ്സിനും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി കഠിനമായ വ്രതശുദ്ധിയോടെ, അനുഷ്ഠാന കര്‍മ്മങ്ങള്‍ ആചരിച്ചു പോരുകയും ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: