ബാലസോര്‍ : കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണ് ഏതാനും ദിവസം മുമ്പ് ഒഡീഷയിലുണ്ടായത്.
ദുരന്തത്തില്‍ 288 മരിച്ചു. ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. ഇതിനിടയിലാണ് കുറച്ച് സന്തോഷവും ഒപ്പം കൗതുകവുമുളവാക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
നൂറു കണക്കിന് മൃതദേഹങ്ങള്‍ ബാലസോറിലെ സ്കൂളിലെ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട് റെയില്‍വേ പാളത്തില്‍ കിടക്കുകയായിരുന്ന മുപ്പത്തിയഞ്ചുകാരനായ റോബിന് നയ്യയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നീക്കാന്‍ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ആരോ കാലില്‍ പിടിക്കുന്നതായി ഒരു രക്ഷാപ്രവര്ത്തകന് തോന്നി. ഞെട്ടിത്തിരിഞ്ഞു നോക്കിയ രക്ഷാപ്രവര്‍ത്തകനോട് നയ്യ പറഞ്ഞു. ‘ഞാന്‍ ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല, ദയവായി എനിക്ക് വെള്ളം തരൂ.’
നിരങ്ങി നീങ്ങാന്‍ നയ്യ പ്രയാസപ്പെടുന്നത് കണ്ട രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തന്നെ അയാളെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ചര്‍ണേഖലി ഗ്രാമത്തില്‍ താമസിക്കുന്ന നയ്യയുടെ രണ്ട് കാലുകളും അപകടത്തില്‍ നഷ്ടപ്പെട്ടു. കോറോമാണ്ടല്‍ എക്സ്പ്രസില്‍ ഹൗറയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് ജോലി തേടി പോയതാണ് നയ്യ.
ഗുരുതരാവസ്ഥയില്‍ തുടരുന്ന നയ്യ പശ്ചിമ ബംഗാളിലെ മെദിനിപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയിലാണ്.
മൃതദേഹങ്ങളുടെ കൂമ്പാരത്തിനിടയിലാണ് നയ്യയെ കണ്ടെത്തിയതെന്ന് അയാളുടെ അമ്മാവന് പറഞ്ഞു.അപകടത്തിന് ശേഷം നയ്യയോടൊപ്പം ട്രെയിനിലുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെ കാണാതായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: