തിരുവനന്തപുരം: മുന്‍ എസ് എഫ് ഐ നേതാവ് കെ. വിദ്യ കുറ്റവാളി തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ഗസ്റ്റ് ലക്ചററായി ജോലി നേടാന്‍ വ്യാജരേഖ ചമച്ചതും അത് ഇന്‍റര്‍വ്യൂവിന് ഹാജരാക്കിയതും വിദ്യ തന്നെയെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.
ഇതോടെ താന്‍ ഇങ്ങിനെ ഒരു സര്‍ട്ടിഫിക്കറ്റേ കണ്ടിട്ടില്ലെന്ന വിദ്യയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. രണ്ട് വര്‍ഷം എറണാകുളം മഹാരാജാസ് കോളെജില്‍ അധ്യാപികയായി പഠിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് കെ. വിദ്യ നല്‍കിയത്. “വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യയാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ വിദ്യ തന്നെയാണ് ഉത്തരവാദി. വ്യാജ സീല്‍ ഉണ്ടാക്കിയത് വിദ്യയാണ്. അതില്‍ മഹാരാജാസ് കോളജിന് പങ്കില്ല”- തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
വിദ്യ എന്ന വ്യക്തിയാണ് തെറ്റ് ചെയ്തത്. അത് അക്ഷന്തവ്യമായ കുറ്റമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് തെറ്റാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യ മുതിര്‍ന്ന വ്യക്തിയാണ്. അതുകൊണ്ട് വ്യാജ രേഖ ഉണ്ടാക്കി ഹാജരാക്കിയതില്‍ അവര്‍ തന്നെയാണ് ഉത്തരവാദി. സംഭവത്തെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം മഹാരാജാസിലെ തന്നെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്ക് പങ്കില്ലെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്ക് ഒന്നും ഇല്ലാത്ത പാസ് എന്ന് കാണിച്ചിരിക്കുന്ന മാര്‍ക്ക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആർഷോയ്‌ക്ക് പിഴവ് സംഭവിച്ചിട്ടില്ല. അത് സാങ്കേതിക പ്രശ്‌നം മാത്രമാണ്.- മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: