”ചെറിയ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവരല്ലെന്നും മഹത്തായ രാഷ്ട്രമാണ് നമ്മുടേതെന്നും തിരിച്ചറിയേണ്ട സമയമാണിത്. പലരും കരുതുന്നതുപോലെയോ വിശ്വസിക്കുന്നതുപോലെയോ തകര്‍ച്ചയിലേക്കല്ല നമ്മുടെ യാത്ര. നാം എന്തുചെയ്താലും നമ്മുടെമേല്‍ വീഴുന്ന വിധിയില്‍ അല്ല ഞാന്‍ വിശ്വസിക്കുന്നത്; മറിച്ച്, നാം ഒന്നും ചെയ്തില്ലെങ്കില്‍ നമ്മുടെ മേല്‍ പതിക്കുന്ന വിധിയിലാണു വിശ്വാസം. അതുകൊണ്ടുതന്നെ ക്രിയാത്മകമായ ശക്തിയുപയോഗിച്ച് രാജ്യത്തിന്റെ പുരോഗതിക്കായുള്ള യാത്ര തുടരാം. നമ്മുടെ ഇച്ഛാശക്തിക്കും ധൈര്യത്തിനും ശക്തിക്കുമൊക്കെ പുത്തനുണര്‍വ് നല്‍കാം. നമ്മുടെ വിശ്വാസവും പ്രതീക്ഷയും പുതുക്കിയെടുത്ത് നമുക്ക് ഐതിഹാസികമായ സ്വപ്നങ്ങള്‍ കാണാം. അതിനുള്ള അവകാശം നമുക്കുണ്ട്.”
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വാക്കുകളാണിത്. ഇന്ത്യക്ക് വലിയ സ്വപ്നങ്ങള്‍ കാണാന്‍ സമയമായി എന്നതിനാലാണ് ഈ വാക്കുകള്‍ കുറിച്ചത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്ക്കുമ്പോള് ഇന്ത്യയുടെ പതിഞ്ഞ സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന ധനക്കമ്മി എന്നിവ 1980കളിലെ അമേരിക്കയിലേതിന് സമാനമായിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചില പരിവര്‍ത്തനങ്ങള്‍ സമൂഹത്തിലെ നാനാ തുറയിലുമുള്ള വ്യക്തികള്‍ക്കും ഗുണകരമായി മാറുന്നതും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതുമായിരുന്നു.
മാറ്റങ്ങള്‍ക്കു വേദിയാകുന്ന ആരോഗ്യമേഖല
ആരോഗ്യപരിരക്ഷ, ഔഷധമേഖല, ബയോഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാള്‍ എന്ന നിലയിലും സംരംഭക എന്ന നിലയിലും, ഈ ഭരണത്തിന്റെ ഏറ്റവും മികച്ച മേഖലകളിലൊന്നായി ആരോഗ്യരംഗം മാറിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ചതും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ആരോഗ്യരംഗത്തെ പ്രകടമായ മാറ്റത്തിന് കാരണം.
2020ല്‍ കോവിഡ്-19 മഹാമാരിയെ പിടിച്ചുനിര്‍ത്താനും ചെറുത്ത് തോല്‍പ്പിക്കാനും ലോകം മുഴുവനും ബുദ്ധിമുട്ടിയപ്പോഴും ഇന്ത്യക്ക് തങ്ങളുടെ നേതൃത്വത്തിന്റെ കൃത്യമായ ഇടപെടല്‍, ഫലപ്രദമായ ആസൂത്രണം എന്നിവയിലൂടെ മഹാമാരിയെ നേരിടുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. അതോടൊപ്പം എടുത്തുപറയേണ്ടതാണ് ആരോഗ്യ സേതു, കോവിന്‍ ആപ്പ് മുതലായവ. അതിന്റെ ഫലമായാണ് ഇന്ത്യക്ക് 200 ദശലക്ഷത്തിലധികം വാക്സിനുകള്‍ നല്കാന് കഴിഞ്ഞത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനത്തിലധികമാണ്. മാത്രമല്ല, മറ്റ് രാജ്യങ്ങളെ വാക്സിനേഷന്റെ കാര്യത്തില്‍ സഹായിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
എല്ലാവര്ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സംവിധാനം കെട്ടിപ്പടുക്കാനും കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് മോദി ഗവണ്മെന്റിന് കഴിഞ്ഞു. ഇ-സഞ്ജീവനി, ടെലിമെഡിസിന്‍ പദ്ധതിയിലൂടെ സ്വന്തം വീട്ടിലിരുന്ന് വലിയ നഗരങ്ങളിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാനും ചികിത്സാ സഹായം ഉറപ്പുവരുത്താനും ജനങ്ങള്‍ക്കു കഴിഞ്ഞു. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കഴിയുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് വളരെ അധികം സഹായകമാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍ ജോലിക്ക് പോകുന്നത് ഒഴിവാക്കാതെ തന്നെ ചികിത്സ ലഭിക്കുന്നുവെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. 120 ദശലക്ഷം പേരാണ് ഇ-സഞ്ജീവനി സൗകര്യം ഉപയോഗിച്ചത്.
ജന്‍ ഔഷധി പദ്ധതിയിലൂടെ മികച്ച നിലവാരത്തിലുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും ഗവണ്മെന്റിനു കഴിഞ്ഞു. വിലയേറിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് തുല്യമായ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും, ജന്‍ ഔഷധി സ്റ്റോറുകള്‍ വഴി സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ എത്തിക്കാന്‍ കഴിഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 160 ദശലക്ഷം ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യയില്‍ വിറ്റത്.
ആയുഷ്മാന്‍ ഭാരത് യോജന 1,54,000-ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ ആരോഗ്യകരവും ഉല്‍പ്പാദനക്ഷമവുമായ പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. അതുപോലെ, സമൂഹത്തിലെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുന്നു. ഇന്ത്യയിലെ ഏകദേശം 220 ദശലക്ഷം പൗരന്മാര് മെഗാ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
പ്രോത്സാഹിപ്പിക്കപ്പെടുന്ന സംരംഭകത്വം
സംരംഭക എന്ന നിലയില്‍ എനിക്കു പറയാനാകുന്ന മറ്റൊരു കാര്യം, കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ സംരംഭകമേഖലയില്‍ വലിയ മാറ്റമാണ് സംഭവിച്ചത് എന്നതാണ്.
ഇന്ന്, നിരവധി യുവാക്കള്‍ നമ്മുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നു. മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോലുള്ള ഗവണ്മെന്റ് പദ്ധതികളാണ് ഇത്തരം മാറ്റങ്ങള്‍ക്ക് കാരണം. ഗവണ്മെന്റിന്റെ ഇത്തരം ആശയങ്ങള്‍ വ്യവസായസൗഹൃദ രാജ്യമായി ഇന്ത്യ രൂപാന്തരപ്പെടാന്‍ കാരണമായി. ഗവണ്മെന്റിന്റെ കണക്കുകളനുസരിച്ച് 2014ന് മുന്‍പ് വെറും 350 സ്റ്റാര്‍ട്ട് അപ്പുകളാണുണ്ടായിരുന്നത്. 2023 ആയപ്പോഴേക്കും നൂറിലധികം യൂണികോണുകളോടെ ഇത് 90,000 കവിഞ്ഞിരിക്കുന്നു.
രാജ്യത്തെ യുവാക്കളേയും അവരുടെ ആശയങ്ങളേയും പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കുന്നത് വളരെ മികച്ച കാഴ്ചയാണ്. സമൂഹത്തില്‍ മാറ്റമുണ്ടാക്കണമെന്ന് ചിന്തിക്കുകയും എന്നാല്‍ ഭയന്ന് പിന്നോട്ട് നില്‍ക്കുന്നവര്‍ക്കും ഇത് വളരെ വലിയ പ്രചോദനമാണ് നല്‍കുന്നത്. രാജ്യത്തെ നവീകരണത്തിന്റേയും നൂതന ആശയങ്ങളുടേയും കേന്ദ്രമാക്കി മാറ്റാനും അതിലൂടെ രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമായി രാജ്യത്തെ മുന്നോട്ട് കുതിക്കുന്നതിന് സഹായിക്കാനും ഇന്ന് യുവാക്കള്‍ ഭയപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ അടിസ്ഥാനസൗകര്യ വികസനങ്ങളായ മെച്ചപ്പെട്ട റോഡുകളും, വ്യോമഗതാഗതസൗകര്യവും പോലുള്ളവയ്ക്ക് രാജ്യത്തെ വ്യവസായ സൗഹൃദ നിയമങ്ങളില്‍ വന്ന മാറ്റങ്ങള്‍ സഹായകമായി.
ഇന്ന് ലോകത്തെ നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെ മെച്ചപ്പെട്ട ഉല്‍പ്പാദനം സാധ്യമാകുന്ന രാജ്യം എന്ന നിലയില്‍ നോക്കിക്കാണുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപവും (എഉക) കയറ്റുമതിയും കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ വലിയതോതില്‍ വര്‍ധിച്ചു. എഉകയുടെ ലോകത്തിലെ ഏറ്റവും വലിയ 10 സ്വീകര്ത്താക്കളിലൊന്നായി ഇന്ത്യ ഇടംനേടി. 2022 സാമ്പത്തിക വര്‍ഷത്തില്‍ 84.8 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപം ലഭിച്ചു.
സാമൂഹ്യപരിഷ്കരണങ്ങള്ക്കായുള്ള പോരാട്ടം
മറ്റൊരു സുപ്രധാന മുന്നേറ്റവും നേട്ടവുമായി ഞാന്‍ വിശ്വസിക്കുന്നത് സ്ത്രീ ശാക്തീകരണമാണ്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ പെണ്മക്കളോടുള്ള സമീപനത്തെ മാറ്റിമറിച്ചു. ഇന്ന് പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കപ്പെടുന്നു. കായികം, ശാസ്ത്രം, വിനോദം, പ്രതിരോധം, വ്യോമയാനം തുടങ്ങി ഏത് മേഖലയിലും സ്ത്രീകള്‍ രാജ്യത്തിന്റെ അഭിമാനമായി മാറുന്നു. ഇത് ഗവണ്മെന്റിന്റെ മാത്രം വിജയമല്ല; മറിച്ച്, ഓരോ ഇന്ത്യന്‍ വനിതയുടേയും വിജയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള മുദ്ര വായ്പ പദ്ധതിയിലൂടെ 408 ദശലക്ഷം സ്ത്രീകള്‍ ഇന്ന് സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള 96 ദശലക്ഷം വനിതകള്‍ക്ക് ഉജ്വല യോജനയുടെ സഹായത്താല്‍ സബ്സിഡി നിരക്കിലൂടെ എല്‍പിജി കണക്ഷനുകള്‍ ലഭിച്ചു. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെ പാചകം ചെയ്യുന്നതിനാലുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവനാണ് ഈ പദ്ധതി രക്ഷിക്കുന്നത്.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍, പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുത്തി. ഗണ്യമായതോതില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിച്ചു. അടിസ്ഥാനസൗകര്യ വികസന മേഖലയെ ശക്തിപ്പെടുത്തി. സാങ്കേതികവിദ്യയില്‍ നിക്ഷേപം വര്‍ധിപ്പിച്ചു. സംരംഭകര്‍ക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ന്, ലോക സമ്പദ് വ്യവസ്ഥയേക്കാള്‍ ഇരട്ടി വേഗത്തില്‍ വളരുന്ന അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍, ഇന്ത്യ ഇന്ന് സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന, ആത്മവിശ്വാസമുള്ള, സ്വയംപര്യാപ്ത രാഷ്ട്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
കിരണ്‍ മജുംദാര്‍ ഷാ
എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍, ബയോകോണ്‍ ലിമിറ്റഡ്
& ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: