ശ്രീനാരായണഗുരുദേവന്റെ മഹത്തായ സംഭാവനകളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ്. പത്തൊന്‍പത് – ഇരുപത് നൂറ്റാണ്ടുകളെ ഭാസുരമാക്കിയ ഗുരുദേവന്‍ ഭ്രാന്താലയമായിരുന്ന ഈ രാജ്യത്തെ തീര്‍ത്ഥാലയമാക്കി. ജനസമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയെ ലക്ഷീകരിച്ച് ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിച്ചു. അതിനാവശ്യമായ സംഘടനകളും പ്രവര്‍ത്തനപദ്ധതികളും ആവിഷ്‌കരിച്ചു. സംസ്‌കൃതം, തമിഴ്, മലയാളം, എന്നീ ഭാഷകളിലായി 63 കൃതികള്‍ രചിച്ചു. വിശ്വമാനവികതത്ത്വദര്‍ശനം ആവിഷ്‌കരിച്ചു. അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി 1888 മുതല്‍ 1928 ല്‍ മഹാസമാധി പര്യന്തം അഹര്‍ന്നിശം പ്രയത്‌നം ചെയ്തു യുഗപുരുഷനായി. ഇപ്രകാരം മഹാഗുരുവിന്റെ അവര്‍ണ്ണനീയവും വാഗതീതവുമായ സംഭാവനകളെ പരിചിന്തനം ചെയ്യുമ്പോള്‍ ആരും അവിടെ അത്ഭുതസ്തബ്ധരായിത്തീര്‍ന്നുപോകുന്നു. എന്നാല്‍ ഈ മഹാഗുരുവിന്റെ ഏറ്റവും മഹത്തരമായ വരദാനമേതെന്ന് ധ്യാനാത്മകമായ നിഷ്ഠയോടെ മനനം ചെയ്യുമ്പോള്‍ അത് അവിടുത്തെ മഹാസങ്കല്പമായ മതമഹാപാഠശാല- ബ്രഹ്മവിദ്യാലയമാണ് എന്നു സുധികള്‍ക്ക് ബോധ്യമാകും.
പ്രസിദ്ധമായ ആലുവ സര്‍വ്വമതസമ്മേളനത്തെത്തുടര്‍ന്ന് എല്ലാവരും എല്ലാമതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും പഠിക്കാനുതകുന്ന ഒരു സര്‍വ്വമത പഠനശാല അന്നത്തെ 5 ലക്ഷംരൂപ ചിലവില്‍ ശിവഗിരിയില്‍ സ്ഥാപിക്കണമെന്ന് പ്രഖ്യാപിച്ചു. ഗുരുദേവന്‍ തന്നെ ഈ മഹാപാഠശാലയ്‌ക്ക് ശിലാസ്ഥാപനം ചെയ്തു. ലോകത്തിലെ പാഠശാലകളില്‍ ഗുരുദേവന്‍ സ്ഥാപിച്ച സര്‍വ്വമതപാഠശാല അനന്യസാധാരണമായി പ്രശോഭിക്കുന്ന ഒരു വൈജ്ഞാനിക കേന്ദ്രമാണ്.
പുരാതനഭാരതത്തില്‍ വിശ്വപ്രസിദ്ധി നേടിയ നളന്ദ, തക്ഷശില തുടങ്ങിയ മഹാപാഠശാലകളെക്കുറിച്ചും ആധുനികകാലത്ത് രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി ശാന്തിനികേതന്‍ സര്‍വ്വകലാശാലയെക്കുറിച്ചും നമുക്കറിയാം. അദ്വൈതദര്‍ശനഭാഷ്യകാരനായ ഭഗവാന്‍ ശ്രീശങ്കരന്‍ ഭാരതത്തിന്റെ നാലു ഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ മഠങ്ങളേയും ആ മഠങ്ങളില്‍ ഉപദിഷ്ടമായ വൈദികവും സാമ്പ്രദായികവുമായ പഠനപദ്ധതികളെക്കുറിച്ചും നാം ബോധവാന്മാരാണ്. ഇതിനോടു ചേര്‍ന്ന് ശ്രീനാരായണഗുരുദേവന്‍ വിഭാവനം ചെയ്ത മതമഹാപാഠശാലയെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോഴാണ് അവിടുത്തെ അനുപമേയമായ വിജ്ഞാനദാനസരണിയുടെ മഹത്വം പ്രസ്പഷ്ടമാകുന്നത്.
ഗുരുദേവന്റെ മഹിതമായ സങ്കല്പം കേവലമൊരു വേദാന്ത പാഠശാല മാത്രമായിരുന്നില്ല. ഭാരതത്തിനകത്തും പുറത്തുമുള്ള പ്രധാന വിജ്ഞാനശാഖകളെല്ലാം അവിടെ പാഠ്യവിഷയമാകണം. ഭാരതത്തിലെ ഷഡ്ദര്‍ശനങ്ങളായ – സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വ്വമീമാംസ, ഉത്തരമീമാംസ എന്നീ വൈദികദര്‍ശനങ്ങളും ബൗദ്ധം, ജൈനം, ചാര്‍വ്വാകം, പഞ്ചരാത്രം തുടങ്ങിയ അവൈദികദര്‍ശനങ്ങളും മതമഹാപാഠശാലയിലെ പാഠ്യവിഷയങ്ങളാകണം. കൂടാതെ ശൈവം, ശാക്തേയം, വൈഷ്ണവം, ഗാണപത്യം, കൗമാരം, സൗര്യം എന്നീ ഷണ്‍മത സമ്പ്രദായവും പ്രമുഖ ഭാരതീയ ഗുരുക്കന്മാരുടെയെല്ലാം ഉപദേശസംഹിതകളും അധ്യയനം ചെയ്യണം. കൂടാതെ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ക്രിസ്തുമതം, ഇസ്ലാംമതം തുടങ്ങിയ മതങ്ങളുടെ താത്ത്വികദര്‍ശനങ്ങളും ഭാരതത്തിനു വെളിയി ലാവിര്‍ഭവിച്ച കണ്‍ഫ്യൂഷ്യസ്, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, പ്ലേറ്റോ തുടങ്ങിയ മഹത്തുക്കളുടെ ദാര്‍ശനിക പദ്ധതികളും അദ്ധ്യയനം ചെയ്യണം. ചുരുക്കത്തില്‍ മഹാഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ‘ എന്ന വിശ്വസന്ദേശത്തിന്റെ വെളിച്ചത്തില്‍ ലോകത്തുണ്ടായിട്ടുള്ള മുഴുവന്‍ വൈജ്ഞാനിക സമ്പ്രദായങ്ങളിലും ശിക്ഷണം നേടി ഏകലോകവ്യവസ്ഥിതിയിലേക്ക് ആനീതരാകണം- വിശ്വപൗരന്മാരാകണം. ഇപ്രകാരം ലോകോത്തരമായ ഒരു വിശ്വസര്‍വ്വകലാശാലയായിട്ടായിരുന്നു ഗുരുദേവന്‍ മതമഹാപാഠശാലയെ വിഭാവനം ചെയ്തത്. അതിന്റെ നിര്‍മ്മിതിക്കായി നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ചുലക്ഷം രൂപയാണ് ഗുരുദേവന്‍ കണ്ടത്. നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഞ്ചുലക്ഷം രൂപ ഇന്ന് എത്ര കോടി തുക വരുമെന്ന് സുധികളായ അനുവാചകര്‍ നിരീക്ഷണം ചെയ്യുക. ഗ്രാമീണനായി ജീവിച്ച ഒരു മഹാഗുരുവിന്റെ ചിന്താമണ്ഡലത്തിന്റെ ഔന്നത്യവും വിബുധന്മാര്‍ മനസ്സിലാക്കുക. ഭാരതത്തിന്റെ ചരിത്രത്തില്‍ മറ്റൊരാചാര്യനും ഇത്രയും സാര്‍വ്വജനീനവും സര്‍വ്വാദൃതവുമായ ഒരു വിശ്വമതമഹാപാഠശാലയെ വിഭാവനം ചെയ്തിട്ടില്ല എന്ന് തീര്‍ത്തും പറയാം.
പലര്‍ക്കുമുള്ള ധാരണ ആത്മീയത സംന്യാസിമാര്‍ക്കുള്ളതും, ഭൗതികത ഗൃഹസ്ഥാശ്രമികള്‍ക്കുള്ളതുമാണെന്നാണ്. തികച്ചും തെറ്റായ കാഴ്ചപ്പാടാണിത്. ഏവരുടേയും ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം ആത്മീയതയാകണം. അതില്ലാതെ ഭൗതികമാര്‍ഗ്ഗമാണ് പാരമാര്‍ത്ഥികമെന്ന് ചിന്തിക്കുന്നവരുടെ ജീവിതം ഇരുളടഞ്ഞതായിത്തീരുമെന്ന് ദര്‍ശനമാലയില്‍നിന്നും വെളിവാകുന്നുവല്ലോ. അതുപോലെ സംന്യാസിമാര്‍ ഭൗതികകാര്യങ്ങളില്‍ ഇടപെടരുത് എന്ന ചിന്താഗതിയും ഗുരുദര്‍ശനത്തിന് ചേര്‍ന്നതല്ല. ശിവഗിരി സംന്യാസിസംഘത്തിന്റെ നിയമാവലിയായി തൃപ്പാദങ്ങള്‍ എഴുതിയ ആശ്രമമെന്ന കൃതിയില്‍ ‘ഇവിടെ എങ്ങനെയോ (കേന്ദ്രമായ ആശ്രമത്തില്‍) അതുപോലെ ദേശം തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ ആശ്രമങ്ങളും വിദ്യാലയങ്ങളും സഭകളും ഉണ്ടാകണ’മെന്ന്, ഗുരുദേവന്‍ ഉപദേശിക്കുന്നു. ‘സംന്യാസി എന്നാല്‍ ത്യാഗി- പരോപകാരാര്‍ത്ഥം പ്രയത്‌നിക്കുന്നവന്‍’ എന്ന ഗുരുദേവന്റെ പുതിയ നിര്‍വ്വചനമനുസരിച്ച് സംന്യാസിമാര്‍ ആശ്രമത്തില്‍ ആത്മ ധ്യാനത്തോടുകൂടി കഴിയേണ്ടവരാണെന്ന പരമ്പരാഗതമായ ഭാരതീയ സംന്യാസ സമ്പ്രദായത്തെ ഗുരുദേവന്‍ പൊളിച്ചെഴുതുന്നു. ഗുരുദേവന്റെ സംന്യാസ സങ്കല്പമറിയാതെ ജനസേവനമൊന്നുമില്ലാതെ ആശ്രമത്തില്‍ത്തന്നെ കഴിഞ്ഞുകൂടുന്ന സംന്യാസിമാരും വിരളമല്ല എന്നിവിടെ പറഞ്ഞുകൊള്ളട്ടെ.
പറഞ്ഞുവന്നത് ഇതാണ്, സംന്യാസിയാകട്ടെ, ഗൃഹസ്ഥനാകട്ടെ, ആരുമാകട്ടെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനതത്ത്വം ആത്മീയതയില്‍ അടിയുറച്ചുള്ള ജീവിതചര്യയാണ്. അതിനെ പോഷിപ്പിച്ചുകൊണ്ട് തന്നെയാകണം ശ്രീനാരായണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. ഗുരുദേവന്റെ മതമഹാപാഠശാലയുടെ ഉദ്ദേശലക്ഷ്യവും ഇതുതന്നെയാണ്.
‘സമയിലമര്‍ന്നു കലര്‍ന്നിരുന്നിടേണം.’ സമയില്‍- ഏകത്വബോധത്തിലേക്ക് നയിക്കുന്ന അദ്ധ്യാത്മവിദ്യയിലമര്‍ന്ന് അതായിത്തീരണമെന്നാണ് ഗുരുസങ്കല്പം. ആത്മീയതയ്‌ക്ക് കുറവു സംഭവിക്കുമ്പോള്‍ അവിദ്യ നാനാത്വം പേറി ഇരുട്ടില്‍ പിശാചെന്നപോലെ അത്യന്തം ഭയവും ദുഃഖവുമുളവാക്കുന്നുവെന്ന ദര്‍ശനമാലയിലെ ഗുരുദേവന്റെ ദിവ്യോപദേശം വേണ്ടവണ്ണം ഗ്രഹിക്കാതെ ‘പരപച്ചപരമാര്‍ത്ഥം പരമാര്‍ത്ഥമായതീ മണ്ണുമാത്രം’ എന്ന ചിന്താഗതിയില്‍ ഇസങ്ങളുടെ പിന്നാലെ കൊടിയും പിടിച്ച് മുദ്രാവാക്യവും വിളിച്ച് കേവലം ഭൗതികതയിലൂന്നി മാത്രം ജീവിച്ച ജനസമൂഹത്തിന് സംഭവിച്ചുപോയ അധഃപതനം ആലോചിച്ച് അവര്‍ ആത്മപരിശോധന ചെയ്യേണ്ടതാണെന്ന് സാദരം ഇവിടെ കുറിക്കട്ടെ.
1085 ചിങ്ങം 16 ഗുരുദേവന്റെ തിരുജയന്തിദിനമായിരുന്നു. കാരുണികനായ മഹാഗുരു സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായി അഞ്ച് സന്ദേശങ്ങള്‍ വിളംബരം ചെയ്യുകയുണ്ടായി.
അതില്‍ ഒന്ന്, ‘വാസനയുള്ള യുവാക്കന്മാരെ തെരഞ്ഞെടുത്ത് ബ്രഹ്മചാരികളായി സ്വീകരിച്ച് പഠിപ്പിക്കുകയും അവരില്‍ മനസ്സും യോഗ്യതയും ഉള്ളവര്‍ക്ക് സംന്യാസം നല്കി പരോപകാരാര്‍ത്ഥം പ്രയത്‌നിക്കുവാന്‍ വിട്ടയക്കുകയും ചെയ്യുക’ എന്നതായിരുന്നു. ഗുരുദേവന്‍ അവതാരകൃത്യ നിര്‍വ്വഹണത്തിന് പ്രാരംഭം കുറിച്ചുകൊണ്ട് ലോകസംഗ്രഹപ്രവൃത്തികളിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ ഇത്തരമൊരു സംഘത്തെ സജ്ജമാക്കിയിരുന്നു. ശിവലിംഗദാസസ്വാമികള്‍, ഭൈരവന്‍ ശാന്തിസ്വാമികള്‍, നിശ്ചലദാസസ്വാമികള്‍, ശാന്തലിംഗസ്വാമികള്‍, ചൈതന്യസ്വാമികള്‍, ചിന്നസ്വാമിയായ കുമാരനാശാന്‍, ശങ്കരന്‍ പരദേശിസ്വാമികള്‍, ശിവഗിരിയിലെത്തിയതിനുശേഷം ഷണ്‍മുഖദാസസ്വാമികള്‍, ഗുരുപ്രസാദ്‌സ്വാമികള്‍, ശിവപ്രസാദ്‌സ്വാമികള്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമായിരുന്നു. ശാരദാപ്രതിഷ്ഠയോടുകൂടി ബോധാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ വലിയൊരു ശിഷ്യസംഘം ഗുരുദേവശിഷ്യത്വം വരിച്ചു തൃപ്പാദങ്ങളുടെ ബ്രഹ്മവിദ്യാസമ്പ്രദായത്തിന്റെ ശക്തിയെ പ്രസരിപ്പിച്ചു.
ശ്രീനാരായണഗുരുദേവന്‍ സ്വേച്ഛയാ സങ്കല്പം ചെയ്ത് സ്ഥാപിച്ച മൂന്നുകേന്ദ്രങ്ങള്‍ അരുവിപ്പുറം, ശിവഗിരി, ആലുവ അദൈ്വതാശ്രമം എന്നിവയാണ്. ശിവഗിരി ശാരദാപ്രതിഷ്ഠ കഴിഞ്ഞതിന്റെ അടുത്ത നാളുകളില്‍ ഗുരുദേവന്‍ ആലുവായിലേക്ക് എഴുന്നെള്ളി അദ്വൈതാശ്രമം സ്ഥാപിച്ചു. 1916 ല്‍ ഗുരുവിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുമ്പോള്‍ തൃപ്പാദങ്ങള്‍ അദ്വൈതാശ്രമത്തിലായിരുന്നു. ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളുടെ ഭാഗമായി കുമാരനാശാന്‍ എഴുതി പ്രസിദ്ധം ചെയ്ത ഗുരുദേവന്റെ ലഘുജീവിതചരിത്രത്തില്‍ ഗുരുദേവനു അക്കാലമുണ്ടായിരുന്ന മഹാസങ്കല്പമെന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത് നോക്കുക.
‘വാക്കു കൊണ്ടും പ്രവര്‍ത്തികൊണ്ടും അനുമാനിക്കാവുന്നതായി സ്വാമിയുടെ അഗാധമായ ഹൃദയത്തില്‍ ഇപ്പോള്‍ കിടക്കുന്ന മറ്റൊരു പാവനമായ അഭിപ്രായം തന്റെ ശിഷ്യന്മാരായ സംന്യാസിമാരും ബ്രഹ്മചാരികളും അടങ്ങിയ ഒരു പ്രത്യേകസംഘം സ്ഥാപിച്ചു, അതുമൂലം ജാതിമതഭേദം കൂടാതെ പൊതുവില്‍ നാട്ടിനും ജനങ്ങള്‍ക്കും ഒന്നുപോലെ, ആധ്യാത്മികമായ ശ്രേയസ്സും സദാചാരസംബന്ധമായും വിദ്യാഭ്യാസസംബന്ധമായുമുള്ള അഭിവൃദ്ധിയും ഉണ്ടാകുന്നതിന് യത്‌നിപ്പാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്നുള്ളതാകുന്നു.’
അങ്ങനെയാണ് അല്പം വൈകിയാണെങ്കിലും മതമഹാപാഠശാല സ്ഥാപിതമാകുന്നത്. 1970 ഡിസംബര്‍ 31 ന് ശിവഗിരിമഠാധിപതിയായിരുന്ന ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമികള്‍ മതമഹാപാഠശാല ഉദ്ഘാടനം ചെയ്തു. മതമഹാപാഠശാലയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ രണ്ടുകാര്യങ്ങളാണ്. 1. ശ്രീനാരായണഗുരുദേവന്റെ തത്ത്വദര്‍ശനത്തെ സ്വാംശീകരിച്ച് അര്‍പ്പണമനോഭാവത്തോടെ ജീവിക്കുവാന്‍ തയ്യാറുള്ള ഒരു സംന്യാസപരമ്പരയെ വാര്‍ത്തെടുക്കുക. 2. ജാതിവര്‍ണ്ണവ്യത്യാസമില്ലാതെയുള്ള വിശ്വപൗരന്മാരെ വാര്‍ത്തെടുക്കുക. സമര്‍പ്പിതചേതസ്സുകളായ സംന്യാസിമാര്‍ ഗുരുദേവന്റെ ശിഷ്യസംഘമായ ശ്രീനാരായണധര്‍മ്മസംഘത്തില്‍ അംഗമായിചേര്‍ന്ന് ലോകസേവ ചെയ്യുക. സംന്യാസം സ്വീകരിക്കാതെ ഗൃഹസ്ഥജീവിതം നയിക്കാനാഗ്രഹിക്കുന്നവരെ വിശ്വപൗരന്മാരായിക്കണ്ട് ഗുരുവിന്റെ വിശ്വദര്‍ശനം അവരിലൂടെ പ്രചരിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്യുക എന്നതായിരുന്നു.
മതമഹാപാഠശാലയുടെ മുഖ്യാചാര്യനായി ആദ്യം നിശ്ചയിച്ചിരുന്നത് മഹാപണ്ഡിതന്‍, ഗുരുദേവഭാഷ്യകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധിനേടിയ പ്രൊഫ. കെ. ബാലരാമപ്പണിക്കരെയായിരുന്നു. അദ്ദേഹമായിരുന്നുവല്ലോ പാഠ്യപദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹവുമായി യോജിക്കുവാന്‍ ധര്‍മ്മസംഘം ഭരണസമിതിക്കായില്ല. അദ്ദേഹത്തിന്റെ ഉപാധികള്‍ ധര്‍മ്മസംഘത്തിന് സ്വീകാര്യമായില്ല എന്നു പറയുന്നതാകും ശരി. എന്നാല്‍ ആയിടെ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ മഹാപണ്ഡിതനും വൈയ്യാകരണനുമായ പ്രൊഫ. എം. എച്ച് ശാസ്ത്രികള്‍ക്ക് ആ നിയോഗം കൈവന്നു. ശാസ്ത്രികള്‍ക്ക് ഗുരുദേവനോട് അസാധാരണമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ശിവഗിരിയിലും ചെമ്പഴന്തിയിലും മറ്റും ഗുരുദേവജയന്തി- മഹാസമാധി- ശിവഗിരി തീര്‍ത്ഥാടന മഹാമഹ സംരംഭങ്ങളില്‍ പലവേള ശാസ്ത്രിസാര്‍ പങ്കെടുത്തിരുന്നു. നിയതിയുടെ നിശ്ചയമെന്നു തന്നെ പറയാം, ശ്രീനാരായണഗുരുദേവന്റെ മഹാസങ്കല്പമായി സ്ഥാപിതമായ മതമഹാപാഠശാലയുടെ പ്രഥമമുഖ്യാചാര്യനായി പ്രൊഫ. എം. ഹരിഹരപുത്രശാസ്ത്രികള്‍ നിയമിതനായി. പിന്നീട് മഹാപണ്ഡിതനും ഗുരുദേവകൃതികളുടെ ഭാഷ്യകാരനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍, പ്രൊഫ. വാസുദേവന്‍ പോറ്റി, കൈവല്യാനന്ദസ്വാമികള്‍ എന്നിവര്‍ മുഖ്യാചാര്യന്മാരായി.
1971 ജനുവരി 28-ാം തീയതി ബ്രഹ്മവിദ്യാലയത്തിലെ അധ്യയനം ആരംഭിച്ചു. മഠാധിപതി ദിവ്യശ്രീ ശങ്കരാനന്ദസ്വാമികള്‍ ആത്മോപദേശശതകത്തിലെ ആദ്യപദ്യം ശാസ്ത്രിസാറിന് ഉപദേശിച്ചുകൊടുത്തു. തുടര്‍ന്ന് ആചാര്യന്‍ ആദ്യപഠിതാക്കള്‍ക്കു ഓരോരുത്തര്‍ക്കുമായി പ്രസ്തുത പ്രഥമശ്ലോകം ഉപദേശിച്ചുകൊടുക്കുകയായി. ഇപ്രകാരമായിരുന്നു ബ്രഹ്മവിദ്യാലയത്തിലെ അധ്യയനത്തിന്റെ ആരംഭം.
ബ്രഹ്മവിദ്യാലയത്തിന്റെ ഭാഗമായി ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഗുരുദേവകൃതികളും ചരിത്രവും വേദാന്തവും സര്‍വ്വമതപഠനവും നടത്തുന്നു. ആദ്യ ഹ്രസ്വകാലകോഴ്‌സ് ജൂലൈ 1 മുതല്‍ 15 വരെ ശിവഗിരിയില്‍ നടക്കും. ജാതിമതഭേദമെന്യേ 50 പേര്‍ക്കാണ് ആദ്യകോഴ്‌സില്‍ പ്രവേശനം നല്‍കുന്നത്. അതുപോലെ താല്‍പര്യമുള്ള ആര്‍ക്കും പഠിതാക്കളാകാം. കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്നവര്‍ ജനറല്‍ സെക്രട്ടറി, ശിവഗിരിമഠം, വര്‍ക്കല എന്ന വിലാസത്തില്‍ (ഋാമശഹ: ശെ്മഴശൃശാൗേേ @ഴാമശഹ.രീാ) ശിവഗിരിമഠത്തിലേക്ക് അപേക്ഷകള്‍ അയക്കുക. ആത്മീയാഭിരുചിയുള്ളവരായ ഗുരുദര്‍ശന പഠിതാക്കള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ശിവഗിരിമഠത്തിന്റെയും ശ്രീനാരായണപ്രസ്ഥാനത്തിന്റെയും ശോഭനമായ ഭാവി നിലകൊള്ളുന്നത് ബ്രഹ്മവിദ്യാലയം വഴിയാണ്. വിദ്യാര്‍ത്ഥികളെ കണ്ടെത്തി ബ്രഹ്മവിദ്യാലയത്തിലേക്കെത്തിക്കുന്നതിനു ഓരോ ഗുരുദേവഭക്തരും മനസ്സിരുത്തി ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ശിവഗിരിമഠം ബ്രഹ്മവിദ്യാലയ കമ്മിറ്റിയാണ്. ഗുരുദേവന്റെ മഹാസങ്കല്പമായ ഈ മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയം 50 വര്‍ഷം പിന്നിട്ടിരിക്കുന്നു. മതമഹാപാഠശാലയില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് ആചാര്യന്‍ എന്ന പദവിയാണ് ലഭ്യമാകുന്നത്. പഠിതാക്കള്‍ക്ക് രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് സ്വീകരിക്കാം. ഒന്നാമതായി ജാതിമതദേശചിന്തകള്‍ക്കതീതരായി ജീവിക്കുന്ന വിശ്വപൗരന്മാരായ ഗൃഹസ്ഥന്മാരാകാം. വിദ്യാലയത്തിലെ സംസ്‌കൃത ഭാഷാപഠനത്തോടൊപ്പം അംഗീകൃത സംസ്‌കൃത സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് പരീക്ഷാവിജയികളായി സംസ്‌കൃത അദ്ധ്യാപകരാകാം. ഇപ്പോള്‍ അങ്ങനെയുള്ള നിരവധി പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഗുരുധര്‍മ്മപ്രചാരകരായി സേവനം ചെയ്യാം.
രണ്ടാമതായി സന്ന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്‍ സ്ഥാപിച്ച സന്ന്യാസിസംഘത്തില്‍ അംഗമായി ചേര്‍ന്ന് ലോകസേവ ചെയ്യുക. ഇന്നു ശിവഗിരിയിലുള്ള ഭൂരിപക്ഷം സന്ന്യാസിമാരും മതമഹാപാഠശാലയില്‍ പഠിച്ചവരാണ്. രണ്ടില്‍ ഏതുമാര്‍ഗ്ഗം സ്വീകരിച്ചാലും പുരോഗതിയെ പ്രാപിക്കാം. ഗുരുദേവഭക്തന്മാര്‍ ഈ പാഠശാലയെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചു സഹകാരികളാകാന്‍ സാദരം അഭ്യര്‍ത്ഥിക്കുന്നു. വലിയ പഠിതാക്കളെ കാത്തിരിക്കുന്ന വിശൈ്വക വിദ്യാകേന്ദ്രമാണ് ശ്രീനാരായണഗുരുദേവന്റെ മഹാസങ്കല്‍പ്പപ്രകാരം സ്ഥാപിതമായ അനുപമേയമായ ഈ വിജ്ഞാനകേന്ദ്രം.
സച്ചിദാനന്ദസ്വാമി
(പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്)
Web: www. sivagiri.com
Email: sivagirimutt @gmail.com
Ph: P. R.O – 9447551499
പ്രതികരിക്കാൻ ഇവിടെ എഴുതുക: