കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം സിപിഎം നിയന്ത്രിക്കുന്ന അധോലോകംപോലെ ആയിരിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആര്‍ഷോ എംഎ ആര്‍ക്കിയോളജിയുടെ മൂന്നാം സെമസ്റ്ററില്‍ പരീക്ഷയെഴുതാതെ പാസ്സായതാണ് ഒരു സംഭവം. മഹാരാജാസ് കോളജിലെ തന്നെ എസ്എഫ്ഐ നേതാവായിരുന്ന കെ. വിദ്യ അവിടെ അധ്യാപികയായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുണ്ടെന്ന വ്യാജരേഖ തയ്യാറാക്കി അട്ടപ്പാടിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോള്‍ പിടിയിലായതാണ് രണ്ടാമത്തെ സംഭവം. മഹാരാജാസ് കോളജിന്റെ വ്യാജ സീലും ഒപ്പുമുള്ള രേഖ ചമച്ച് കാസര്‍കോഡും പാലക്കാടുമുള്ള രണ്ട് സര്‍ക്കാര്‍ കോളജുകളില്‍ വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനു ചെന്നപ്പോള്‍ വിദ്യ ഹാജരാക്കിയ രേഖകളില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോള്‍ വിദ്യ അവിടെ ജോലി ചെയ്തിട്ടില്ലെന്നും, വിദ്യ പറയുന്ന കാലയളവില്‍ അവിടുത്തെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായി ആരെയും നിയമിച്ചിട്ടില്ലെന്നും വ്യക്തമാവുകയായിരുന്നു. മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന വിദ്യ യുയുസി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ ചേര്‍ന്ന വിദ്യ അവിടെയും എസ്എഫ്ഐ നേതാവായിരുന്നു. ഇങ്ങനെയൊരാളാണ് ഗുരുതര തട്ടിപ്പു നടത്തി പിടിയിലായിട്ടുള്ളത്.
വിദ്യ ചെയ്തതുപോലുള്ള ഗുരുതരമായ തട്ടിപ്പാണ് എസ്എഫ്ഐ നേതാവായ ആര്‍ഷോയും ചെയ്തിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായി ജാമ്യം ലഭിച്ച് ജില്ലയില്‍ പ്രവേശിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്തു നടന്ന പരീക്ഷയില്‍ പങ്കെടുക്കാത്ത ആര്‍ഷോവിന് പരീക്ഷ ജയിച്ചെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. മതിയായ ഹാജരില്ലാതെ നേതാക്കളെ പരീക്ഷയെഴുതാന്‍ അനുവദിക്കുക, മാര്‍ക്ക് കുറഞ്ഞവര്‍ക്ക് കൂടുതല്‍ നല്‍കുക ഇതൊക്കെ എസ്എഫ്ഐ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്തെ കോളജുകളില്‍നിന്ന് നിരന്തരം കേള്‍ക്കുന്നതാണ്. എന്നാല്‍ പരീക്ഷ എഴുതാത്ത ഒരാള്‍ വിജയിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതി പുറത്തായിരിക്കുന്നത് ഇതാദ്യം. സംഭവം വെളിപ്പെട്ടതോടെ താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നും, അപേക്ഷിക്കുകപോലും ചെയ്യാത്ത പരീക്ഷയില്‍ ജയിച്ചതായി രേഖപ്പെടുത്തുന്ന മാര്‍ക്ക് ലിസ്റ്റ് ആരുടെയോ ഗൂഢാലോചനയാണെന്നും ആര്‍ഷോ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ അവകാശവാദം പച്ചക്കള്ളമാണെന്ന് മനസ്സിലാക്കാനാവും.
ആര്‍ഷോ ജയിച്ചതായി പറയുന്ന റിസല്‍ട്ട് കോളജിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് മാര്‍ച്ച് മാസത്തിലാണ്. ഇത് ആര്‍ഷോയും കണ്ടിരിക്കുമല്ലോ. എന്നിട്ടും ഇത്രകാലവും ഈ ഗൂഢാലോചനയ്ക്കെതിരെ ഒന്നും മിണ്ടാതിരുന്നയാളാണ് ഇപ്പോള്‍ വ്യാജമായ ധാര്‍മിക രോഷം പ്രകടിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കാനും, നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനും ശ്രമിക്കുന്നത്. അധികൃതര്‍ അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. തട്ടിപ്പ് പുറത്തായപ്പോള്‍ വിദഗ്ധമായി ഉരുണ്ടുകളിക്കുകയാണെന്ന് വ്യക്തം.
എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതി അറിയാവുന്ന ആരും വിദ്യയുടെയും ആര്‍ഷോയുടെയും തട്ടിപ്പുകള്‍ ഒറ്റപ്പെട്ടതായി കാണില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാവ് പിഎസ്സി പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയെടുത്ത് പോലീസ് നിയമനത്തിന്റെ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയതും, കാട്ടാക്കട കോളജില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന എസ്എഫ്ഐ നേതാവ് ജയിച്ചതായി പ്രഖ്യാപിച്ച് സര്‍വകലാശാലയെ അറിയിച്ചതും മറ്റും ആരും മറന്നിട്ടുണ്ടാവില്ല. സിപിഎം നേതാക്കളും എംഎല്‍എമാരും മന്ത്രിമാരുമായ പലരുടെയും ബന്ധുക്കള്‍ പലതരം നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ സര്‍വകലാശാലകളിലും കോളജുകളിലും മറ്റും നിയമനം നേടിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പക്ഷേ എന്തൊക്കെത്തന്നെ സംഭവിച്ചാലും ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും. സിപിഎം നയിക്കുന്ന കോളജ് അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. എഴുതാത്ത പരീക്ഷ ജയിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവ് പറയുന്നതാണ് ശരിയെന്ന് മഹാരാജാസ് കോളജ് അധികൃതര്‍ പറയുന്നതും ഇതിന്റെ ഭാഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞതിന് തുല്യംചാര്‍ത്തുന്നതാണ് ഇവിടെ കാണുന്നത്. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കി ജോലി നേടിയ വിദ്യാര്‍ത്ഥിനി അധികം വൈകാതെ കുറ്റവിമുക്തയാവുന്നത് മലയാളികള്‍ക്ക് കാണാം. ഉന്നതവിദ്യാഭ്യാസ രംഗത്തെ എസ്എഫ്ഐ തട്ടിപ്പുകളെക്കുറിച്ച് ഇടതുമുന്നണി ഭരണത്തിലെ പോലീസ് അന്വേഷണത്തില്‍ ഒന്നും പുറത്തുവരാന്‍ പോകുന്നില്ല. പിണറായി വിജയനെ ഭയക്കാത്തവര്‍ ഇതിനെതിരെ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: