കൊച്ചി : ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ എസ് എഫ് ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി ഗൈഡായ ഡോ. ബിച്ചു മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്നും പിന്മാറി. വിദ്യ സ്വയം നിരപരാധിത്വം തെളിയിച്ചാല്‍ മാത്രമേ താന്‍ ഇനി വിദ്യയുടെ ഗൈഡായി തുടരൂ എന്ന നിലപാടെടുത്തിരിക്കുകയാണ് ഡോ. ബിച്ചു മലയില്‍.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിച്ചു എക്സ് മലയില്‍ വ്യക്തമാക്കി. നിരപരാധിത്വം തെളിയ്ക്കുന്നത് വരെ വിദ്യയ്ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്കാന് സാധിക്കില്ലെന്നും ബിച്ചു പറഞ്ഞു.
വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെടുത്തതിന്റെ പശ്ചാത്തലത്തില്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കാലടി സര്‍വകലാശാല പുന:പരിശോധിക്കും. 2019 ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേര്‍ന്നത്. നിയമനവുമായി ബന്ധപ്പെട്ട് നല്കിയ രേഖകള്‍ സംബന്ധിച്ചും സര്‍വകലാശാല പരിശോധിക്കും.
അതേസമയം വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല മൂല്യ നിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഡിഗ്രി ഒന്ന്, മൂന്ന് നാല് സെമിസ്റ്റര്‍ പരീക്ഷകളുടെ മൂല്യ നിര്ണയത്തിനായാണ് വിദ്യ പങ്കെടുത്തത്. മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെങ്കില്‍ മാത്രമേ മൂല്യ നിര്‍ണയത്തിന് പങ്കെടുക്കാന്‍ സാധിക്കൂ. എന്നാല്‍ മൂല്യ നിര്‍ണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിക്കാതെയാകുമ്പോള്‍ ഇളവുകള്‍ നല്‍കാറുണ്ട്. ഇത്തരത്തിലാകും വിദ്യ മൂല്യ നിര്‍ണയ ക്യാമ്പില്‍ എത്തിയത്.
ജോലിക്കായി വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വിദ്യയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കേസില്‍ പറയുന്നത്.
മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായി ജോലി ചെയ്തെന്ന വ്യാജ രേഖയാണ് വിദ്യ അട്ടപ്പാടി ഗവണ്മെന്റ് കോളേജില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പായിരുന്നു അത്. സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലില്‍ നിന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് മൊഴിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: