ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒസീസിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങനിറങ്ങിയ ഓസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്‌ക്കുശേഷം ട്രാവിസ് ഹെഡ്ഡിന്റെ അപരാജിത സെഞ്ചുറിയും (100), സ്റ്റീവന്‍ സ്മിത്തിന്റെ (53 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുമാണ് ഓസീസിനെ മികച്ച നിലയില്‍ എത്തിച്ചത്. 106 പന്തുകളില്‍ നിന്നാണ് ട്രാവിസ് ഹെഡ് ശതകം തികച്ചത്. 14 ബൗണ്ടറിയും ഒരു സിക്‌സുമടങ്ങിയതാണ് ഇന്നിങ്‌സ്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇതുവരെ ഇരുവരും ചേര്‍ന്ന് 162 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഉസ്മാന്‍ ഖവാജയുടെയും ഡേവിഡ് വാര്‍ണറുടെയും മാര്‍നസ് ലബുഷെയ്‌നിന്റെയും വിക്കറ്റുകളാണ്ണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും ഷാര്‍ദ്ദുല്‍ താക്കൂറിനുമാണ് വിക്കറ്റുകള്‍.
ഇന്ത്യന്‍ നിരയില്‍ നാല് പേസ് ബൗളര്‍മാര്‍ ഇടംപിടിച്ചു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ഷര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യന്‍ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.
പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ക്യാപ്
റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിങ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഉസ്മാന്‍ ഖവാജയെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ ഉണ്ടായിരുന്നുള്ളു.
പിന്നീട് വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇതിനിടെ ബൗളിങ് മാറ്റമായി എത്തിയ ഷര്‍ദുല്‍ താക്കൂര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഉമേഷ് യാദവ് നിരാശപ്പെടുത്തി. ഉമേഷിന്റെ ഒരോവറില്‍ വാര്‍ണര്‍ നാല് ബൗണ്ടറിയടിച്ചു ആക്രമണം നയിച്ചു. മറുവശത്ത് ഷര്‍ദുലിന്റെ രണ്ട് ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച ലാബുഷെയ്ന്‍ പിടിച്ചു നിന്നു. ഇന്ത്യയാകട്ടെ രണ്ട് റിവ്യു അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.
ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ (43) വീഴ്‌ത്തി ഷര്‍ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന് പിന്നില്‍ കെ.എസ്. ഭരത് മനോഹരമായി കൈയിലൊതുക്കി. പിന്നീട് സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു. എന്നാല്‍ ലഞ്ചിനുശേഷം വീണ്ടും ക്രീസിലെത്തിയ ഓസ്‌ട്രേലിയക്ക് അടുത്ത തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ 76 റണ്‍സായപ്പോള്‍ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 26 റണ്‍സെടുത്ത ലബുഷെയ്‌നെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഓസീസ് പ്രതിരോധത്തിലായെങ്കിലും സ്മിത്തും ട്രവിസ് ഹെഡും ചേര്‍ന്ന് അവരെ കളിയില്‍ തിരിച്ചെത്തിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ അനായാസം 200 കടത്തി.
മത്സരം തുടങ്ങുന്നതിന് മുമ്പായി ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യ, ഓസ്ട്രേലിയ താരങ്ങളും അമ്പയര്‍മാരും ആദരമര്‍പ്പിച്ചു.
മത്സരത്തിനു മുമ്പ് താരങ്ങളും അമ്പയര്‍മാരും ഒരു മിനിറ്റ് മൗനമാചരിച്ചു. ആദരസൂചകമായി ഇരു ടീമിലെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: